കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിക്കാതെ ഹൈക്കമാന്‍ഡ്
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനക്കായി പട്ടിക തയാറാക്കി ഹൈക്കമാന്‍ഡിന് നല്‍കിയെങ്കിലും പ്രഖ്യാപനം നീളുകയാണ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയും രാഹുല്‍ ഗാന്ധിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയാത്തതുമാണ് കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിക്കുന്ന കാര്യം അനിശ്ചിതമായി നീളാന്‍ കാരണമെന്നു പറയപ്പെടുന്നു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള ഭാരവാഹി പട്ടിക കെ.സി വേണുഗോപാലും രാഹുല്‍ ഗാന്ധിയുമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.
മാത്രമല്ല എ.കെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ച പരാതികള്‍ പരിഹരിക്കാതെ ബാക്കിയുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ പട്ടികയില്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.
പട്ടിക സംബന്ധിച്ച പരാതികള്‍ ഏറെയുണ്ട്. പഴയകാല യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഇപ്പോഴും യൂത്ത് കോണ്‍ഗ്രസ് എന്ന പരിഗണന നല്‍കി കെ.പി.സി.സി ഭാരവാഹികളാക്കുന്നതിനെതിരേയാണ് ഒരു പരാതി.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റാണെങ്കിലും ടി. സിദ്ദീഖിനെ ഇപ്പോഴും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി എന്ന നിലയിലാണ് കെ.പി.സി.സിയില്‍ അംഗമാക്കിയിരിക്കുന്നത്. ഇതുപോലെ നിരവധി മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴും യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ കെ.പി.സി.സിയില്‍ പിടിച്ചുകയറുമ്പോള്‍ നിലവില്‍ ഭാരവാഹികളായിരിക്കുന്നവര്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന് ഇവര്‍തന്നെ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ പട്ടികയില്‍നിന്ന് പന്ത്രണ്ടോളം പേര്‍ പുറത്തുപോകാനുള്ള സാധ്യതയുണ്ട്.
മാത്രമല്ല കെ.പി.സി.സി അംഗമായാല്‍ മാത്രമേ ഭാരവാഹിസ്ഥാനത്തേക്ക് എത്താന്‍ കഴിയൂ എന്നൊരു നിബന്ധനയുണ്ട്. അങ്ങനെ ഭാരവാഹികളല്ലാത്ത നിരവധിപേര്‍ ഇപ്പോഴത്തെ പട്ടികയിലുണ്ട്. ഇവരും പട്ടികയില്‍നിന്ന് പുറത്തുപോകേണ്ടിവരും. അങ്ങനെയെങ്കില്‍ കെ.പി.സി.സി ഭാരവാഹി സ്ഥാനങ്ങളിലേക്ക് ചെറുപ്പക്കാരുടെ ഒരു സംഘംകൂടി കടന്നുവരാനുള്ള സാധ്യതയാണ് തെളിയുന്നത്.
കേരളത്തില്‍നിന്നുള്ള ഭാരവാഹി പട്ടിക ഇതുവരെ രാഹുല്‍ ഗാന്ധി കണ്ടിട്ടില്ലാത്തതാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്കുപോലും സാധ്യതയില്ലാതാക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ മുന്നിലുള്ള മറ്റുവിഷയങ്ങള്‍ പരിഹരിച്ചതിനു ശേഷം രാഹുല്‍ ഗാന്ധിയുടെ അഭിപ്രായംകൂടി പരിഗണിച്ചാകും കെ.പി.സി.സി ഭാരവാഹിപ്പട്ടികയില്‍ അന്തിമ തീരുമാനമുണ്ടാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."