HOME
DETAILS
MAL
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കടുത്തുള്ള ലഹരിവില്‍പ്പന കേന്ദ്രങ്ങളുടെ വിവരം അറിയിക്കണമെന്ന് ഹൈക്കോടതി
backup
November 26 2019 | 04:11 AM
കൊച്ചി: സംസ്ഥാനത്ത് വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലുള്ള ലഹരിമരുന്നു വില്‍പ്പന കേന്ദ്രങ്ങളുടെ വിവരം രേഖാമൂലം അറിയിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശം.
ഇതു സംബന്ധിച്ച വിവരങ്ങള്‍ സീല്‍ഡ് കവറില്‍ ഹാജരാക്കാമെന്നും സീനിയര്‍ ഗവ.പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയില്‍ ബോധിപ്പിച്ചു. മയക്കുമരുന്നുപയോഗം വ്യക്തികള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍ ചൂണ്ടിക്കാട്ടി കോട്ടയം മുന്‍ ജില്ലാ പൊലിസ് മേധാവിയായിരുന്ന എന്‍.രാമചന്ദ്രന്‍ എഴുതിയ കത്തു പരിഗണിച്ചു സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സര്‍ക്കാരിന്റെ വിശദാംശം തേടിയത്.ലഹരിമരുന്നു വില്‍പ്പന സംബന്ധിച്ചു വിവരങ്ങള്‍ ശേഖരിക്കുന്നതിനും മറ്റുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപം ഷാഡോ പൊലിസിനെ ഡ്യൂട്ടിക്ക് നിയമിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു സ്റ്റുഡന്റ് പൊലിസ് കേഡറ്റിന്റെയും മറ്റും സഹായത്തോടെ ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
സര്‍ക്കാറിന്റെ വിശദാംശങ്ങള്‍ ലഭ്യമായാലുടന്‍ ഉചിതമായ മാര്‍ഗനിര്‍ദേശങ്ങളിറക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ലഹരി മരുന്നുപയോഗം തിരിച്ചറിയാന്‍ സഹായിക്കുന്ന 10 ഏബണ്‍ കിറ്റുകള്‍ കൊച്ചി നാര്‍ക്കോട്ടിക്ക് സെല്‍ എ.സി.പിക്കും 15 എണ്ണം തിരുവനന്തപുരം നാര്‍ക്കോട്ടിക്ക് സെല്‍ എ.സി.പിക്കും നല്‍കിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു.
ലഹരിവിമുക്ത കേന്ദ്രങ്ങളുടെ സഹകരണത്തോടെ വിവിധതരം മയക്കുമരുന്നുകള്‍ക്ക് അടിമയായവരില്‍ കിറ്റ് പരിശോധിച്ചു. എം.ഡി.എ, എല്‍.എസ്.ഡി, ഹാഷിഷ് ഓയില്‍, കഞ്ചാവ്, നൈട്രോസെപാം ഗുളിക തുടങ്ങിയവ ഉപയോഗിച്ചത് കണ്ടെത്താനായി.ലഹരിമരുന്നുമായി ബന്ധപ്പെട്ട് 2016ല്‍ സംസ്ഥാനത്ത് 5924 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ 7004 പുരുഷന്‍മാരും 40 സ്ത്രീകളും 70 കുട്ടികളും പ്രതിയായി. 2017ല്‍ 9244 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10114 പുരുഷന്‍മാരും 29 സ്ത്രീകളും 8 കുട്ടികളും പ്രതിയായി. 2018ല്‍ 8700 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 9763 പുരുഷന്‍മാരും 20 സ്ത്രീകളും 30 കുട്ടികളും പ്രതികളായി. 2019ല്‍ ഒക്ടോബര്‍ വരെ 7395 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 8180 പുരുഷന്‍മാര്‍ പ്രതികളായി. 10 സ്ത്രീകളും 17 കുട്ടികളും പ്രതിയായി. 2016 മുതല്‍ ഇതുവരെ മൊത്തം 35360 പേര്‍ പ്രതികളായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലഹരിമരുന്നുകളെ തടയുന്ന നടപടികളാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. പ്രതികള്‍ക്ക് എളുപ്പം ജാമ്യം ലഭിക്കുന്നുണ്ടോ, എത്രയാണ് ശിക്ഷാശതമാനം, കോളജുകളിലെ ഉപയോഗം സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടോയെന്നും കോടതി ആരാഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."