ന്യൂനപക്ഷ സമുദായക്കാരനെന്ന പേര് സര്‍വീസിലെ ഉയര്‍ച്ചയെ ബാധിക്കുന്നു: ജസ്റ്റിസ് കുര്യന്‍ ജോസഫ്
ന്യൂഡല്‍ഹി: ന്യൂനപക്ഷമതവിഭാഗങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം സര്‍വീസിലെ അവരുടെ ഉയര്‍ച്ചയെ ബാധിക്കുന്നുവെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. രാജ്യത്തെ സവിശേഷ സാഹചര്യത്തില്‍ ഇത്തരം അനുഭവങ്ങള്‍ ഇനി കൂടാനാണ് സാധ്യതയെന്നു താന്‍ ഭയപ്പെടുന്നുവെന്നും വിരമിച്ചതിനു പിന്നാലെ ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷസമുദായത്തില്‍ നിന്നുള്ള ഒരാള്‍ അതെത്ര കഴിവുള്ള വ്യക്തിയായാലും ശരി, ന്യൂനപക്ഷസ്വത്വത്തിന്റെ പേരിലാവും അംഗീകരിക്കപ്പെടുക. പദവികളിലേക്ക് ആ വ്യക്തിയെ പരിഗണിക്കുന്നതും ന്യൂനപക്ഷസ്വത്വത്തിന്റെ പേരിലായിരിക്കും. എന്റെ കഴിവിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ആ ഒരുസ്വത്വത്തിന്റെ പേരിലാണ് ഞാനും പരിഗണിക്കപ്പെട്ടത്. എന്നാല്‍, കാവ്യനീതിയെന്നോണം എന്റെ കാര്യത്തില്‍ സര്‍വീസിന്റെ അവസാനസമയം ഇതിനുവിരുദ്ധമായി സംഭവിച്ചു. മലയാളിയായ ജസ്റ്റിസ് സിറിയക് ജോസഫ് സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച 2012ല്‍ തന്നെ എന്നെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്തിയിരുന്നുവെങ്കില്‍ ചീഫ്ജസ്റ്റിസ് ആയിട്ടായിരിക്കും ഞാനിപ്പോള്‍ വിരമിച്ചിട്ടുണ്ടാവുക. പക്ഷേ, മെരിറ്റിന്റെ അടിസ്ഥാനത്തിലാണ് എന്നെ സുപ്രിംകോടതി ജഡ്ജിയായി പരിഗണിച്ചത്. ന്യൂനപക്ഷപരിഗണനയുടെ പേരില്‍ നേരത്തെ ജഡ്ജിയാക്കിയിരുന്നുവെങ്കില്‍ ദീപക് മിശ്രയുടെ പകരക്കാരനായി ഞാന്‍ ചീഫ് ജസ്റ്റിസാവുമായിരുന്നു അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പലപ്പോഴും തോന്നിയിരുന്നതായും അദ്ദേഹം ആരോപിച്ചു. ചീഫ് ജസ്റ്റിസായി ചുമതലയേറ്റ് നാലുമാസത്തിനുള്ളില്‍ തന്നെ അദ്ദേഹം ചില ബാഹ്യശക്തികള്‍ക്ക് കീഴപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്ന് ഞങ്ങള്‍ക്കു മനസ്സിലായി. സുപ്രിം കോടതിയിലും ഹൈക്കോടതിയിലും ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തിലും സമ്മര്‍ദ്ദത്തിനു കീഴ്‌പ്പെട്ടു. കേസുകള്‍ ആരൊക്കെ കൈകാര്യം ചെയ്യണമെന്നതിലും ബെഞ്ചുകളില്‍ ആരൊക്കെ വേണമെന്ന കാര്യത്തിലുമെല്ലാം ഈ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ജനുവരിയില്‍ ഞങ്ങള്‍ നാലുജഡ്ജിമാര്‍ ദീപക് മിശ്രയ്‌ക്കെതിരെ വാര്‍ത്താസമ്മേളനം വിളിച്ചത്. ഇക്കാര്യം ദീപക് മിശ്രയുമായി ഞങ്ങള്‍ സംസാരിച്ചു. കോടതി നടപടികള്‍ സ്വതന്ത്രവും നീതിയുക്തവുമായിരിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഒന്നിനോടും അനുകൂലമായല്ല ദീപക് മിശ്ര പ്രതികരിച്ചത്. വാര്‍ത്താസമ്മേളനം നടത്താമെന്ന ആശയം മുന്നോട്ടുവെച്ചത് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ആയിരുന്നു. ഞങ്ങള്‍ അതിനുപിന്തുണ കൊടുക്കുകയും ചെയ്തു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."