ഉള്ളി വില കൂപ്പുകുത്തി; വിറ്റുവരവ് പ്രധാനമന്ത്രിക്കയച്ച് കര്‍ഷകന്റെ പ്രതിഷേധം
മുംബൈ: മഹാരാഷ്ട്രയില്‍ ഉള്ളി വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് ഒരു രൂപ നിരക്കിലുള്ള വില്‍പന വിലയില്‍ വിലപേശിയപ്പോള്‍ കര്‍ഷകനു ലഭിച്ചത് 1.40 രൂപയാണ്. മാസങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ ലഭിച്ച 750 കിലോ ഉള്ളി വിറ്റുകിട്ടിയതടക്കമുള്ള 1,064 രൂപ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ചാണ് കര്‍ഷകന്‍ പ്രതിഷേധിച്ചത്.
നാസിക് ജില്ലയിലെ നിഫാദ് താലൂക്കിലെ സഞ്ജയ് സാഥെ എന്ന കര്‍ഷകനാണ് വിലയിടിവിനെതിരേ അസാധാരണ രീതിയില്‍ പ്രതിഷേധിച്ചത്. 2010ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്ര കൃഷിമന്ത്രാലയം തെരഞ്ഞെടുത്ത കര്‍ഷകരുടെ സംഘത്തിലെ അംഗമായിരുന്നു സാഥെ.
എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് ഉള്ളി വില കിലോയ്ക്ക് ഒരു രൂപയായത്. കര്‍ഷകരോടു കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ഉദാസീന നടപടിയോടുള്ള പ്രതിഷേധമായാണ് ഇത്തരത്തിലുള്ള നടപടിയെന്നു കര്‍ഷകന്‍ പറഞ്ഞു.
അതിനിടയില്‍, വിലത്തകര്‍ച്ചയെ തുടര്‍ന്നു വഴുതന കര്‍ഷകരും കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കിലോയ്ക്ക് 20 പൈസയാണ് വഴുതനയ്ക്കു ലഭിക്കുന്നത്. രണ്ടു ലക്ഷം രൂപ ചെലവഴിച്ചു വഴുതനങ്ങ കൃഷി ചെയ്ത തനിക്കു ലഭിച്ചത് 65,000 രൂപയാണെന്ന് അഹമ്മദ് നഗറിലെ കര്‍ഷകനായ രാജേന്ദ്ര ഭവാകെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."