മണലിപ്പുഴയുടെ സംരക്ഷണത്തിന് 75 ലക്ഷം
തൃശൂര്‍: ജില്ലയില്‍ ഏഴു ഗ്രാമ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന മണലിപ്പുഴയുടെ സംരക്ഷണത്തിന് ജില്ലാ പഞ്ചായത്ത്, അതത് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ 75 ലക്ഷം രൂപ ചെലവഴിക്കും.
പാണഞ്ചേരി, പുത്തൂര്‍, നടത്തറ, അളഗപ്പനഗര്‍, തൃക്കൂര്‍, നെന്മണിക്കര, വല്ലച്ചിറ പഞ്ചായത്തുകളിലാണ് മണലിപ്പുഴ സംരക്ഷണ പദ്ധതിയുമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സര്‍ക്കാരിന്റെ 'ജലരക്ഷ-ജീവരക്ഷ' പദ്ധതിയുടെ ഭാഗമായാണ് മണലിപ്പുഴയുടെ സംരക്ഷണം നടത്തുന്നത്.
ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ ടി.വി. അനുപമ അധ്യക്ഷയായി കലക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
പുഴ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് പാണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സംയുക്ത പരിശോധന നടത്തും.
പുഴ സംരക്ഷണ ചുമതല വഹിക്കുന്ന ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ പി.ഡി സിന്ധുവിന്റെ നേതൃത്വത്തില്‍ സര്‍വേ വിഭാഗം, ഇറിഗേഷന്‍, അഡീ. ഇറിഗേഷന്‍, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കെ.എഫ്.ആര്‍.ഐ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശോധനക്കെത്തുക. തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ ഏഴു പഞ്ചായത്തുകളിലും സര്‍വേ നടപടികള്‍ ആരംഭിക്കും.
ജനുവരി ആദ്യവാരം മുതല്‍ പുഴയുടെ ഓരങ്ങളില്‍ 4000 ചെടികള്‍ വച്ചുപിടിപ്പിക്കും. മുള, രാമച്ചം, ഇഞ്ചിപ്പുല്ല്, ഈറ്റ, കൈത എന്നിവയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വച്ചുപിടിപ്പിക്കുക. എന്‍.എസ്.എസ്, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ച് ട്രീ ഗാര്‍ഡ് നിര്‍മിച്ച് ചെടികളെ സംരക്ഷിക്കും.
തുടര്‍ന്നും ഇവയുടെ സംരക്ഷണത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ വിനിയോഗിക്കും. ജനുവരിയില്‍ പുഴ സംരക്ഷണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി ജനകീയമായ രീതിയില്‍ 'പുഴ നടത്തവും' സംഘടിപ്പിക്കും.
മണലിപ്പുഴയുടെ സംരക്ഷണത്തിന്റെ ഭാഗമായി പ്രധാനമായും പുഴയുടെ കൈയേറ്റം ഒഴിപ്പിച്ച് സര്‍വേ നടത്തി പുഴ അളന്നു തിട്ടപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകള്‍ വഴി ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. പുഴ ഇടിഞ്ഞ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷിക്കുന്നതോടൊപ്പം മാലിന്യം, അടിഞ്ഞുകൂടിയ ചെളി, മണല്‍കൂനകള്‍ എന്നിവ മാറ്റുന്ന പ്രവര്‍ത്തനങ്ങളും ത്വരിതഗതിയില്‍ നടത്തും.
നെന്മണിക്കര ഭാഗത്ത് ഓടംചിറ ഷട്ടറിനടുത്ത് മണ്ണടിഞ്ഞുകൂടി ഷട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് ഉടന്‍ പരിഹരിക്കാന്‍ അഡി. ഇറിഗേഷന്‍ വകുപ്പിനോട് ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചു.
മണലിപ്പുഴയുടെ സമഗ്ര നീര്‍ത്തട പദ്ധതിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡില്‍ 54.95 കോടി രൂപയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ജില്ലാ മണ്ണ്‌സംരക്ഷണ ഓഫിസര്‍ പി.ഡി. സിന്ധു യോഗത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."