ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കും
പയ്യന്നൂര്‍: കണ്ടങ്കാളിയിലെ നിര്‍ദിഷ്ട എണ്ണ സംഭരണശാലക്ക് വേണ്ടി ഭൂമി വിട്ടുനല്‍കുന്ന കുടുംബങ്ങള്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കുമെന്ന് പദ്ദതിക്കുവേണ്ടി സാമൂഹ്യ പ്രത്യാഘാത പഠനം നടത്തിയ രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിലെ സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ യൂനിറ്റ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
ഇന്നലെ പയ്യന്നൂരില്‍ സംഘടിപ്പിച്ച സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ ഹിയറിങ്ങിലാണ് പഠനസംഘം തയാറാക്കിയ കരട് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ആഘാത ബാധിത പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങളും പരിഹരിച്ച് ന്യായമായ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാമെന്നും ഓയില്‍ സേഫ്റ്റി ഡയരക്ടറേറ്റ് അനുശാസിക്കുന്ന നടപടികള്‍ നിര്‍ബന്ധമായും പിന്തുര്‍ന്ന് വേണം പദ്ദതി നടപ്പാക്കേണ്ടതെന്നും കരട് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസ്തുത നടപടികളെ കുറിച്ച് ജനങ്ങളെ ശരിയായ വിധത്തില്‍ ബോധവല്‍ക്കരിക്കണമെന്നും കരട് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
പദ്ധതിക്കായി 201 കുടുംബങ്ങള്‍ക്കാണ് ഭൂമി നഷ്ടപ്പെടുക. 67 കുടുംബങ്ങള്‍ക്ക് നെല്‍വയലുകളും 16 ഓളം കുടുംബങ്ങള്‍ക്ക് ഭാഗികമായി താമസസ്ഥലവും നഷ്ടപ്പെടും. 144 പേര്‍ക്ക് ഉപജീവന മാര്‍ഗം നഷ്ടപ്പെടുമെന്നും ധാരാളം മരങ്ങള്‍ മുറിച്ചു മാറ്റേണ്ടി വരുമെന്നും കരട് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പദ്ധതി പ്രദേശത്ത് മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്ക് പകരം ഇരട്ടി മരങ്ങള്‍ പദ്ധതി പൂര്‍ത്തിയായ ശേഷം വച്ചുപിടിപ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."