മുസ്‌ലിംകള്‍ പഠിപ്പിച്ചു കൂടാത്ത ഭാഷ!
ഭാഷയ്ക്ക് മതം ഉണ്ടോ അല്ലെങ്കില്‍ മതങ്ങള്‍ക്ക് പ്രത്യേക ഭാഷയുണ്ടോ ഈ ചോദ്യങ്ങള്‍ക്ക് പൊതുവായി മറുപടി നല്‍കുന്നതിന് പകരം ചില ഭാഷകള്‍ക്ക് ചില മതങ്ങളുമായി പ്രത്യേക ബന്ധമുണ്ടെന്ന് പറയുന്നതാകും കൂടുതല്‍ എളുപ്പം. എന്ന് വച്ച് ഏതെങ്കിലും ഒരു ഭാഷയെ ചില പ്രത്യേക വിഭാഗക്കാരില്‍ മാത്രം തളച്ചിടുന്നതിലും മറ്റുള്ളവരൊന്നും ആ ഭാഷ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യരുതെന്ന് ശഠിക്കുന്നതിലും ഒട്ടും ഔചിത്യമില്ലെന്ന് തീര്‍ത്തു പറയാതെ വയ്യ. ഭാഷ ഒരു ആശയ വിനിമയോപാധി മാത്രമാണ്. അതിനാല്‍ ആര്, എന്തിന് ആ ഭാഷയെ ഉപയോഗിക്കുന്നുവെന്നതിലാണ് കാര്യം.
ഓരോ ഭാഷയുടെയും മതാഭിമുഖ്യം തേടിച്ചെന്നാല്‍ അറബിയിലൂടെ ഇസ്‌ലാമിലേക്കും സംസ്‌കൃതത്തിലൂടെ ഹിന്ദു മതത്തിലേക്കും ഹിബ്രു വിലൂടെ ജൂത മതത്തിലേക്കും ലാറ്റിനിലൂടെ ക്രിസ്തുമതത്തിലേക്കും ചെന്നെത്തും. അതിലാര്‍ക്കും തര്‍ക്കമോ പരിഭവമോ ഇല്ലതാനും. എന്നാല്‍ അതത് മതക്കാര്‍ മാത്രമേ ആ ഭാഷ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു കൂടൂവെന്നും മതത്തിനു പുറത്തുള്ളവര്‍ ആ ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നത് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചിന്തിക്കുന്നിടത്തേക്ക് ചിലരുടെ സങ്കുചിതത്വവും അസഹിഷ്ണുതയും ചെന്നെത്തിയെന്നറിയുമ്പോള്‍ നമ്മുടെ നാട് ചെന്നുപെട്ട അധഃസ്ഥിതിയില്‍ ഉത്കണ്ഠാകുലരാകാതെ തരമില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി യു.പിയിലെ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയിലെ സംസ്‌കൃത ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാധര്‍മ് വിജ്ഞാന്‍ ഫാക്കല്‍റ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഒരു മുസ്‌ലിം നാമധാരിയെ നിയമിച്ച സംഭവം പ്രസ്തുത യൂനിവേഴ്‌സിറ്റിയിലും പുറത്തും വലിയ കോലാഹലമുണ്ടാക്കി. ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി പേരില്‍ തന്നെ അതിന്റെ ഹിന്ദു ബന്ധം വ്യക്തമാക്കുന്നു. എന്നാലും അവിടെ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ നിയമനകാര്യത്തില്‍ വിവേചനമുണ്ടാകാന്‍ പാടില്ലെന്ന് നിയമമുള്ളതായി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.സംസ്‌കൃത സാഹിത്യത്തില്‍ പിഎച്ച്.ഡി നേടിയ ഫിറോസ് ഖാന്‍ എന്ന മുസ്‌ലിം ഉദ്യോഗാര്‍ഥി ഇന്റര്‍വ്യൂവിന്റെ എല്ലാ ഘട്ടത്തിലും ഉന്നത നിലവാരം പുലര്‍ത്തിയെന്നും ഈ ഉദ്യോഗത്തിന് വേണ്ടി നടത്തിയ എല്ലാ ടെസ്റ്റുകളിലും ഇദ്ദേഹത്തോളം സ്‌കോര്‍ നേടിയ വേറെ ഉദ്യോഗാര്‍ഥികള്‍ ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ ഉറപ്പിച്ചു പറയുന്നു. പക്ഷെ, നിയമന വിവരം അറിഞ്ഞ അവിടത്തെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അത് ദഹിച്ചില്ല. തങ്ങള്‍ ഹിന്ദുക്കള്‍ക്ക് സംസ്‌കൃതം പഠിപ്പിക്കാന്‍ ഒരു മുസ്‌ലിം അധ്യാപകനോ എന്ന അവരുടെ ഇടുങ്ങിയ മനസിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനപ്പുറമായിരുന്നു, ഈ നിയമനം.
