ഉള്ളില്‍ തീയാണ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയര്‍ന്നിട്ടും വില നിയന്ത്രണ നടപടികളില്‍ വ്യക്തതയില്ലാതെ സിവില്‍സപ്ലൈസ് വകുപ്പ്. സവാളയും ചെറിയ ഉള്ളിയും വെളുത്തുള്ളിയും നാസിക്കില്‍ നിന്ന് എത്തിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് നേരത്തേ കേന്ദ്രത്തിന് കത്തു നല്‍കിയിരുന്നെങ്കിലും തുടര്‍നടപടികള്‍ എപ്പോള്‍ ഉണ്ടാകും എന്നത് സംബന്ധിച്ച് സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫിസിനു പോലും വ്യക്തതയില്ല.
നിലവില്‍ സംസ്ഥാനത്ത് മിക്കയിടങ്ങളിലും സവാള വില കിലോക്ക് 100-110 ആയിട്ടുണ്ട്. ചെറിയ ഉള്ളി 115-130 ഉം വെളുത്തുള്ളി 200 ആണ് കിലോക്ക് വില. ഉള്ളി ലഭ്യത കുറയുന്നതും ട്രാന്‍സ്‌പോര്‍ട്ട്, ലേബര്‍ ചാര്‍ജ് കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. പ്രതിദിന ഉള്ളി വരവ് 10, 15 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഇത് പരിഹരിക്കുന്നതിനാണ് നാസിക്കില്‍ നിന്ന് അന്‍പത് ടണ്‍ സവാളയും 30 ടണ്‍ ഉള്ളിയും 20 ടണ്‍ വെളുത്തുള്ളിയും കുറഞ്ഞ വിലയില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിക്കാന്‍ സിവില്‍സപ്ലൈസ് വകുപ്പ് തീരുമാനിച്ചത്.
കഴിഞ്ഞ മാസം സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 50 രൂപക്ക് മുകളിലായപ്പോള്‍ നാസിക്കില്‍നിന്ന് ഈ രീതിയില്‍ സവാള എത്തിച്ച് കിലോയ്ക്ക് 38 രൂപ നിരക്കില്‍ വിറ്റഴിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ വിലനിയന്ത്രണ നടപടികളെ സംബന്ധിച്ച് വകുപ്പ് മന്ത്രിയുടെ ഓഫിസിനും സപ്ലൈകോ ഉന്നതാധികാരികള്‍ക്കും കൃത്യമായ മറുപടിയില്ലാത്ത സ്ഥിതിയാണ്.
സുനി അല്‍ഹാദി
കൊച്ചി: അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് പൊള്ളുന്ന വില.
കിലോയ്ക്ക് മൂന്നുമുതല്‍ അഞ്ച് രൂപവരെയാണ് അരി വില കൂടിയത്. ചില്ലറവിപണിയില്‍ കിലോയ്ക്ക് 40രൂപയുണ്ടായിരുന്ന ജയ അരിക്ക് 44രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്.
മൊത്തവിപണിയില്‍ 35രൂപയുണ്ടായിരുന്നത് 38രൂപയായി ഉയര്‍ന്നു. മട്ട അരിക്കാണ് ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നത്.
പാലക്കാടുനിന്ന് മട്ട അരി എത്താത്തതിനാല്‍ ചില്ലറ വിപണിയില്‍ കിലോയ്ക്ക് 43രൂപയുണ്ടായിരുന്ന മട്ടയ്ക്ക് 48രൂപയായി വര്‍ധിച്ചു.
മൊത്തവിപണിയില്‍ 41രൂപയ്ക്ക് ലഭിച്ചിരുന്ന മട്ടയ്ക്ക് 46രൂപയാണ് ഇന്നലത്തെ വില. ദിനംപ്രതി കുതിച്ചുയരുന്ന ഉള്ളി വിലയും സവാള വിലയും ഇന്നലെയും ഉയര്‍ന്നു. ഉള്ളി കിലോയ്ക്ക് ഇന്നലെ 30രൂപ ഉയര്‍ന്നു 130ലെത്തി. സവാളയ്ക്ക് 10രൂപ ഉയര്‍ന്ന് 110ലെത്തി. ചെറുപയര്‍, വന്‍പയര്‍, ഗ്രീന്‍പീസ്, കടല തുടങ്ങിയവയ്‌ക്കൊക്കെ ഇരട്ടിയോളമാണ് വില ഉയര്‍ന്നിരിക്കുന്നത്. ഉഴുന്നിന് ഒരുമാസത്തിനിടെ 50രൂപയാണ് വര്‍ധിച്ചത്.
ഒരു കിലോ ഉഴുന്നിന് 125രൂപയാണ് ഇന്നലത്തെ വില. ഒരുമാസം മുന്‍പ് വന്‍പയര്‍ കിലോയ്ക്ക് 80രൂപയായിരുന്നത് ഇപ്പോള്‍ 110രൂപയായി ഉയര്‍ന്നു.
60രൂപയുണ്ടായിരുന്ന ഗ്രീന്‍പീസിന്റെ വില 100രൂപയാണ്. സവാളവില അനിയന്ത്രിതമായി തുടരുന്നതിനാല്‍ ഹോട്ടലുകളില്‍ സവാളയ്ക്കുപകരം കാബേജുപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
സവാളയുടെ പകുതിവിലയുള്ള കാബേജ് വാങ്ങി നന്നായി വേവിച്ച് മുട്ടറോസ്റ്റ്, സമൂസ,മീറ്റ് റോള്‍ തുടങ്ങിയവയ്‌ക്കൊക്കെ ചേര്‍ക്കുകയാണ് ഇപ്പോള്‍ ഹോട്ടലുകാര്‍ ചെയ്യുന്നതെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.
150ഗ്രാമോളം വരുന്ന ഒരു സവാളയ്ക്ക് 15രൂപയാണ് വില.
പൊന്നുംവില നല്‍കി ഉള്ളിയും സവാളയുമൊക്കെ എങ്ങനെ വാങ്ങുമെന്നാണ് വീട്ടമ്മമാര്‍ ചോദിക്കുന്നത്. അരക്കിലോ സവാള, നൂറുഗ്രാം ഉള്ളി എന്നിങ്ങനെയാണ് ഇപ്പോള്‍ ചില്ലറവിപണിയില്‍ വ്യാപാരം നടക്കുന്നത്.
എറണാകുളം മാര്‍ക്കറ്റില്‍ ദിനംപ്രതി നാല് ലോഡ് വന്നിരുന്ന സവാളയും ഉള്ളിയുമൊക്കെ ഇപ്പോള്‍ രണ്ട് ലോഡുപോലും വരുന്നില്ല.
കനത്തമഴയെതുടര്‍ന്ന് കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സവാളയുടെ ഉല്‍പാദനം വന്‍തോതില്‍ കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. ഉണക്കമുളകിന്റെ വില കുത്തനെ ഉയര്‍ന്നത് അച്ചാര്‍ വ്യവസായത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
140രൂപയുണ്ടായിരുന്ന ഒരുകിലോ മുളകിന് 180രൂപയാണ് വില. ഓയില്‍,സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയ്ക്കും വില നേരിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്.
അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്ക് വില ദിനംപ്രതി കുതിക്കുന്നത് സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."