HOME
DETAILS
MAL
ഇംപീച്ച്‌മെന്റ്: ട്രംപിന്റെ ഭാവിയെന്ത്?
backup
December 20 2019 | 01:12 AM
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ജനപ്രതിനിധിസഭ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയിരിക്കുകയാണ്. വിചാരണയ്ക്ക് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ സെനറ്റ് കൂടി പ്രമേയം പാസാക്കുകയാണെങ്കില്‍ പ്രസിഡന്റ് പദത്തില്‍ നിന്ന് പുറത്താവും. പക്ഷെ അതിന് വിദൂര സാധ്യതയാണുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് സെനറ്റില്‍ ഭൂരിപക്ഷം. ട്രംപിനെ വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കുവാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആലോചിക്കുന്നതിനിടയിലാണ് ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയിരിക്കുന്നത്.
ട്രംപിനെ ഇംപീച്ച്‌മെന്റില്‍നിന്ന് രക്ഷിക്കുവാന്‍ ഒരുപക്ഷെ സെനറ്റിന് കഴിഞ്ഞേക്കാമെങ്കിലും ജനപ്രീതി താഴോട്ട് വന്നസ്ഥിതിക്ക് രണ്ടാമൂഴം അദ്ദേഹത്തിന് നല്‍കുമോ എന്നകാര്യം സംശയത്തിലാണ്. അങ്ങിനെ വന്നാല്‍തന്നെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ട്രംപിന് മേല്‍ ആദ്യവിജയം നേടാന്‍ കഴിയും. ട്രംപ് അനുകൂലികള്‍ മാറിചിന്തിക്കുകയും സെനറ്റില്‍ അദ്ദേഹത്തിനെതിരേ ഇംപീച്ച്‌മെന്റ് വേണമെന്ന ആവശ്യത്തിന്മേല്‍ വോട്ട് രേഖപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ അമേരിക്കയുടെ ചരിത്രത്തിലെ മൂന്നാമത്തെ പ്രസിഡന്റായിരിക്കും ഇംപീച്ച്‌മെന്റ് വഴി പുറത്തേക്ക് പോകേണ്ടിവരിക. ഇംപീച്ച് ചെയ്യപ്പെട്ട ആന്‍ഡ്രൂ ജോണ്‍സണ്‍ന്റെയും ബില്‍ക്ലിന്റന്റെയും നിരയിലേക്കായിരിക്കും ചരിത്രം ട്രംപിനെയും കുടിയിരുത്തുക.
പ്രമേയം ജനപ്രതിനിധി സഭയില്‍ പാസാക്കുന്നതിനെതിരേ ട്രംപ് സ്പീക്കര്‍ നാന്‍സി പെലോസിക്ക് കത്തെഴുതിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. ഭരണത്തെ അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് ഇംപീച്ച്‌മെന്റ് പ്രമേയമെന്ന് കത്തില്‍ ട്രംപ് ആരോപിച്ചിരുന്നു. മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡനെതിരേ കേസുകള്‍ കുത്തിപ്പൊക്കാന്‍ ട്രംപ് ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സിക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമായിരുന്നു ട്രംപിനെതിരേയുള്ള കുറ്റാരോപണം. ഇന്റലിജന്‍സ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലും ഇത് കണ്ടെത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ജനപ്രതിനിധിസഭ കഴിഞ്ഞ സെപ്റ്റംബറില്‍ ആരംഭിച്ചത്.