അധികൃതര്‍ ഈ നിയമനത്തിന് അനുകൂലമായിരുന്നെങ്കിലും അത് സമ്മതിച്ചു കൊടുക്കാന്‍ ഹിന്ദുത്വം തലക്കു പിടിച്ച കുറേ യുവാക്കള്‍ക്ക് സാധിക്കുന്നില്ല. ഇതിനു അവരെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. അത്രത്തോളം വൈരവും വെറുപ്പുമാണ് ഹിന്ദുത്വത്തിന്റെ പേരില്‍ പുതിയ തലമുറയുടെ തലയില്‍ സംഘ്പരിവാര്‍ സംഘടനകള്‍ അടിച്ചു കയറ്റിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ടനുസരിച്ച് വിദ്യാര്‍ഥികള്‍ മാത്രമല്ല, മറ്റു ചില മുതിര്‍ന്നവരും ഈ ആവശ്യത്തിനു പിന്തുണ നല്‍കുന്നുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന് അവിടെ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുക എളുപ്പമാകില്ലെന്നുമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ബി.എച്ച്.യുവിന്റെ കീഴിലുള്ള ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിയമിച്ചു വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്.
സംസ്‌കൃതമെന്നത് കേവലം ഹിന്ദു മതത്തിന്റെ വേദങ്ങളും മന്ത്രങ്ങളും മാത്രം ഉള്‍ക്കൊള്ളുന്ന ഒരു പൂജാ പാട്ട് ഭാഷയല്ല. ഭാഷാവിദഗ്ധരുടെ അഭിപ്രായമനുസരിച്ച് സംസ്‌കൃതത്തിലെ ഹിന്ദു മതവുമായി ബന്ധപ്പെട്ട കൃതികള്‍ അഞ്ച് ശതമാനം മാത്രമേ വരൂ എന്നാണ്. ബാക്കി 95 ശതമാനവും വിവിധ ശാസ്ത്രീയ ജ്ഞാനങ്ങളും മറ്റും അടങ്ങിയ പൊതു വിജ്ഞാനങ്ങളാണ്. സംസ്‌കൃതം പ്രധാനമായും ശാസ്ത്ര ഭാഷയാണെന്നും പുരാതന ഇന്ത്യയിലെ വൈജ്ഞാനിക കൃതികള്‍ പ്രധാനമായും സംസ്‌കൃതത്തിലാണ് ക്രോഡീകരിച്ചിരിക്കുന്നതെന്നും റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു തന്റെ സംസ്‌കൃത ഭാഷയെ കുറിച്ചുള്ള പഠനത്തില്‍ വ്യക്തമാക്കുന്നു.
ഫിറോസ് ഖാന് ബി.എച്ച്.യുവില്‍ നിയമനം ലഭിച്ചിരുന്നത് സംസ്‌കൃത സാഹിത്യ വിഭാഗത്തിലാണ്. അവിടെ ഹിന്ദു മതത്തിന് പുറമെ ബുദ്ധ,ജൈനമതങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും പഠിപ്പിക്കാനുണ്ടാകും. മതപരമായ വിഷയങ്ങള്‍ മാത്രം പഠിപ്പിക്കേണ്ട തസ്തികയുമല്ല.പക്ഷെ, അതൊന്നും വിദ്യാര്‍ഥികളെ ഈ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പര്യാപ്തമായിട്ടില്ല. തങ്ങള്‍ക്ക് ഒരു അഹിന്ദുവില്‍ നിന്ന് ഹിന്ദു മതത്തെപ്പറ്റി പഠിക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവരുടെ എതിര്‍പ്പ്. ആത്യന്തികമായി ഇവരുടെയൊക്കെ അകത്ത് അള്ളിപ്പിടിച്ച ചാതുര്‍വര്‍ണ്യത്തിന്റെ അവശിഷടങ്ങളല്ലേ ഇത്തരം എതിര്‍പ്പിലൂടെ പുറത്ത് വരുന്നതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. ക്ഷൂദ്രര്‍ക്ക് വേദങ്ങള്‍ പഠിപ്പിക്കരുതെന്ന് മനുസ്മൃതിയിലുള്ളതായി വിവരമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. മേല്‍ജാതിക്കാരല്ലാത്തവര്‍ സംസ്‌കൃത ഭാഷയും വേദങ്ങളും ഒക്കെ പഠിക്കുക മാത്രമല്ല, തങ്ങളെ പഠിപ്പിക്കുക കൂടി ചെയ്യുന്നത് അവര്‍ക്കെങ്ങനെ സഹിക്കാനാവും? അതും വര്‍ത്തമാനകാലത്ത് തങ്ങള്‍ ഏറെ പകയോടെ കാണാന്‍ ശീലിച്ച ഒരു സമുദായത്തിലെ അംഗമാകുമ്പോള്‍!
