ഭരണഘടനയെന്ന കലാഗ്രന്ഥം
ഇന്ത്യന്‍ ഭരണഘടനയുടെ കൈയെഴുത്തുപ്രതി തയാറാക്കിയത് കാലിഗ്രഫി എഴുതുന്ന രീതിയിലായിരുന്നു. അന്നത്തെ ഏറ്റവും വിദഗ്ധനായ പ്രേം ബിഹാരി നാരായണ്‍ റെയ്‌സാദാ എന്ന വ്യക്തിയായിരുന്നു ഈ എഴുത്തിനു നേതൃത്വം കൊടുത്തത്. അതോടൊപ്പം ഇന്ത്യയുടെ പൈതൃകം എന്തായിരുന്നുവെന്നതിന്റെ മനോഹരമായ ചിത്രരചനകളും ഇതിന്റെ താളുകളില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ശാന്തിനികേതനത്തിലെ പ്രശസ്ത ചിത്രകലാ അധ്യാപകനായ ജാമിനി റോയിയും സഹപ്രവര്‍ത്തകരുമായിരുന്നു ഈ രചനകള്‍ നിര്‍വഹിച്ചത്. സാധാരണയായി അച്ചടിയില്‍ ലഭിച്ചുവരുന്ന കോപ്പികളില്‍ ഈ ചിത്രങ്ങള്‍ ലഭ്യമല്ല. എന്നാല്‍ ഭരണഘടന നടപ്പാക്കിയ അന്‍പതാം വര്‍ഷത്തിന്റെ സ്മരണയില്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യ രൂപത്തിലുള്ള കൈയെഴുത്തുപ്രതി അച്ചടിച്ചു പ്രചരിപ്പിച്ചിരുന്നു. അതിലെ ചിത്രങ്ങളും വകുപ്പുകളും തമ്മിലുള്ള ഘടനയെപ്പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.
ഗ്രന്ഥത്തിന്റെ തുറക്കുന്ന ആദ്യപുറത്ത് മൂന്നു സിംഹങ്ങളുടെ സാരനാഥ ചിത്രമാണ്. മൗര്യശില്‍പകലയുടെ പ്രശസ്തമായ ഈ ശില്‍പത്തില്‍ പേര്‍ഷ്യന്‍കലയുടെ സ്വാധീനം വ്യക്തമാണ്. അശോകസ്തംഭമെന്നറിയപ്പെടുന്ന ഈ സ്തൂപം സ്ഥിരനിക്ഷേപത്തിന്റെ പ്രതീകമാണ്. സാരനാഥില്‍നിന്നുള്ളതാണ് ഈ ശില്‍പം. അതിന്റെ താഴെ 'സത്യമേവ ജയതേ' എന്നു കുറിച്ചിരിക്കുന്നു. സത്യദര്‍ശനത്തെയും കര്‍മസ്ഥിരതയെയും ഈ ചിത്രം വ്യക്തമാക്കുന്നു.
ചിത്രത്തെ തുടര്‍ന്നുവരുന്ന ആദ്യഖണ്ഡം, യൂനിയന്‍ ടെറിറ്ററി, മോഹന്‍ജദാരോവിലെ സീല്‍കൊണ്ട് ആരംഭിക്കുന്നു. മോഹന്‍ജദാരോ ഇന്ന് പാകിസ്താനിലാണ്. ഖണ്ഡം രണ്ട് പൗരത്വത്തെ പ്രതിപാദിക്കുന്നു. ഇവിടെ കൊടുത്ത ചിത്രം വൈദികമായ ആശ്രമത്തിന്റെ ലൈന്‍ സ്‌കെച്ചുകളോടെയാണു നല്‍കിയത്. ഖണ്ഡം മൂന്ന് രാമായണത്തില്‍ വിവരിക്കുന്ന ശ്രീലങ്കയെ കീഴടക്കുന്ന ചിത്രത്തോടെയാണ്. ഖണ്ഡം നാല് നിര്‍ദേശകതത്ത്വങ്ങള്‍, അര്‍ജുനന് ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കുന്ന വരകളാണ് ഉള്‍ക്കൊള്ളുന്നത്. യൂനിയനെപ്പറ്റിയുള്ള ഖണ്ഡം അഞ്ച് നന്ദകാലഘട്ടത്തിലെ ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെടുന്ന മഹാജ്ഞാനപ്രഭയുടേതാണ്. ഖണ്ഡം ആറില്‍ പറയുന്ന സംസ്ഥാനങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത് മഹാവീരന്റെ ധ്യാനാവസ്ഥയിലുള്ള ചിത്രം കൊണ്ടാണ്. ഖണ്ഡം ഏഴ് പാര്‍ട്ട് ബിയില്‍ പറയുന്ന സംസ്ഥാനങ്ങളുടെ കാര്യം മൗര്യകാലഘട്ടത്തിലെ അശോകന്റെ ബുദ്ധമത പ്രചാരണവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. പാര്‍ട്ട് സിയില്‍ പറയുന്ന സ്റ്റേറ്റുകളുടെ കാര്യം ഗുപ്തകാലത്തെ കലകളുടെ വികാസത്തെയും പാര്‍ട്ടി ഡിയില്‍ പറയുന്ന സംസ്ഥാനങ്ങളുടെ കാര്യം വിക്രമാദിത്യന്റെ കോടതിയെയും ചിത്രീകരിക്കുന്നു.
