എം.ഇ.എസ് കോളജിലെ എസ്.എഫ്.ഐ ആക്രമണം; സ്പീക്കറുടെ ഓഫിസ് അമിതമായി ഇടപെട്ടതായി ആരോപണം
പൊന്നാനി: പൊന്നാനി എം ഇ എസ് കോളജില്‍ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തിനു പിന്നാലെ വിഷയത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഓഫിസ് അവിഹിതമായി ഇടപെട്ടതായി ആരോപണം. കോളജ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആദ്യം മുതല്‍ നടത്തണമെന്നാണ് സ്പീക്കറുടെ ഓഫിസില്‍ നിന്നും എം.ഇ.എസ് മാനേജ്‌മെന്റിന് നല്‍കിയ നിര്‍ദേശം. എസ്.എഫ്.ഐ സമര്‍പ്പിച്ച രണ്ട് നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയതോടെയാണ് കോളജ് എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ അടിച്ചുതകര്‍ത്തത്. അക്രമത്തില്‍ ഏര്‍പ്പെട്ട 15 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കോളജില്‍ പഠനാന്തരിക്ഷം ഒരുക്കുവാനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും ബഹുജന പ്രക്ഷോഭം സഘടിപ്പിക്കാന്‍ പൊന്നാനി നിയോജകമണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോളജ് പരിസരത്ത് കോളജ് സംരക്ഷണ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
യോഗത്തില്‍ കെ പി സി സി സെക്രട്ടറി പി ടി അജയ് മോഹന്‍ അധ്യക്ഷനായി. സൈദ് മുഹമ്മദ് തങ്ങള്‍, ചന്ദ്രവല്ലി,ടി കെ അഷറഫ്, സിദ്ദിഖ് പന്താവൂര്‍, ഷംസുകല്ലാട്ടേല്‍, പുന്നക്കല്‍ സുരേഷ്, ഉണ്ണികൃഷ്ണന്‍ പൊന്നാനി, എ എം രോഹിത്ത്, ഇ പി രാജീവ്, മുസ്തഫ വടമുക്ക് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."