ജപ്പാനില്‍ യു.എസ് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു
ടോക്കിയോ: ജപ്പാനില്‍ യു.എസ് യുദ്ധവിമാനങ്ങള്‍ കുട്ടിയിടിച്ച് അഞ്ചുപേരെ കാണാതായി. തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ മുറോട്ടോ മുനമ്പിനു 100 മീറ്റര്‍ അകലെ കടലിനു മുകളില്‍വച്ചായിരുന്നു സംഭവം. രണ്ടുപേരുമായി സഞ്ചരിച്ച എഫ്.എ- 18 ഫൈറ്റര്‍ ജെറ്റും അഞ്ചു പേരുമായി പറന്ന കെ.സി- 130 ഇന്ധന ടാങ്കര്‍ വിമാനവുമാണ് കൂട്ടിയിടിച്ചത്.
അന്തരീക്ഷത്തില്‍വച്ച് ഇന്ധനം നിറയ്ക്കുന്ന പരിശീലനത്തിനിടെയായാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍പെട്ട രണ്ടു പേരെ രക്ഷപ്പെടുത്തിയെന്നു ജപ്പാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതില്‍ ഒരാളുടെ നില തൃപ്തികരമാണെന്നും മറ്റൊരാളെ ചികിത്സക്കായി പ്രാദേശിക ആശുപത്രിയിലേക്കു മാറ്റിയെന്നും നേവി മന്ത്രാലയം പറഞ്ഞു. സംഭവസ്ഥലത്തു യു.എസ്-ജപ്പാന്‍ സൈന്യങ്ങള്‍ സംയുക്തമായി തിരച്ചില്‍ തുടരുകയാണ്. ഒന്‍പതു വിമാനങ്ങള്‍, മൂന്നു കപ്പലുകള്‍ എന്നിവയാണ് തിരച്ചിലില്‍ പങ്കെടുക്കുന്നതെന്നു ജപ്പാന്‍ പ്രതിരോധ മന്ത്രി തകോഷി ഐവായ പറഞ്ഞു. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായതെന്നും നാലു മണിക്കൂറിനു ശേഷം ഒരാളെയും പത്തു മണിക്കൂറിനു ശേഷം മറ്റൊരാളെയും രക്ഷപ്പെടുത്തിയെന്നും ജപ്പാന്‍ അധികൃതര്‍ അറിയിച്ചു.
ജപ്പാനില്‍ 50,000 യു.എസ് സൈനികരാണുള്ളത്. ഇതില്‍ 18,000 പേര്‍ നേവി വിഭാഗത്തിലുള്ളവരാണ്. കഴിഞ്ഞ മാസം യു.എസിന്റെ എഫ്.എ -18 വിമാനം തെക്കന്‍ ഒകിനാവയില്‍ തകര്‍ന്നിരുന്നു. അന്നു വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരും രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."