ഖണ്ഡം 10 അഥവാ ഷെഡ്യൂള്‍ പ്രദേശം നളന്ദ യൂനിവേഴ്‌സിറ്റിയുടെ ചിത്രം ഉള്‍ക്കൊള്ളുന്നു. ഖണ്ഡം 11 അഥവാ യൂനിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിക്കുന്നത് ഒഡീസയിലെ മധ്യകാല ശില്‍പ പാരമ്പര്യം ചിത്രീകരിച്ചാണ്. ഖണ്ഡം 12 അഥവാ സാമ്പത്തിക വിഷയം ചിത്രീകരിച്ചത് ചോളകാലത്തെ നടരാജ വിഗ്രഹം അടിസ്ഥാനമാക്കിയാണ്. ഖണ്ഡം 13 വ്യാപാരവും വാണിജ്യവും മഹാബലിപുരത്തെ ഭഗീരഥ തപസിലൂടെ ഗംഗസമതലത്തിലെത്തുന്ന ചിത്രം കേന്ദ്രീകരിച്ചാണ്.
[caption id="attachment_397834" align="alignleft" width="360"] ഭരണഘടനയുടെ 14-ാം ഖണ്ഡത്തിലെ ചിത്രീകരണം[/caption]
ഖണ്ഡം 14 യൂനിയന്റെയും സ്റ്റേറ്റുകളുടെയും സേവനങ്ങള്‍ പ്രതിപാദിക്കുന്നത് മുസ്‌ലിം കാലഘട്ടം എന്നു രേഖപ്പെടുത്തി അക്ബറിനെയും അന്നത്തെ വാസ്തുശൈലിയും അടിസ്ഥാനമാക്കിയാണ്. ഖണ്ഡം 15ല്‍ തെരഞ്ഞെടുപ്പുകള്‍ എന്ന വിഷയത്തില്‍ ശിവജിയുടെയും ഗുരു ഗോവിന്ദ് സിങ്ങിന്റെയും ആലേഖനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. ഖണ്ഡം 16ല്‍ ബ്രിട്ടീഷ് കാലഘട്ടത്തിലെ ചില പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിവരിക്കുന്നത് ടിപ്പുസുല്‍ത്താന്‍, റാണി ലക്ഷ്മിഭായ് എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ്. ഖണ്ഡം 17ല്‍ ഔദ്യോഗിക ഭാഷ വിവരിക്കുന്ന സ്ഥലത്ത് മഹാത്മാഗാന്ധിയുടെ ദണ്ഡിയിലേക്കുള്ള യാത്രയുടെ ചിത്രം നല്‍കുന്നു. ഖണ്ഡം 18ല്‍ ഋാലൃഴലിര്യ ജീംലൃ െരേഖപ്പെടുത്തുമ്പോള്‍ നവഖാലിയില്‍ ഗാന്ധിജി നടത്തിയ സമാധാനയാത്രയുടെ ചിത്രമാണു നല്‍കുന്നത്. ഖണ്ഡം 19ല്‍ ഇന്ത്യയ്ക്കുപുറത്ത് സുഭാഷ് ചന്ദ്രബോസ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ചിത്രമാണു ചേര്‍ത്തിട്ടുള്ളത്. ഖണ്ഡം 20ല്‍ ഭരണഘടന ഭേദഗതി ചെയ്യുന്ന വിവരണത്തില്‍ പാരിസ്ഥിതികമായ ഹിമാലയത്തെയും ഖണ്ഡം 21ല്‍ രാജസ്ഥാന്‍ മരുഭൂമിയുടെ ദൃശ്യം നല്‍കുന്നു. ഖണ്ഡം 22ല്‍ സമുദ്രവും കപ്പലും (യാനപാത്രം) ചിത്രീകരിക്കുന്നു.
ഇത്തരത്തില്‍ കലാകാരനായ ജാമിനി റോയ് ഭരണഘടനയെ ഇന്ത്യന്‍ പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മഹാകലാ സൃഷ്ടിയാക്കി മാറ്റിയിരിക്കുന്നു. എന്നാല്‍ ചില ചിത്രങ്ങളില്‍ കാലഗണന പ്രകാരമുള്ള പരിഗണന നല്‍കിയിട്ടില്ലെന്നു കാണാം. ഖണ്ഡം 12ലാണ് ചോള കാലത്തെ നടരാജ വിഗ്രഹം നല്‍കുന്നത്. ഇതു പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളുടേതാണ്. ഖണ്ഡം 13ലാകട്ടെ മഹാബലിപുരത്തെ ഭഗീരഥ തപസും ഗംഗയും ചിത്രീകരിക്കുന്നു. ഈ ശില്‍പമാകട്ടെ ഏഴ്, എട്ട് നൂറ്റാണ്ടുകളുടേതാണുതാനും. നടരാജചിത്രം ഇതിനുശേഷമായിരുന്നുവെങ്കില്‍ കൂടുതല്‍ ഉചിതമാകുമായിരുന്നു.
ഭരണഘടനയുടെ കൈയെഴുത്തു പ്രതിയെ ഇത്തരത്തില്‍ ഒരു കലാഗ്രന്ഥം പോലെ മനോഹരമാക്കിയതില്‍ കാലിഗ്രഫി വിദഗ്ധനായ പ്രേം ബിഹാരി നാരായണനും ശാന്തിനികേതന്‍ കലാധ്യാപകരായ ജാമിനി റോയ് മുതല്‍പേരും വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണ്. നൂറ്റാണ്ടുകളായി ഇന്ത്യ പ്രതിനിധീകരിച്ച പൈതൃകവും പാരമ്പര്യവും മതസാഹോദര്യവും എല്ലാം അത് എടുത്തുകാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."