റേഷന്‍കാര്‍ഡിലും കൃത്രിമം കാട്ടിയെന്ന്
ഏറ്റുമാനൂര്‍: റേഷന്‍കടയ്‌ക്കെതിരെ നല്‍കിയ പരാതിയെ തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ പരിശോധനയ്ക്കു വാങ്ങിയ റേഷന്‍കാര്‍ഡിലും അധികൃതര്‍ കൃത്രിമം കാട്ടിയതായി വീട്ടമ്മയുടെ പരാതി. ഏറ്റുമാനൂര്‍ കല്ലുകീറുംതടത്തില്‍ മുരളിയുടെ ഭാര്യ ചന്ദ്രികയാണ് പരാതിക്കാരി.
പുന്നത്തുറ കവലയിലെ റേഷന്‍കടയില്‍ നിന്നും തനിക്കര്‍ഹതപ്പെട്ട റേഷന്‍ ലഭിക്കുന്നില്ലെന്ന് ചന്ദ്രിക സപ്ലൈ ഓഫിസ് അധികൃതര്‍ക്കും വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ആദ്യം റേഷനിങ് ഇന്‍സ്‌പെക്ടറും താലൂക്ക് സപ്ലൈ ഓഫിസറും പരിശോധനയ്‌ക്കെത്തി. ഇരുവരും കടയുടമയ്ക്കനുകൂലമായ നടപടിയെടുത്തു.
ഇതേ തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് പരാതി നല്‍കി. പരിശോധനാ സമയത്ത് ഓര്‍മ്മക്കുറവുള്ള ഭര്‍ത്താവില്‍ നിന്ന് റേഷന്‍ യഥാസമയം ലഭിക്കുന്നുണ്ടെന്ന് എഴുതി വാങ്ങിയതായി വീട്ടമ്മ വീണ്ടും പരാതി നല്‍കി. മാധ്യമങ്ങളിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ വീണ്ടും വിശദമായ അന്വേഷണം നടത്തുവാന്‍ വകുപ്പുമന്ത്രിയുടെ ഓഫിസ് ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് താലൂക്ക് സപ്ലൈ ഓഫിസര്‍ ചന്ദ്രികയെ ഓഫിസിലേക്ക് വിളിപ്പിച്ചത്. ഒപ്പം ഇവരുടെ റേഷന്‍കാര്‍ഡ് പരിശോധനയ്‌ക്കെന്നു പറഞ്ഞ് വാങ്ങിവയ്ക്കുകയും ചെയ്തു.
എന്നാല്‍ റേഷന്‍കാര്‍ഡ് തിരിച്ചു നല്‍കിയപ്പോള്‍ എല്ലാ മാസത്തേയും റേഷന്‍ സാധനങ്ങള്‍ നല്‍കിയെന്ന് രേഖപ്പെടുത്തയാണ് തിരിച്ചു നല്‍കിയതെന്ന് പരാതിക്കാരി പറയുന്നു. കാര്‍ഡിലെ 12, 13 പേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതിനു മുമ്പ് താന്‍ റേഷന്‍ വാങ്ങിയപ്പോഴൊന്നും തീയതി വെച്ച് രേഖപ്പെടുത്തിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു. റേഷന്‍കടയുടമയെ രക്ഷിക്കാന്‍ അധികൃതര്‍ കൂട്ടു നില്‍ക്കുന്ന സംഭവത്തില്‍ അവസാനത്തേതാണ് ഇതെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രിക വീണ്ടും വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."