അംശാദായം മുടങ്ങിയ പ്രവാസികള്‍ക്ക് ക്ഷേമബോര്‍ഡിന്റെ ഇരുട്ടടി
തിരുവനന്തപുരം: അംശാദായം മുടങ്ങിയതിന്റെ പേരില്‍ ക്ഷേമനിധി അംഗത്വം നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് പിഴപ്പലിശ ഒടുക്കിയാലേ അംഗത്വം പുനഃസ്ഥാപിയ്ക്കൂവെന്ന കേരള പ്രവാസി കേരളീയ ക്ഷേമബോര്‍ഡിന്റെ നിര്‍ദേശം ഇരുട്ടടിയാവുന്നു. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങിയെത്തിയവര്‍ക്കായും വിദേശങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കായും 2008ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിലെ മൂന്നാം വകുപ്പ് ഒന്നാം ഉപവകുപ്പ് പ്രകാരം പ്രവാസി കേരളീയരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് കേരള സര്‍ക്കാര്‍ കേരള പ്രവാസി ക്ഷേമനിധി പദ്ധതി രൂപീകരിച്ചത്. ഇതിന്‍പ്രകാരം പ്രവാസികള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയും ആവിഷ്‌കരിച്ചു.
60 വയസുകഴിഞ്ഞാല്‍ 1000 രൂപ പെന്‍ഷന്‍ ലഭിക്കുമെന്ന ഉറപ്പില്‍ വിദേശത്തുള്ളവര്‍ പ്രതിമാസം 300 രൂപ നിരക്കിലും നാട്ടിലുള്ളവര്‍ 100 രൂപ നിരക്കിലും അംശദായം അടയ്ക്കണമെന്നായിരുന്നു മുഖ്യവ്യവസ്ഥ. പദ്ധതി പ്രഖ്യാപിച്ച നാളില്‍തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം ഗള്‍ഫില്‍ നിന്നും മറ്റും മടങ്ങിയെത്തിയ ആയിരക്കണക്കിനാളുകള്‍ പദ്ധതിയില്‍ അംഗമായി. 200 രൂപയായിരുന്നു രജിസ്‌ട്രേഷന്‍ ഫീസ്.
വിദേശത്തുനിന്നു തിരികെവന്ന മുന്‍പ്രവാസി കേരളീയര്‍ രജിസ്‌ട്രേഷനുവേണ്ടി അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ കൂടാതെ അപേക്ഷകന്‍ പ്രവാസി കേരളീയനായിരുന്നെന്നും തിരികെവന്നു കേരളത്തില്‍ സ്ഥിരതാമസമാക്കിയതാണെന്നും ഇനി തിരിച്ചുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കാണിക്കുന്ന വില്ലേജ് ഓഫിസര്‍ മുതലുള്ളവരുടെ സാക്ഷ്യപത്രവും ഹാജരാക്കണമായിരുന്നു. എല്ലാം യഥാവിധി ഹാജരാക്കി ഫീസും അടച്ച് അംഗത്വകാര്‍ഡും എടുത്തശേഷം ഒന്നുംരണ്ടും വര്‍ഷം അംശാദായം മുടങ്ങാതെ പലരും അടയ്ക്കുകയും ചെയ്തു. ത്രൈമാസികമായും അര്‍ധവാര്‍ഷികമായും വാര്‍ഷികമായും ബാങ്ക്‌ചെലാന്‍ മുഖേനയാണു തുക അടച്ചത്. പിന്നീട് വിവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയവര്‍ക്കാണ് കാര്‍ഡ് പുതുക്കാനെത്തിയപ്പോള്‍ പിഴയുടെ രൂപത്തില്‍ ഇരുട്ടടി കിട്ടിയത്.
വിദേശത്തുനിന്നു നാട്ടില്‍ തിരികെയെത്തി ജോലിയില്ലാതെ പട്ടിണിയിലും രോഗാവസ്ഥയിലുമായ ആയിരക്കണക്കിനാളുകളാണ് ഇതുമൂലം ദുരിതത്തിലായത്. മാസംതോറും 100രൂപ അടയ്ക്കാന്‍ കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ മറവിമൂലമോ ബാങ്കില്‍പോയി അടയ്ക്കാനുള്ള ബുദ്ധിമുട്ടോമൂലം അംശാദായം മുടങ്ങിയവരാണ് ഭൂരിപക്ഷവും. ഇപ്പോള്‍ കാര്‍ഡ് പുതുക്കാനെത്തിയപ്പോള്‍ ഇവര്‍ പലിശയിലും പിഴപ്പലിശയിലും കുടുങ്ങി. ഇതുവരെ അടച്ച തുക നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണവര്‍.
കുടിശിക തുകയുടെ ഏകദേശം 30 ശതമാനത്തിനു മുകളിലാണ് പിഴയായി ബോര്‍ഡ് ആവശ്യപ്പെടുന്നത്. 6,700 രൂപ കുടിശികയിനത്തിലുള്ള ഒരാള്‍ക്ക് 2,010 രൂപയിലധികം പിഴ നല്‍കണമെന്നു ചുരുക്കം. ഈ പലിശ കൂടാതെ പിഴപലിശയും വേറെ കൊടുക്കണം. വലിയ തുക അടയ്ക്കാന്‍ കഴിയാത്തതിനാല്‍ പലരും അംഗത്വം പുതുക്കാന്‍ ആഗ്രഹിക്കുന്നില്ല. അംഗത്വം പുതുക്കാതിരുന്നാല്‍ അടച്ചതുക ക്ഷേമനിധി ബോര്‍ഡിന് ലഭിക്കും. കോടിക്കണക്കിന് രൂപയാണ് പ്രവാസികളുടെ പിച്ചച്ചട്ടിയില്‍ നിന്നു ബോര്‍ഡിന് ഈയിനത്തില്‍ ലഭിക്കുന്നത്. എന്നാല്‍ അംശാദായത്തിന്റെ പിഴപലിശ ഒഴിവാക്കി അംഗത്വം പുതുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."