കുടിവെള്ളമെത്തി; വീടൊഴിഞ്ഞ തീരദേശ വാസികള്‍ തിരികെയെത്തി തുടങ്ങി
കൊടുങ്ങല്ലൂര്‍: കുടിവെള്ളമില്ലാത്ത നാളുകള്‍ക്ക് താത്കാലിക വിരാമം. തീരദേശത്ത് കൂടൊഴിഞ്ഞ കുടുംബങ്ങള്‍ തിരികെയെത്തുന്നു. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം സ്തംഭിച്ചതോടെ ആറ് ദിവസമായി കടലോര ഗ്രാമങ്ങള്‍ ഒരിറ്റ് വെള്ളത്തിനായി വലയുകയായിരുന്നു.
ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായ അഴീക്കോട് ഉള്‍പ്പെടുന്ന എറിയാട് പഞ്ചായത്ത്, എടവിലങ്ങ് പഞ്ചായത്ത്, കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മേത്തല വില്ലേജ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച മുതല്‍ ശുദ്ധജലം കിട്ടാക്കനിയായിരുന്നു. വൈന്തലയിലെ ജല ശുദ്ധീകരണ ശാലയിലെ മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്നാണ് കുടിവെള്ള വിതരണം തടസപ്പെട്ടത്.
എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലെ തീരദേശ റോഡിന് പടിഞ്ഞാറ് ഭാഗം ഏറെക്കുറെ വെള്ളം കുടി മുട്ടിയ അവസ്ഥയിലാണ് ദിവസങ്ങള്‍ തള്ളി നീക്കിയത്. ഇവിടങ്ങളില്‍ കിണറുകളിലും, കുഴല്‍ കിണറുകളിലും ഉപ്പുവെള്ളമാണ് ലഭിക്കുന്നത്. പല വീടുകളും മുഴുവന്‍ ആവശ്യങ്ങള്‍ക്കും പൈപ്പ് വെള്ളത്തെ ആശ്രയിച്ചു വരികയാണ്.
ഈ സാഹചര്യത്തില്‍ കുടിവെള്ള വിതരണം തടസപ്പെട്ടതോടെ ജനജീവിതം പാടെ താറുമാറായി. പല കുടുംബങ്ങളും ഇതര പഞ്ചായത്തുകളിലുള്ള ബന്ധുവീടുകളിലേക്ക് വിരുന്നു പോയി. കിടപ്പു രോഗികളും, വിദ്യാര്‍ഥികളുമുള്ള കുടുംബങ്ങള്‍ മറ്റൊരിടത്തേക്ക് പോകാനും, വീട്ടില്‍ താമസിക്കാനും പറ്റാതെ വലഞ്ഞു. മറ്റു ചിലര്‍ പെട്ടിഓട്ടോറിക്ഷകളിലും മറ്റുമായി വലിയ പാത്രങ്ങളില്‍ വെള്ളം ശേഖരിച്ച് കൊണ്ടുവന്ന് അത്യാവശ്യങ്ങള്‍ നിറവേറ്റി പോന്നു. ചിലയിടങ്ങളില്‍ സന്നദ്ധ സംഘടനകളും മറ്റും കുടിവെള്ളം വിതരണം ചെയ്തുവെങ്കിലും ക്ഷാമം പരിഹരിക്കാനായിരുന്നില്ല.
പതിമൂവായിരത്തോളം ഗാര്‍ഹിക കണക്ഷനുകളും നൂറ് കണക്കിന് പൊതു ടാപ്പുകളുമാണ് തീരദേശത്തുള്ളത്. ഒരാഴ്ച്ചയായുള്ള ജലവിതരണ സ്തംഭനം തീരദേശവാസികളെ സംബന്ധിച്ചിടത്തോളം ജീവിതം നരകതുല്യമാക്കി. തിങ്കളാഴ്ച്ചയോടെ വൈന്തലയില്‍ നിന്നും പമ്പിങ് പുനരാരംഭിക്കുമെന്നാണ് വാട്ടര്‍ അതോറിറ്റി അറിയിച്ചതെങ്കിലും ഞായറാഴ്ച്ച രാവിലെയോടെ പലയിടങ്ങളിലും വെള്ളമെത്തി.
ഒരാഴ്ച്ച ജലവിതരണം തടസപ്പെട്ടിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള അധികാരികള്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നതും, ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തു വന്നില്ലെന്നതും നാട്ടുകാരില്‍ പ്രതികരണമുണ്ടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."