അപൂര്‍വരോഗം ബാധിച്ച ഗോപികയ്ക്ക് സഹായമൊരുക്കാന്‍ ജില്ലാ കലക്ടര്‍
പൊന്നാനി: അപൂര്‍വ രോഗം ബാധിച്ച ഗോപികയ്ക്ക് സഹായമൊരുക്കാന്‍ ജില്ലാ കലക്ടര്‍ ഇടപെടുന്നു. ഗോപികയുടെ ദയനീയത തിരിച്ചറിഞ്ഞ ജില്ലാ കലക്ടര്‍ അവരെ സഹായിക്കാനെത്തിയ സന്നദ്ധ സംഘടനയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്വന്തമായ വീടോ സ്ഥലമോ ഇല്ലാത്ത ഇവരുടെ കുടുംബത്തിന് എത്രയും പെട്ടെന്ന് സ്ഥലം കണ്ടെത്തി വീടൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
എരമംഗലത്തെ ബിജു-ബിന്ദു ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയവളായ ഗോപികക്ക് 14 വയസാണ് പ്രായം. ശരീര ഭാരം 120 കിലോ. ജന്മനാ ഓട്ടിസമുള്ള ഗോപികക്ക് പരസഹായം കൂടാതെ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കാനാകില്ല. ഈ ദുരിതങ്ങള്‍ക്കൊപ്പം ഗോപികക്ക് എപ്പോഴും വിശപ്പാണ്. ഒരു ദിവസം 25 തവണയാണ് ബിന്ദു ഗോപികക്ക് ഭക്ഷണം നല്‍കുന്നത്. തലച്ചോറിലെ ഹൈപ്പോതലാമസ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതാണ് അടങ്ങാത്ത വിശപ്പിന് കാരണം. ശരീരത്തിന് യാതൊരു വിധ വ്യായാമവും ഇല്ലാത്തതിനാല്‍ ശരീരത്തിന്റെ പലഭാഗങ്ങളും പൊട്ടാനും തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ മാനസികരോഗത്തിനും അടിമയായ ഗോപികയുടെ ചികിത്സ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി ഏറ്റെടുത്തിട്ടുണ്ട്.
ഹൃദ്രോഗിയാണ് പിതാവ് ബിജു. ഉടനെ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇപ്പോള്‍ അഞ്ചുമാസം കഴിഞ്ഞു. പകല്‍ സമയത്ത് ഓട്ടോറിക്ഷ ഓടിച്ചു മകളെ ചികിത്സിക്കാനുള്ള പണം കണ്ടെത്തുകയാണ് ബിജു. തന്റെ മകളെ അടച്ചുറപ്പുള്ള വീട്ടില്‍ താമസിപ്പിക്കണം, മരണം വരെ വിശപ്പ് മാറ്റാന്‍ കഴിയണം ഇത് മാത്രമാണ് ബിന്ദുവിനു മുന്നിലെ ആവശ്യങ്ങള്‍. ഗോപികയുടെ മൂത്ത സഹോദരന്‍ പഠനം അവസാനിപ്പിച്ച് 17ാം വയസില്‍ കുടുംബത്തെ നിലനിര്‍ത്തുന്നതിന് വേണ്ടി അധ്വാനിക്കുകയാണ്. ജില്ലാ കലക്ടറുടെ ഇടപെടലില്‍ ഏറെ പ്രതീക്ഷയിലാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."