യു.എസ് നിര്‍മിത കാറുകളുടെ അധിക തീരുവ ചൈന പിന്‍വലിച്ചു
ബെയ്ജിങ്: യു.എസ് നിര്‍മിത കാറുകള്‍ക്ക് ചുമത്താനിരുന്ന അധിക തീരുവ പിന്‍വലിക്കാന്‍ ചൈന തീരുമാനിച്ചു. ജനുവരി ഒന്നുമുതലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. നേരത്തെ, ജി20 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ധാരണയായ 'വെടിനിര്‍ത്തല്‍ കരാറി'നു അനുസൃതമായാണ് ചൈനയുടെ നടപടി.
അതിനിടെ, അമേരിക്കയില്‍നിന്ന് മാസങ്ങള്‍ക്കുശേഷം വീണ്ടും ചൈന സൊയാബീന്‍ വാങ്ങുന്നത് പുനരാരംഭിച്ചു. ജൂലൈയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത വ്യാപാരയുദ്ധത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്പരം ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നതു നിര്‍ത്തിവച്ചിരുന്നു. ഇതോടെ അമേരിക്കയിലെ സൊയാബീന്‍ മേഖല വന്‍ തിരിച്ചടിയാണു നേരിട്ടിരുന്നത്.
ലോകത്തെ ഏറ്റവും വലിയ സൊയാബീന്‍ ഇറക്കുമതി രാജ്യമാണ് ചൈന. അമേരിക്കന്‍ നിര്‍മിത കാറുകള്‍ക്കും ഓട്ടോ മൊബൈല്‍ ഉല്പന്നങ്ങള്ക്കും 25 ശതമാനം അധിക തീരുവ ചുമത്താന്‍ ചൈന തീരുമാനിച്ചിരുന്നു. 50 ബില്യന്‍ ഡോളറിന്റെ ചൈനീസ് ചരക്കുകള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവയ്ക്കു തിരിച്ചടിയായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."