സംസ്ഥാനത്ത് ക്രിസ്മസ് -പുതുവത്സരം ലക്ഷ്യമിട്ട് വ്യാജമദ്യ നിര്‍മാണം സജീവമാകുന്നു
വാളയാര്‍: സംസ്ഥാനത്ത് ക്രിസ്മസ് പുതുവത്സരം അടുക്കുന്നതോടെ വ്യാജമദ്യനിര്‍മാണം വ്യാപകമാകുന്നു. എക്‌സൈസ് ഇന്റലിജന്‍സ് വകുപ്പുകളുടെ പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും ലഹരിമാഫിയകള്‍ നൂതന വഴികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്.
റോഡു മാര്‍ഗം വാഹനങ്ങളില്‍ കടത്തുന്ന സ്പിരിറ്റ് പിടികൂടുമെന്നതിനാല്‍ കള്ള് രൂപത്തിലാണ് എത്തിക്കുന്നത്. സംസ്ഥാനത്തെ പ്രധാന കള്ളുചെത്തു മേഖലയായ ചിറ്റൂരില്‍ നിന്ന് പ്രതിദിനം ഇരുനൂറിലധികം വാഹനങ്ങളിലാണ് വ്യാജക്കള്ളുമായി അയല്‍ ജില്ലകളിലേയ്ക്കു പോകുന്നത്. എന്നാല്‍ മിക്ക വാഹനങ്ങളിലും സ്പിരിറ്റാണെന്നത് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാമെങ്കിലും പരിശോധനയ്ക്ക് മതിയായ സംവിധാനങ്ങളില്ലാത്തതും മാഫിയകളുടെസ്വാധീനം മൂലവും പലതും പിടിക്കപ്പെടാറില്ല. കള്ള് കടത്തുവാഹനങ്ങള്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും ഇവിടെ പെര്‍മിറ്റിനനുസരിച്ചുള്ള കള്ളാണോ കയറ്റിയതെന്നു മാത്രമാണ് നോക്കുന്നത്.
എക്‌സൈസ് വാഹനം പരിശോധിക്കുന്ന ചെക്ക് പോസ്റ്റുകളില്‍ മോബൈല്‍ ലബോറട്ടറികള്‍ വേണമെന്ന കഴിഞ്ഞ സര്‍ക്കാറിന്റെ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നതും ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നു. കള്ളിന്റെ സാമ്പിളെടുത്ത് സ്പിരിറ്റിന്റെ അളവ് കണ്ടെത്താന്‍ ഇത്തരം ലബോറട്ടികള്‍ക്കേ സാധിക്കൂ.
35 ലിറ്ററിന്റെ ഒരു കന്നാസ് സ്പിരിറ്റുണ്ടെങ്കില്‍ നാലു മുതല്‍ അഞ്ചു ഷാപ്പുകളില്‍ വരെ കള്ളുണ്ടാക്കി കൊടുക്കാന്‍ കഴിയും. സ്പിരിറ്റുകടത്തും, സ്പിരിറ്റുകടത്തിയ കള്ളു പിടിക്കുന്നതും രണ്ടു കുറ്റങ്ങളായതിനാല്‍ ശിക്ഷയില്‍ മതിയായ ഇളവ് ലഭിക്കുമെന്നതും കടത്തിനും നിര്‍മാണത്തിനും സഹായകമാകുന്നു. കള്ളുകടത്താനുള്ള പെര്‍മിറ്റിന്റെ മറവില്‍ സ്പിരിറ്റുകടത്തിയാല്‍ പിടിക്കപ്പെടുമെന്ന ഭീതിയില്ലാത്തതും വ്യാജമദ്യക്കടത്തിന് ഒഴുക്കേകുന്നു. സംസ്ഥാനത്ത് മദ്യനിരോധനത്തിനുശേഷം ബാറുകളില്‍ വീര്യം കൂടിയ മദ്യം ലഭിക്കാതെയായതാണ് വ്യാജമദ്യത്തിന്റെ ഡിമാന്റ് കൂട്ടിയതും മദ്യനിര്‍മാണ മാഫിയകള്‍ രംഗത്ത് വേരുറപ്പിച്ചതും. ക്രിസ്മസ് പുതുവത്സരാഘോഷം അടുക്കുന്നതോടെ സംസ്ഥാനത്തേക്കൊഴുകുന്ന വ്യാജമദ്യം തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോ സംസ്ഥാന സര്‍ക്കാരോ തയാറാകാത്തിടത്തോളം ഇനിയൊരു വ്യാജമദ്യ ദുരന്തത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."