സഊദി-കുവൈത്ത് അതിർത്തിയിലെ ന്യൂട്രൽ സോണിൽ എണ്ണയുൽപാദനം പുനഃരാരംഭിക്കാൻ ധാരണ
റിയാദ്: പരമാധികാര പ്രശ്‌നത്തെ തുടർന്ന് നിർത്തി വെച്ച സഊദി-കുവൈത്ത് അതിർത്തിയിലെ ന്യൂട്രൽ സോണിൽ എണ്ണയുൽപാദനം പുനഃരാരംഭിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഇത് സംബന്ധിച്ച് നടത്തിയ ചർച്ചകളിൽ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് എണ്ണ സമ്പുഷ്ടമായ ഈ മേഖലകളിൽ നിന്നും എണ്ണയുത്പാദനം പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും തീരുമാനത്തിലെത്തിയത്. ന്യൂട്രൽ സോണിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അടുത്തിടെ നടത്തിയ ചർച്ചകളിൽ കാര്യമായ പുരോഗതി കൈവരിക്കുന്നതിന് സാധിച്ചതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറെ കാലമായി തുടരുന്ന ചർച്ചകൾക്കൊടുവിൽ സഊദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും കുവൈത്ത് എണ്ണ, വൈദ്യുതി മന്ത്രി ഡോ. ഖാലിദ് അൽഫാദിലുമാണ് കരാറിൽ ഒപ്പുെവച്ചത്.
അനുബന്ധ കരാറിൽ കുവൈത്ത് വിദശകാര്യ മന്ത്രി ശൈഖ് ഡോ. അഹമ്മദ് അൽസബാഹും ഒപ്പുവെച്ചു. 2020 ഓടെ ഖഫ്ജി അതിന്റെ പൂർവ പ്രതാപത്തിലേക്കെത്തുമെന്ന് അഹമ്മദ് രാജകുമാരൻ പറഞ്ഞു. ഇതുവഴി നിരവധി സ്വദേശികൾക്ക് ജോലി ലഭിക്കും. ഖഫ്ജിയെ ഇൻഡസ്ട്രിയൽ ഏരിയയായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത എണ്ണപ്പാടങ്ങളിൽ നിന്ന് ഉൽപദനം പുനരാരംഭിക്കുന്നത് അന്താരാഷ്ട്ര വിപണിയിലേക്കുള്ള സഊദിയുടെ എണ്ണ വിതരണത്തെ ബാധിക്കില്ലെന്നും എണ്ണ വില നിയന്ത്രിക്കുന്നതിന് ഒപെക് കരാർ അനുസരിച്ച് 9.744 മില്യൺ ബാരൽ അസംസ്‌കൃത എണ്ണ പ്രതിദിനം ഉൽപാദിപ്പിക്കുമെന്നും മന്ത്രി അഹമ്മദ് രാജകുമാരൻ പറഞ്ഞു. 1922 ൽ സഊദി അറേബ്യയും കുവൈത്തും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമുള്ള 5700 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ന്യൂട്രൽ സോണിൽ രണ്ടു പ്രധാന എണ്ണപ്പാടങ്ങളാണ് ഉള്ളത്. ഇതിൽ അൽവഫ്‌റ കര എണ്ണപ്പാടവും ഖഫ്ജി സമുദ്ര എണ്ണപ്പാടവുമാണ്.
ന്യൂട്രൽ സോൺ വിഭജിക്കുന്നതിനും മേഖലയുടെ പകുതി വീതം തങ്ങളുടെ രാജ്യങ്ങളിