ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടുക്കിയിലെ കര്‍ഷകരുടെയും മറ്റു വിഭാഗം ജനങ്ങളുടെയും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗത്തില്‍ ഉറപ്പു നല്‍കി.
ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 2019 ഓഗസ്റ്റ് 22 ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇടുക്കിയിലെ ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തില്‍ ഉന്നയിച്ചു.
മൂന്നാറിന്റെ സവിശേഷതകള്‍ കണക്കിലെടുത്ത് ആ പ്രദേശം പ്രത്യേകമായി സംരക്ഷിക്കപ്പെടണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ഓരോ വര്‍ഷവും അവിടെ എത്തുന്നത്. സഞ്ചാരികള്‍ക്കു മുഴുവന്‍ മൂന്നാറില്‍ തന്നെ താമസം ഒരുക്കേണ്ടതില്ല.
മൂന്നാറിന് ഉള്‍ക്കൊള്ളാവുന്ന ടൂറിസ്റ്റുകള്‍ എത്രയാണെന്ന് കണക്കാക്കേണ്ടതുണ്ട്. അതിനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ വേണ്ടി വരും. മൂന്നാറിന് പ്രത്യേകമായി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ഉണ്ടാക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള നടപടികള്‍ എടുത്തുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. മൂന്നാറിന്റെ പ്രത്യേകതകള്‍ സംരക്ഷിക്കുന്നതിന് എത്ര വില്ലേജുകള്‍ അതില്‍ ഉള്‍പ്പെടുത്തണം എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇപ്പോള്‍ എട്ടു വില്ലേജുകളിലാണ് കോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി ആവശ്യമായി വരുന്നത്. ഈ നിയന്ത്രണപരിധി കുറയ്ക്കുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കും.
ആരാധനാലയങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ മുതലായ പൊതുകെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക സമീപനം വേണ്ടി വരും. കര്‍ഷകരുടെയും ഭൂരഹിതരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃഷിക്കായി സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നതിനുള്ള 1964 ലെ ഭൂപതിവു ചട്ടങ്ങള്‍ക്കും 1993 ലെ പ്രത്യേക ചട്ടങ്ങള്‍ക്കും കാലോചിതമായ ഭേദഗതി ആവശ്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, എം.എം മണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.ജെ തോമസ്, കെ.കെ ജയചന്ദ്രന്‍ (സി.പി.എം), ഇബ്രാഹിം കുട്ടി കല്ലാര്‍, റോയി കെ.പൗലോസ് (കോണ്‍ഗ്രസ്സ്), ടി.എം സലിം (മുസ്‌ലിം ലീഗ്), കെ.പ്രകാശ് ബാബു, കെ.കെ ശിവരാമന്‍ (സി.പി.ഐ), എം.ടി രമേശ് (ബി.ജെ.പി), എം.ജെ ജേക്കബ് (കേരള കോണ്‍ഗ്രസ്സ് എം), ജോണി നെല്ലൂര്‍ (കേരള കോണ്‍ഗ്രസ്സ് ജേക്കബ്) എം.കെ ജോസഫ്, കെ.എം തോമസ് (ജനദാദള്‍ എസ്), ഷെയ്ക്ക് പി.ഹാരിസ് (ലോക് താന്ത്രിക് ജനതാദള്‍), പി.ജി പ്രസന്നകുമാര്‍ (ആര്‍.എസ്.പി) സലിം പി.മാത്യു (എന്‍.സി.പി), സി.വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ്സ് ബി), ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാര്‍, ഇടുക്കി കലക്ടര്‍ എച്ച്.ദിനേശ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."