പ്രമേയം പാസാക്കിയതിന് തൊട്ടുപിന്നാലെ വൈറ്റ് ഹൗസ് കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നതില്‍നിന്ന്തന്നെ ട്രംപിന്റെ ജനപ്രീതിക്ക് കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് ഇനി പത്ത് മാസമാണുള്ളത്. ഇതിനുള്ളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനപ്രീതി തിരിച്ചുപിടിക്കുവാന്‍ ട്രംപിന് കഴിയുമെങ്കില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപ് തന്നെയായിരിക്കും. പ്രതിബന്ധങ്ങളെയും പ്രതിസന്ധികളെയും തനിക്ക് അനുഗുണമാക്കി തീര്‍ക്കാനുള്ള കഴിവ് ട്രംപിന് ഉണ്ട്. തനിക്കെതിരേയുള്ള ആരോപണങ്ങളെല്ലാം നേട്ടമാക്കി ചിത്രീകരിക്കാന്‍ വ്യവസായി കൂടിയായ ട്രംപിന് കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ നരേന്ദ്രമോദിയാണ് ട്രംപ് എന്ന് പറയുന്നത് ഇതിനാലായിരിക്കണം. ഇന്ത്യയില്‍ തനിക്കെതിരേവന്ന റാഫേല്‍ വിമാന ഇടപാട് അഴിമതിയാരോപണംപോലും തന്റെ നേട്ടമാക്കുവാനും രണ്ടാംതവണയും തെരഞ്ഞെടുപ്പ് വിജയം നേടാനും മോദിക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റു പലകാര്യങ്ങളിലും ഇവര്‍ തമ്മിലുള്ള സമാനതകള്‍ ഏറെയാണ്. വംശീയാധിക്ഷേപത്തിലും രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലും പരിഹസിക്കുന്നതിലും ട്രംപ് ഒട്ടും പിന്നിലല്ല. യസീദി വനിതകള്‍ക്ക് വേണ്ടി പോരാടിയതിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ നാദിയ മുറാദിനോട് നിങ്ങള്‍ക്ക് എന്തിനാണ് നൊബേല്‍ പുരസ്‌കാരം ലഭിച്ചതെന്ന് ചോദിച്ച ആളാണ് ട്രംപ്. മാത്രമല്ല തനിക്ക് എന്ത്‌കൊണ്ടാണ് നൊബേല്‍ പ്രൈസ് ലഭിക്കാത്തതെന്ന് പരിഭവിക്കുകയും ചെയ്തു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ലോകരാഷ്ട്ര നേതാക്കള്‍ നടത്തുന്ന ശ്രമങ്ങളെയും കോര്‍പറേറ്റ് ഭീമനായ ട്രംപ് പരിഹസിച്ചിട്ടുണ്ട്. പാരീസില്‍ നടന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടി ബഹിഷ്‌കരിക്കുകയും ഉച്ചകോടി തീരുമാനങ്ങളെ അംഗീകരിക്കുകയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്ത വ്യക്തിയും കൂടിയാണ് ട്രംപ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് യു.എന്‍ ആഭിമുഖ്യത്തില്‍ നടത്തിയ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ സ്വീഡീഷ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഗ്രേറ്റ തന്‍ബര്‍ഗിനെയും തന്റെ പരിഹാസശരംകൊണ്ട് അപമാനിച്ചിട്ടുണ്ട് ഡൊണാള്‍ഡ് ട്രംപ്. യു.എന്‍ ഉച്ചകോടിയില്‍ ഗ്രേറ്റ നടത്തിയ പ്രസംഗം ലോകമൊട്ടാകെ തരംഗമായപ്പോള്‍ അദ്ദേഹം ആ ബാലികയെ പരിഹസിക്കുകയായിരുന്നു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട തന്റെ പ്രതിച്ഛായ തിരികെപിടിക്കാനും ഇന്ത്യന്‍ വംശജരുടെ വോട്ട് പിടിക്കാനുമായിരുന്നു ഹൂസ്റ്റണില്‍ സെപ്റ്റംബറില്‍ ഹൗഡിമോഡി സംഘടിപ്പിച്ചത്. സമ്മേളനത്തില്‍ ഇരുവരും പരസ്പരം വാനോളം പുകഴ്ത്തുകയുണ്ടായി. ഒരു വിദേശ രാജ്യത്തെ പ്രസിഡന്റിന് വേണ്ടി മോദി തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം നടത്തിയെന്ന്‌വരെ ആക്ഷേപം ഉയരുകയുണ്ടായി. കടുത്ത വംശീയവാദിയും കുടിയേറ്റ വിരുദ്ധനുമായ ട്രംപ് ഈ തുരുപ്പ്ചീട്ട് ഉയര്‍ത്തിയാണ് കഴിഞ്ഞ തവണ അമേരിക്കന്‍ ജനതയുടെ പ്രീതി നേടിയതും പ്രസിഡന്റായതും. പക്ഷെ ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റില്‍ പരാജയപ്പെട്ടാലും അടുത്ത തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി വീണ്ടും ട്രംപ് മത്സരിക്കുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."