ശാന്തിയിലും സഹിഷ്ണുതയിലും പേരുകേട്ട ഹിന്ദു മതത്തെ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ വക്താക്കള്‍ ഹൈജാക്ക് ചെയ്തു തുടങ്ങിയത് മുതലാണ് മതത്തിന്റെയും ഭാഷയുടെയും പേരിലുള്ള ഈ അന്ധമായ എതിര്‍പ്പ് ഉടലെടുത്തത്. പൗരാണിക കാലത്ത് മുസ് ലിംകളും ഹിന്ദു പണ്ഡിറ്റുമാരും തമ്മില്‍ നടന്ന വൈജ്ഞാനിക വിനിമയത്തിന്റെ ചരിത്രമൊന്നും രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ മേലങ്കിയണിഞ്ഞവര്‍ക്ക് അറിയാന്‍ വകയില്ല. അതൊന്നും പഠിക്കാനുള്ള മനസും കാണില്ല. എന്നാല്‍ ഹിന്ദു മതത്തിനും ഇന്ത്യക്ക് തന്നെയും ഈ പേര് ലഭിച്ചത് അറബി പേര്‍ഷ്യന്‍ ബന്ധത്തിലൂടെയാണെന്നത് പോകട്ടെ, അറബ് ലോകത്ത് അബ്ബാസി ഭരണത്തില്‍ ഹാറൂന്‍ റശീദിന്റെ ഭരണകാലത്ത് ധാരാളം ഹിന്ദു പണ്ഡിറ്റുമാരെ ബഗ്ദാദിലേക്ക് വിളിച്ചു വരുത്തുകയും ഇന്ത്യയില്‍ അന്ന് സംസ്‌കൃതത്തില്‍ ലഭ്യമായിരുന്ന നിരവധി വൈജ്ഞാനിക കൃതികള്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തിരുന്നു. ഇതിനായി ഇവരില്‍ പലരും അറബി ഭാഷ പഠിക്കുകയും അറബികള്‍ക്ക് സംസ്‌കൃതം പഠിപ്പിക്കുകയും ചെയ്തിരുന്നു.
മാത്രമല്ല, ക്രിസ്താബ്ദം 883ല്‍ അല്‍റായിലെ മഹറോഗ് രാജാവ് എന്ന ഹിന്ദു രാജാവിന്റെ താല്‍പ്പര്യ പ്രകാരം സിന്ധിലെ മന്‍സൂറ ദേശത്തെ മുസ്‌ലിം ഭരണാധികാരി ഒരു മുസ്‌ലിം പണ്ഡിതനെ അല്‍റായിലേക്ക് അയച്ചു കൊടുത്തതും അദ്ദേഹം രാജാവിന്റെ കീഴില്‍ തന്നെ വര്‍ഷങ്ങളോളം താമസിച്ചു വിശുദ്ധ ഖുര്‍ആന്‍ ഇന്ത്യന്‍ ഭാഷയില്‍ പരിഭാഷപ്പെടുത്തിക്കൊടുത്തതും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
അത് പോലെ മഹാഭാരതം അറബിയിലേക്ക് മൊഴിമാറ്റം നടത്തിയ കഥയും ഇന്തോ അറബ് ബന്ധങ്ങള്‍ എന്ന കൃതിയില്‍ സയ്യിദ് സുലൈമാന്‍ നദ്‌വി വ്യക്തമാക്കുന്നുണ്ട് ( മലയാള വിവര്‍ത്തനം പേജ്: 125). ഇനി അറബി സംസ്‌കൃത ഭാഷകള്‍ തമ്മില്‍ എത്ര അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു സംഭവം കൂടി 'ഇന്തോഅറബ് ബന്ധങ്ങള്‍ ' ഉദ്ധരിക്കുന്നുണ്ട്. സ്വാമി ദയാനന്ദ ജി തന്റെ 'സത്യാര്‍ഥപ്രകാശ് 'എന്ന കൃതിയില്‍ എഴുതിയ കാര്യമാണ് ഉദ്ധരിക്കുന്നത്. 