അവര്‍ ഇനി തെരുവില്‍ ഉറങ്ങില്ല; ആദ്യ പാര്‍പ്പിടം നാലു മാസത്തിനകം
കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയില്‍ തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കായി പാര്‍പ്പിടമൊരുങ്ങുന്നു. നല്ലളത്ത് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 22 സെന്റ് സ്ഥലത്താണ് പാര്‍പ്പിടമൊരുക്കുകയെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദീന്‍ ദയാല്‍ ഉപാധ്യായ അന്ത്യോദയ യോജന, ദേശീയ നഗര ഉപജീവന യജ്ഞം, കേന്ദ്ര പാര്‍പ്പിട ദാരിദ്ര ലഘൂകരണ മന്ത്രാലയത്തിന്റെ കീഴില്‍ നഗരങ്ങളിലെ ജനങ്ങളുടെ ദാരിദ്ര്യ ലഘൂകരണത്തിനു വേണ്ടി നടപ്പാക്കുന്ന പദ്ധതി പ്രകാരമാണിത്. ഇതുസംബന്ധിച്ച് കോര്‍പറേഷന്‍ കേന്ദ്ര സര്‍ക്കാരിന് ഡി.പി.ആര്‍ സമര്‍പ്പിക്കും.
അംഗീകാരം ലഭിക്കുന്നതോടെ പദ്ധതി പ്രവര്‍ത്തനവുമായി മുന്നോട്ടു പോകും. ആറു കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 75 ശതമാനം ഫണ്ട് കേന്ദ്ര സര്‍ക്കാരും 25 ശതമാനം ഫണ്ട് സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുക. ഇപ്പോള്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പുതിയ ബസ് സ്റ്റാന്‍ഡിലെയും സെന്‍ട്രല്‍ മാര്‍ക്കറ്റിലെയും സ്ഥലംകൂടി ഷെല്‍ട്ടര്‍ സ്ഥാപിക്കാനായി പരിഗണിക്കും. നാലു മാസത്തിനകം ആദ്യ ഷെല്‍ട്ടര്‍ ആരംഭിക്കാനാകുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഇതുസംബന്ധിച്ച് കോര്‍പറേഷന്‍ നടത്തിയ രാത്രികാല സര്‍വേയില്‍ 294 പേരെ കണ്ടെത്തിയിരുന്നു. ഇതില്‍ 255 പേര്‍ പുരുഷന്മാരും 34 സ്ത്രീകളുമാണ്. അഞ്ചു ഭിന്നലിംഗക്കാരുമുണ്ട്. 27 പേര്‍ക്ക് വരുമാനം പത്തായിരത്തിലധികമാണ്. 1000 രൂപയില്‍ താഴെ വരുമാനം ലഭിക്കുന്നവര്‍ 90 പേരും 106 പേര്‍ക്ക് 5000 താഴെയും 71 പേര്‍ക്ക് 10,000 താഴെയുമാണ് വരുമാനം. ഇവരില്‍ 34 പേര്‍ ഭിക്ഷാടനം നടത്തിയാണ് ജീവിക്കുന്നത്. കൂലിപ്പണിയെടുക്കുന്ന 165 പേരും തെരുവുകച്ചവടം നടത്തുന്ന 22 പേരും തെരുവിലാണ് കഴിയുന്നത്.
ഒരു വര്‍ഷത്തിലേറെയായി തെരുവില്‍ കഴിയുന്നവര്‍ 213 പേരുണ്ട്. 150 പേര്‍ 41 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. 18 വയസിനു താഴെയുള്ള ഒരാളാണുള്ളത്. 61 വയയസിന് മുകളില്‍ പ്രായക്കാരായ 56 പേരുണ്ട്. തിരിച്ചറിയല്‍ രേഖയില്ലാത്തവരാണ് 27 പേരും. തനിച്ച് താമസിക്കുന്നവര്‍ 277 പേരും കുടുംബമായി 17 പേരും താമസിക്കുന്നു. 235 പേരും സ്ഥിരമായി ഒരേ സ്ഥലത്ത് അന്തിയുറങ്ങുന്നവരാണ്.
56 പേര്‍ രേഗബാധിതരും നാലുപേര്‍ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുമാണ്. ഇവരില്‍ വീടും സ്ഥലവുമുള്ള 153 പേരുണ്ട്. 141 പേര്‍ക്ക് വീടും സ്ഥലവുമില്ല. 248 പേരും ഷെല്‍ട്ടറുകളില്‍ താമസിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ 46 പേര്‍ താല്‍പര്യമില്ലെന്നറിയിച്ചിട്ടുണ്ട്.
പുതുതായി നിര്‍മിക്കുന്ന ഷെല്‍ട്ടറുകളില്‍ താമസിക്കാന്‍ 125 പേര്‍ക്ക് സമ്മതമാണ്. 101 പേര്‍ അഗതി മന്ദിരത്തിലും 20 പേര്‍ വൃദ്ധമമന്ദിരത്തിലും രണ്ടുപേര്‍ മഹിളാ മന്ദിരത്തിലും താമസിക്കാന്‍ താല്‍പ്പര്യപ്പെട്ടു. അനാഥരായ 35 പേരും വീടുവിട്ടിറങ്ങിയ 14 പേരും ഇക്കൂട്ടത്തിലുണ്ട്.
ഒരുദിവസം കൊണ്ട് എട്ടു സംഘങ്ങളായിട്ടാണ് സര്‍വേ പൂര്‍ത്തീകരിച്ചത്. തെരുവില്‍ കഴിയുന്നവര്‍ക്കായി തിരിച്ചറിയല്‍ രേഖയും ഇന്‍ഷുറന്‍സ്, ആധാര്‍ കാര്‍ഡ് അടക്കമുള്ള ആനുകൂല്യങ്ങളും സേവനങ്ങളും ലഭ്യമാക്കും. കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി പദ്ധതി ആരംഭിക്കും. കോര്‍പറേഷനില്‍ നടത്തിയ സര്‍വേ പ്രകാരം 22036 തെരുവുകച്ചവടക്കാരാണുള്ളത്.
വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.വി ബാബുരാജ്, എം. രാധാകൃഷ്ണന്‍, അനിതാ രാജന്‍, ലളിത പ്രഭ, സെക്രട്ടറി മൃണ്‍മയ് ജോഷി, ഹെല്‍ത്ത് സൂപ്രണ്ട് ഡോ. ഗോപകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."