ഇല്ലിത്തോട് - വെറ്റിലപ്പാറ മലയോര ഹൈവേ പരിഗണനയില്‍: എം.എല്‍.എ
കാലടി: മലയാറ്റൂര്‍ ഇല്ലിത്തോട് മുതല്‍ അതിരപ്പിള്ളി വെറ്റിലപ്പാറ വരെ 12 മീറ്റര്‍ വീതിയില്‍ മലയോര ഹൈവേ നിര്‍മിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്ന് അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ പറഞ്ഞു. 1718 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1267 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മലയോര ഹൈവേ നിര്‍മിക്കുന്നതിനായി 3500 കോടി വകയിരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് (കിഫ്ബി )വഴി തുക സമാഹരിച് ഈ പദ്ധതി നടപ്പിലാക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലയാറ്റൂരിനെയും, അതിരപ്പിള്ളിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡും മലയോര ഹൈവേയില്‍ ഉള്‍പ്പെടുത്തണം എന്ന് എം.എല്‍.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വെറ്റിലപ്പാറ പാലം മുതല്‍ കാലടി പ്ലാന്റ്റേഷന്‍ മേഖലയിലൂടെ പാണ്ടുപാറ വഴി ഇല്ലിത്തോട് വരെയാണ് പ്രസ്തുത മലയോര ഹൈവേ വിഭാവനം ചെയ്യുന്നത്. നിരവധി തീര്‍ത്ഥാടകരും, വിനോദ സഞ്ചാരികളും എത്തിച്ചേരുന്ന മലയാറ്റൂരിനെഅതിരപ്പിള്ളിയുമായി ബന്ധിപ്പിക്കുകവഴി ഈ മേഖലകളുടെ സമഗ്ര വികസനത്തിന് മലയോര ഹൈവേ സഹായകമാകും. അതുപോലെതന്നെ നിര്‍ദിഷ്ട പാത കടന്നു പോകുന്ന കണ്ണിമംഗലം, പാണ്ടുപാറ, പ്ലാന്റ്റേഷന്‍മേഖലയുടെയും വികസനത്തിന് ആക്കം കൂട്ടുവാന്‍ ഇത് സഹായകരമാകും
റോഡിന്റെ പ്രാരംഭ നടപടികള്‍ക്കായി വെറ്റിലപ്പാറമുതല്‍ ഇല്ലിത്തോട് വരെ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിന് പതിനൊന്നു ലക്ഷം രൂപയുടെ എസ്റ്റിമേറ്റും കൂടാതെ ഇല്ലിത്തോടിനെയും, ചെട്ടിനടയെയും ബന്ധിപ്പിക്കുന്നതിനായി 6 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും പൊതുമരാമത്തു വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. 12 മീറ്റര്‍ വീതിയില്‍ സര്‍വ്വേ നടത്തുന്നതിനും, മണ്ണിന്റെ ഘടന പരിശോധിക്കുന്നതിനും,ട്രാഫിക് സര്‍വ്വേ നടത്തുന്നതിനും എസ്റ്റിമേറ്റില്‍ തുക ഉള്‍പെടുത്തിയിട്ടുണ്ട്. മലയോര ഹൈവേ കടന്നു പോകുന്ന പ്രദേശത്തിലെ പഞ്ചായത്തുകളുമായും, വനം വകുപ്പുമായും, പ്ലാന്റ്റേഷന്‍ കോര്പറേഷനുമായും ബന്ധപ്പെട്ടുകൊണ്ട് സ്ഥലത്തിന്റെ ലഭ്യത കണക്കിലെടുത് തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."