'കൗരവര്‍ അരക്കു കൊണ്ടുള്ള വീടുണ്ടാക്കി പാണ്ഡവരെ അതിന്റെ അകത്ത് തീ കൊളുത്തി നശിപ്പിക്കാന്‍ ഉദ്യമിച്ചപ്പോള്‍, വിധുരന്‍ യുധിഷ്ഠരനോട് അറബിയില്‍ അക്കാര്യം വിവരിച്ചു. യുധിഷ്ഠരന്‍ അതേ അറബിയില്‍ തന്നെ അതിനു മറുപടിയും നല്‍കി. ( പേജ്: 36 ) ഹിന്ദുക്കള്‍ വിശുദ്ധ ഗ്രന്ഥമായി കാണുന്ന മഹാഭാരതത്തില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ അറബിയില്‍ സംസാരിച്ചതായി ഉദ്ധരിക്കുന്നത് ഹിന്ദുക്കള്‍ പൊതുവേ ആദരിക്കുന്ന സ്വാമി ദയാനന്ദ സരസ്വതിയാണെന്നോര്‍ക്കണം.
കൂടാതെ വിശുദ്ധ ഖുര്‍ആന്റെ ഭാഷയെന്ന നിലയില്‍ മുസ്‌ലിംകള്‍ പവിത്രമായി കാണുന്ന അറബി ഭാഷ ഒരു ബ്രാഹ്മണ സ്ത്രീ പഠിച്ചെടുക്കുകയും കേരളത്തിലെ ഒരു സ്‌കൂളില്‍ 30 വര്‍ഷത്തോളം ഭൂരിഭാഗവും മുസ്‌ലിം കുട്ടികള്‍ അടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിക്കുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. അതിന്റെ പേരില്‍ ഒരു വിവാദവും ആരും കുത്തിപ്പൊക്കിയില്ല. ഗോപാലിക അന്തര്‍ജനം എന്ന അറബി അധ്യാപിക 2016 ലാണ് മലപ്പുറം ജില്ലയിലെ ചെമ്മാണിയോട് ഗവ.ലോവര്‍ പ്രൈമറി സ്‌കൂളില്‍ നിന്ന് പെന്‍ഷന്‍ പറ്റി പിരിഞ്ഞത്.
ആഗ്രയിലെ ( യു.പി) മുഈനുല്‍ ഇസ്‌ലാം മദ്‌റസ എന്ന മുസ്‌ലിം വിദ്യാലയത്തില്‍ 400 ഓളം മുസ്‌ലിം കുട്ടികളും 150 ഓളം ഹിന്ദു കുട്ടികളും അടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയം സംസ്‌കൃതവും അറബിയും പഠിപ്പിക്കുന്നുണ്ട്. അവിടെയും ആരും കോലാഹലമുണ്ടാക്കിയിട്ടില്ല.ഇന്ത്യയുടെ മധ്യകാല ചരിത്രവും വിശേഷവും ലോകത്തിന് കൈമാറിയതില്‍ പ്രധാന പങ്ക് വഹിച്ചത് അറബി സഞ്ചാരികളും പ്രധാന സ്രോതസ്സുകളായി വര്‍ത്തിച്ചത് അറബ് ഗ്രന്ഥങ്ങളുമായിരുന്നുവെന്ന കാര്യം ചരിത്രബോധമുള്ളവരെല്ലാം അംഗീകരിക്കുന്നു. സുലൈമാന്‍ താജിറും അല്‍ ബിറൂനിയും അല്‍ ഇദ്രീസിയും ഇബ്‌നു ബതൂത്വയുമൊക്കെ അവരില്‍ ചിലര്‍ മാത്രമാണ്.
