പെരുമാള്‍ മുരുകന്റെ നാട്ടില്‍ നിന്ന് തണ്ണീര്‍ കുടവുമായി മുരുകന്‍ വരുന്നു, സ്ഥിരമായി
ബോബന്‍ സുനില്‍
കാട്ടാക്കട: സേലം മുതല്‍ ഇങ്ങ് തലസ്ഥാനം വരെ ദൈനം ദിന യാത്ര. അത് മുരുകന്റെ ജീവിത ചക്രമാണ്. ഈ യാത്ര തന്റെ ജീവിതത്തിന് തണ്ണീര്‍ നല്‍കുന്നതുപോലെ കത്തികാളുന്ന വേനലില്‍ മറ്റുള്ളവര്‍ക്ക് ആശ്വാസം നല്‍കുകയാണ് പെരുമാള്‍ മുരുകന്റെ നാട്ടില്‍ നിന്നുള്ള ഈ തമിഴ്‌നാട്ടുകാരന്‍.
രാവിലെ റെയില്‍വേ സ്റ്റേഷനിലോ ബസ് സ്റ്റേഷനിലോ മുരുകനെ കാണാം. ഒരു കെട്ട് സേലം വെള്ളരിക്കയുമായി മുരുകന്‍ എത്തും. വെള്ളരിക്ക ചെറിയ കഷണങ്ങളാക്കി പാക്കിലിറ്റ് തരും. വില പത്തു രൂപ.
കത്തി കാളുന്ന വെയിലില്‍ നാവിന് രുചിയും വയറിന് ആശ്വാസവുമാണ് ഈ പാക്കറ്റ്. വാടി കരിഞ്ഞു വരുന്നവര്‍ മുരുകനെ കണ്ടാല്‍ ഒരു പാക്കറ്റ് വാങ്ങാതെ പോകാറില്ല. അതിന്റെ രുചി അറിഞ്ഞാല്‍ അടുത്ത ദിവസവും മുരുകനെ തേടി എത്തും.
മുരുകന്‍ അധികവും റെയില്‍വേ സ്റ്റേഷനിലാണ് ഇരിക്കുക.പുലര്‍ച്ചെ സേലത്തുനിന്നുള്ള ട്രെയിനില്‍ എത്തുന്ന മുരുകന്റെ പക്കല്‍ ഒരു ചാക്ക് വെള്ളരിക്ക കാണും. സേലത്തെ കൃഷിയിടങ്ങളില്‍ വിളയുന്ന നല്ല വെള്ളരിക്ക. നമ്മുടെ നാട്ടുകാര്‍ ഈ വെള്ളരിക്കയെ സലാഡ് വെള്ളരിക്ക എന്നു വിളിക്കും. അര്‍ധരാത്രി സേലത്തെ ഗ്രാമത്തില്‍ നിന്നും വെള്ളരിക്കയുമായി എത്തുന്ന മുരുകന്‍ പുലര്‍ച്ചെ കേരളത്തില്‍ എത്തിയാല്‍ അത് വൃത്തിയാക്കുന്ന പണി. പൂ പോലെ മ്യദുലമായ വെള്ളരിക്ക കീറുന്നതിനും വേണം ഒരു പരിശീലനം.ഭംഗിയായി കീറിയ ഒരു വെള്ളരിക്ക കവറില്‍ ആക്കി അതില്‍ അല്‍പ്പം ഉപ്പും അല്‍പ്പം മുളക് പൊടിയും ചേര്‍ക്കും. ഇത് പാക്കറ്റിന് പത്തു രൂപയ്ക്കാണ് വില്‍ക്കുന്നത്. ഏതാണ്ട് ഉച്ച ആകുമ്പോള്‍ തന്നെ വിറ്റു തീരും. പിന്നെ മടക്കം. അര്‍ധരാത്രിയില്‍ സേലത്ത് എത്തും. അല്‍പ്പം ഉറക്കം വീണ്ടും അടുത്ത വണ്ടി പിടിക്കാന്‍ . രണ്ട് മക്കളുള്ള മരുകന്റെ ജീവിതമാണ് ഈ യാത്ര.
നാട്ടില്‍ ആകെയുള്ള അഞ്ച് സെന്റ് പുരയിടം. അതില്‍ ചെറിയ കൂര. മക്കള്‍ക്കും ഭാര്യയ്ക്കും തന്റെ പ്രായം ചെന്ന അമ്മയ്ക്കും ആകെ ആശ്രയം മുരുകന്‍ തന്നെ. ഇങ്ങനെ കിട്ടുന്ന പണം കൊണ്ടുവേണം ജീവിക്കാന്‍.
അതിനാല്‍ തന്നെ ട്രെയിന്റെ ഓട്ടത്തിനൊപ്പം മുരുകനും ഓടുന്നു. ഭാര്യയാണ് സേലത്തെ ക്യഷിയിടങ്ങളില്‍ നിന്നും ഇളം വെള്ളരിക്ക വാങ്ങുന്നത്. കിലോ മീറ്ററുകളോളം പരന്നു കിടക്കുന്ന വെള്ളരിക്ക തോട്ടങ്ങളില്‍ നിന്നും വില പേശി വാങ്ങാന്‍ ഭാര്യക്ക് അറിയാം- മുരുകന്‍ പറയുന്നു.
ഒരു ദിവസം ശരാശരി 1000 രൂപയ്ക്ക് അകത്ത് ലാഭം കിട്ടുമെന്ന് മുരുകന്‍ പറയുന്നു. തന്റെ കീശ നിറഞ്ഞാലേ പിള്ളാരുടെ വയറ് നിറയൂ എന്നാണ് മുരുകന്‍ പറയുന്നത്.അതിനാല്‍ തന്നെ നിരന്തരം ഓട്ടമാണ്.കുഞ്ഞുങ്ങളെ നേരെവണ്ണാം ഒന്നു കാണാന്‍ പോലും കഴിയാത്ത നിലയാണ്. പൊങ്കല്‍, അമ്പലത്തിലെ ഉത്സവം, ദീപാവലി എന്നീ വിശേഷ ദിവസങ്ങളില്‍ യാത്ര ഒഴിവാക്കുന്ന മുരുകന്‍ ഹര്‍ത്താല്‍ ദിവസം പോലും എത്തും.
അന്ന് നല്ല കൊയ്ത്തായിരിക്കും. എന്നാല്‍ ട്രെയിനിന്റെ സമയം തെറ്റിയുള്ള വരവും പോക്കും പലപ്പോഴും മുരുകന്റെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അന്ന് ഇവിടെ എത്താനൊ അവിടെ എത്താനോ കഴിയില്ല. അതിനാല്‍ ട്രെയിനിനെ കൂടി തന്റെ ദൈവമായി കാണുകയാണ് മുരുകന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."