കാപ്പ് ഗവ. ഹൈസ്കൂളിന് കെട്ടിടം പണിയും
വെട്ടത്തൂര്‍: സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന കാപ്പ് ഗവ. ഹൈസ്കൂളില്‍ 88 ലക്ഷം രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കും. ആര്.എം.എസ്.എ പദ്ധതിയില്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹൈസ്കൂളാക്കി ഉയര്‍ത്തിയ കാപ്പ് ഗവ. സ്കൂളിനായി നിര്‍മിച്ച പ്രഥമ കെട്ടിടം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു.
എന്നാല്‍ അഞ്ചു ക്ലാസ് മുറികള്‍ മാത്രമുള്ള പുതിയ കെട്ടിടത്തില്‍ വിദ്യാര്‍ഥികളെ പൂര്‍ണമായും ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്തത് പ്രയാസത്തിലാക്കിയിരുന്നു. ഇതിനിടെയാണ് പുതിയ കെട്ടിടം പണിയാന്‍ ആര്.എം.എസ്.എയും ജില്ലാ പഞ്ചായത്തും സംയുക്തമായി ഫണ്ട് അനുവദിച്ചത്.
സ്കൂളിലെ അസൗകര്യങ്ങള്‍ പരിഗണിച്ച് ആകെ 1.3 കോടി രൂപയാണ് കാപ്പ് ഹൈസ്കൂളിലെ വികസനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് വി.സുധാകരന് എന്നിവര്‍ അറിയിച്ചു. പുതിയ കെട്ടിടത്തിന് പുറമെ 25 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന് മുകള്‍നില പണിയും. ശുചിമുറി നിര്‍മാണത്തിനായി പത്തുലക്ഷം രൂപയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണത്തിനായി അഞ്ചു ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."