ഇതില്‍ അല്‍ ബിറൂനി ( 973 - 1050 ) വര്‍ഷങ്ങളോളം ഇന്ത്യയില്‍ തങ്ങി സംസ്‌കൃത ഭാഷയില്‍ വ്യൂല്‍പ്പത്തി നേടി നിരവധി കൃതികള്‍ അറബികള്‍ക്ക് വേണ്ടിയും ഇന്ത്യക്കാര്‍ക്ക് വേണ്ടിയും രചിച്ച വിദഗ്ധനാണ്. അദ്ദേഹം രചിച്ച കിതാബുല്‍ ഹിന്ദ് വിഖ്യാതമാണ്. അന്ന് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന തത്വജ്ഞാനം, ഗണിതം, ജ്യോതിഷം, ഗോള ശാസ്ത്രം തുടങ്ങി എല്ലാ വിഷയങ്ങളിലും അദ്ദേഹം പഠനം നടത്തുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിരുന്നു. ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമായി അദ്ദേഹം ആറ് കൃതികള്‍ രചിച്ചിരുന്നു. അറബി അറിയുന്നവര്‍ക്ക് വേണ്ടി ഇന്ത്യയിലെ മതം, സംസ്‌കാരം, വിജ്ഞാനങ്ങള്‍ എന്നിവയില്‍ 11 ഗ്രന്ഥങ്ങള്‍ രചിച്ചു. കൂടാതെ ഇന്ത്യന്‍ വിജ്ഞാനങ്ങളില്‍ സിദ്ധാന്ത, ആര്യഭട്ട, ഖന്ത, അഴവാകിന്ത തുടങ്ങി വിവിധ ശാഖകളില്‍ രചിക്കപ്പെട്ട കൃതികളിലെ പിശകുകള്‍ തീര്‍ത്ത് അഞ്ചോളം കൃതികള്‍ വേറെയും രചിച്ചു. അദ്ദേഹത്തെ വിദ്യാസാഗര്‍ (അറിവിന്റെ സമുദ്രം) എന്ന് വിശേഷിപ്പിച്ചു അന്നത്തെ ഹിന്ദുക്കള്‍ ആദരിച്ചിരുന്നു.
ചുരുക്കത്തില്‍ ഭാഷകള്‍ വിവിധ വിഭാഗങ്ങള്‍ക്ക് അന്യോന്യം അറിയാനും അടുക്കാനും ഇടപെടാനും ഉള്ള പാലങ്ങളാവണം. അവയ്ക്കിടയില്‍ അതിരും അകല്‍ച്ചയും പണിതു സ്വഛ ഗമനത്തിന് വിഘാതം സൃഷ്ടിക്കുന്നവര്‍ സ്വന്തം സമുദായത്തോട് പോലും നീതി കാണിക്കാത്തവരാണ്. വര്‍ഗീയതയുടെ ഭൂതത്തെ ഒരിക്കല്‍ കുടത്തില്‍ നിന്ന് പുറത്തെടുത്തവര്‍ക്ക് പിന്നീടതിന്റെ കെടുതികള്‍ അനുഭവിക്കുമ്പോള്‍ കുടത്തിലേക്ക് തിരിച്ചയക്കാന്‍ കഴിയാതെ ഖേദിക്കേണ്ടി വരും.
ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ സ്ഥാപകനായ സ്വാതന്ത്ര്യ സമര സേനാനി മദന്‍ മോഹന്‍ മാളവ്യയുടെ വാക്കുകള്‍ ഈ സമരാനുകൂലികളുടെ ഓര്‍മയ്ക്കായി സമര്‍പ്പിക്കാം: 'ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമല്ല; ഇത് മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും പാഴ്‌സികളുടെയും കൂടി രാജ്യമാണ്. വിവിധ സമുദായങ്ങള്‍ തമ്മില്‍ പരസ്പര ധാരണയിലും സഹവര്‍ത്തിത്വത്തിലും കഴിയുമ്പോള്‍ മാത്രമേ ഈ രാജ്യത്തിന് വളരാനും വികസിക്കാനും സാധിക്കൂ. ഇവിടെ യാഥാര്‍ഥ്യമാകാന്‍ പോകുന്ന ഈ ജീവിതത്തിന്റെയും വെളിച്ചത്തിന്റെയും കേന്ദ്രം ബുദ്ധിപരമായി ലോകത്തെ ഏറ്റവും മികച്ച വിദ്യാര്‍ഥികളോട് കിടപിടിക്കുന്ന വിദ്യാര്‍ഥികളെ ഉല്‍പ്പാദിപ്പിക്കണമെന്ന് മാത്രമല്ല, അവര്‍ മാന്യമായി ജീവിക്കുന്നവരും തങ്ങളുടെ രാജ്യത്തെ സ്‌നേഹിക്കുന്നവരും ഉത്തരവാദപ്പെട്ട അധികൃതരോട് കടപ്പാടുള്ളവരുമായിരിക്കണമെന്നാണെന്റെ ആശയും പ്രാര്‍ഥനയും'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."