ജില്ലയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ വാഹനാപകടങ്ങള്‍ കണക്കുകള്‍ വര്‍ധിച്ചതായി
ഒലവക്കോട് : ജില്ലയില്‍ വാഹനാപകടങ്ങള്‍ പെരുകുമ്പോഴും കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നടന്ന 1254 വാഹനാപകടങ്ങളില്‍ 212 പേര്‍ മരിക്കുകയും 1352 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ഇത്രയധികം അപകടങ്ങള്‍ ഉണ്ടായത്.
അമിത വേഗതയും അശ്രദ്ധയും മദ്യപിച്ച് വാഹനമോടിക്കുന്നതും, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതുമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമെന്നാണ് ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാണ് കൂടുതലും ആള്‍ക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും മരണപ്പെടുന്നതും. ഇങ്ങനെ അപകടം സംഭവിക്കുന്നത് ഏറെയും യുവാക്കള്‍ക്കാണ്.
അപകടത്തില്‍പ്പെടുന്നവര്‍ ഏറെയും ഹെല്‍മെറ്റ് ഉപയോഗിക്കാത്തതിനാല്‍ തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റുന്നതിനാലാണ് മരണം സംഭവിക്കുന്നത്. ഏറെ അപകടങ്ങളും രാത്രി കാലങ്ങളിലാണ് സംഭവിക്കുന്നത്. രാത്രി കാലങ്ങളില്‍ റോഡുകളില്‍ തിരക്ക് കുറവായതിനാല്‍ മിക്ക വാഹനങ്ങളും അമിത വേഗത്തിലാണ് യാത്ര. ഇതില്‍ ഭൂരിഭാഗം പേരും മദ്യപിച്ചുമാണ് വാഹനം ഓടിക്കുന്നതിനാല്‍ അപകടങ്ങള്‍ ഉണ്ടാവാനുള്ള കാരണവും ഇതുതന്നെയാണ്. റോഡ് നിര്‍മ്മിതിയിലെ അപാകവും സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയും പല മേഖലയിലും വാഹനാപകടങ്ങള്‍ പെരുകുവാന്‍ കാരണമാകുന്നുണ്ട്.
ഔദ്യോഗിക കണക്ക് പ്രകാരം 2010 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍ ജില്ലയില്‍ 17108 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 2770 പേര്‍ മരിക്കുകയും 19299 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓരോ വര്‍ഷം കഴിയുംതോറും ഇരട്ടിയിലധികം മരണങ്ങളും അപകടങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഏറ്റവുമധികം അപകടങ്ങള്‍ നടന്നിട്ടുള്ളത് ദേശീയ പാതയിലാണെന്നും എടുത്തുപറയേണ്ടതാണ്. അടുത്തകാലത്തായി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസങ്ങള്‍ വിരളമാണ്. വലിയ അപകടങ്ങളും മരണങ്ങളും മാത്രമാണ് ഔദ്യോഗിക രേഖകളില്‍ ഉണ്ടാവുക. ചെറിയ അപകടങ്ങളൊന്നും കണക്കുകളില്‍ പെടാറില്ല. ആ കണക്കുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ വാഹനാപകടങ്ങളുടെ എണ്ണം പതിന്‍മടങ്ങ് വര്‍ദ്ധിക്കും. റോഡ് നിര്‍മ്മിതിയിലെ അശാസ്ത്രീയതയാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് റോഡ് സുരക്ഷാ കമ്മീഷന്‍ വിലയിരുത്തുന്നത്. ഒട്ടുമിക്ക സ്ഥലങ്ങളിലും കൊടും വളവുകളിലും അപകട മേഖലകളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലും സ്ഥാപിച്ചിട്ടില്ല. രാത്രി കാലങ്ങളില്‍ തെരുവു വിളക്കുകള്‍ പ്രകാശിക്കാത്തതും അപകടങ്ങള്‍ കാരണമാവുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."