പാമാംകോട് പാലം തകര്‍ച്ചയുടെ വക്കില്‍
കാട്ടാക്കട : മലയോര മേഖലയിലെ മലഞ്ചരക്കുകള്‍ വാങ്ങാനും അത് വിദേശത്ത് കടത്താനും ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ചതാണ് പാമാംകോട് പാലം . രാജ്യം സ്വതന്ത്രമായി ജനാധിപത്യം വന്നപ്പോള്‍ പാലത്തിന്റെ അവസ്ഥ ദയനീയമായി. പൊതുമരാമത്തിന്റെ കൊടിയ അവഗണനയില്‍ നശിക്കുകയാണ് ഈ പാലം.
പാപ്പനംകോടിനെ മലയിന്‍കീഴുമായി ബന്ധിപ്പിക്കുന്ന പാലം ദിനം പ്രതി ശോച്യാവസ്ഥയിലേക്ക് കൂപ്പു കുത്തുകയാണ്. തിരുവിതാംകൂര്‍ ഭരണകാലത്ത് നിര്‍മിച്ച പാലം മലഞ്ചരക്കുകള്‍ വാങ്ങുകയും തോട്ടങ്ങള്‍ നിര്‍മിക്കാനും വേണ്ടി ഗതാഗതസൗകര്യം ഒരുക്കാനാണ് പാലം വന്നത്.
പഴയ കാലത്തെ തൊഴിലാളികളുടെ നിര്‍മാണ ശൈലിയുടെ ഭാഗമായ ആര്‍ച്ച് രൂപം ഈ പാലത്തിലുമുണ്ട്. കാലപ്പഴക്കം ചെന്നതോടെ പാലത്തിന്റെ കൈവരിയും ആര്‍ച്ചിലെ കരിങ്കല്ലും ചുടുകല്ലും ഇളകി വീഴാനാരംഭിച്ചു. കോണ്‍ക്രീറ്റ് കമ്പികള്‍ ദ്രവിച്ച് പുറത്തേക്ക് തള്ളിയ നിലയിലാണ്.
ഒരു കാലത്ത് വിപുലമായ നെല്‍ കൃഷി നടത്തിയിരുന്ന പ്രദേശത്തേക്ക് നെയ്യാര്‍ ഡാമില്‍ നിന്നു വെള്ളം എത്തിച്ചിരുന്ന കനാലിന് കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പാപ്പനംകോട്, നേമം ഭാഗങ്ങളില്‍ നിന്നു എത്തുന്ന വാഹനങ്ങള്‍ക്ക് മൂക്കുന്നിമല, മലയിന്‍കീഴ്, കാട്ടാക്കട തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്താനായി പാമാംകോട് വഴി എളുപ്പമാര്‍ഗമാണ്.
മൂക്കുന്നിമലയില്‍ കരസേനയുടെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് സൈനിക വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഭാരം കൂടിയ വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്.
അവഗണയുടെ തീവ്രത കൂടിയതോടെ പാലത്തിന്റെ ഇരുവശങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിക്കഴിഞ്ഞു. പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും വര്‍ധിച്ചതായി പാലത്തിന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡ് ഡ്രൈവര്‍മാരും പരാതിപ്പെട്ടു. കൂടാതെ കനാലിനോട് ചേര്‍ന്ന് നിലവില്‍ ഏലകൃഷി ആരംഭിച്ച സ്ഥലങ്ങളില്‍ മാലിന്യം ഒഴുകിയെത്തി കൃഷി നശിക്കുന്നതായി കര്‍ഷകരും പരാതിപ്പെട്ടു.
നൂറ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പാലങ്ങളുടെ സംരക്ഷണത്തിനായി തിരഞ്ഞെടുത്ത സംസ്ഥാനത്തെ വിവിധ പാലങ്ങളുടെ പട്ടികയില്‍ പാമാംകോട് പാലവും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ യാതൊരു നടപടിയും തുടങ്ങിട്ടില്ലത്രെ. പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊതു മരാമത്ത് വകുപ്പ് പാലത്തിന്റെ ഒരു വശം വീതി കൂട്ടിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന പരാതിയും നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."