സാങ്കേതിക വിദഗ്ധനും നഗരസഭാ ചെയര്‍പേഴ്‌സനും രണ്ടുതട്ടില്‍
സ്വന്തം ലേഖിക
കൊച്ചി : തീരപരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ സാങ്കേതിക വിദഗ്ധന്‍ എസ്.ബി സര്‍വാത്തെയും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ടി.എച്ച് നദീറയും രണ്ടുതട്ടില്‍.
ഫ്‌ളാറ്റുകളുടെ പ്രാരംഭ പൊളിക്കല്‍ നടപടി ആരംഭിച്ചതോടെ തൊട്ടടുത്ത വീടുകള്‍ക്ക് വിള്ളലുണ്ടായെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ ഉറച്ച് നില്‍ക്കുമ്പോള്‍ ഇത് സാധാരണ വിള്ളലാണെന്നാണ് സര്‍വാത്തെ പറയുന്നത്.
ആല്‍ഫ സെറീന്‍ ഫ്‌ളാറ്റ് സമുച്ചയത്തിലെത്തിയ സര്‍വാത്തെ തൊട്ടടുത്ത് വിള്ളലേറ്റ വീടുകള്‍ സന്ദര്‍ശിച്ചതിനുശേഷമാണ് ഇതേകുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
യമുന, വിജയന്‍, ഹരി, അജിത് എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചതിനുശേഷമായിരുന്നു പ്രതികരണം. ഫ്‌ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകില്ലെന്നും ഇത് സര്‍ക്കാരിന് വേണ്ടി രേഖാമൂലം എഴുതി നല്‍കാന്‍ തയാറാണെന്നും സര്‍വാത്തെ പറഞ്ഞു.
ഭൂമിയുടെ ഉപരിതലത്തില്‍നിന്നു രണ്ടു മീറ്റര്‍ ഉയരത്തിലാണ് സ്‌ഫോടനം നടത്തുന്നത്. അതിനാല്‍ ഭൂമിയില്‍ പ്രകമ്പനങ്ങള്‍ ഉണ്ടാകില്ല. നൂറു കണക്കിന് നിയന്ത്രിത സ്‌ഫോടനങ്ങള്‍ നടത്തിയ കമ്പനിയാണ് മരടിലെ ഫ്‌ളാറ്റും പൊളിക്കുന്നത്. ഇതുവരെ എവിടെയും അപകടങ്ങള്‍ ഉണ്ടായതായി പരാതി ഉയര്‍ന്നിട്ടില്ല. അതിനാല്‍ മരടിലും അപകടം ഉണ്ടാകാന്‍ യാതൊരു സാധ്യതയും ഇല്ലെന്ന് സര്‍വാത്തെ പറഞ്ഞു.
അതേസമയം ആല്‍ഫ സെറീന്‍ ഫ്‌ളാറ്റ് പൊളിക്കുന്ന വിജയ സ്റ്റീല്‍സ് കമ്പനിക്ക് ചില ജാഗ്രത കുറവുകള്‍ ഉണ്ടായി. അത് പരിഹരിച്ചു മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അജിത്തിന്റെയും ഹരിയുടെയും യമുനയുടെയും വീടുകളിലെ വിള്ളലുകള്‍ സാരമുള്ളതാണെന്നും സര്‍വാത്തെ, പൊളിക്കാന്‍ കരാറേറ്റെടുത്തിരിക്കുന്ന കമ്പനികള്‍ക്ക് വേണ്ടിയാണോ സംസാരിക്കുന്നതെന്ന് സംശയമുണ്ടെന്നും ചെയര്‍പേഴ്‌സന്‍ പ്രതികരിച്ചു.
കഴിഞ്ഞദിവസം, പൊളിക്കല്‍ നടപടിക്ക് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സബ് കലക്ടര്‍ സേഹില്‍ കുമാര്‍ കമ്പനികള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്തമാക്കിയിരുന്നെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു.
അതേസമയം ഇന്നലെ ചേര്‍ന്ന സാങ്കേതിക വിദഗ്ധരുടെയും ഇന്‍ഷുറന്‍സ് ഏജന്‍സികളുടെയും യോഗത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച് ധാരണാപത്രം തയാറാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനമായി. 50മീറ്ററിനുള്ളിലെ കെട്ടിടങ്ങളുടെ സ്ട്രക്ച്ചറല്‍ വാല്യുവും കണക്കാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."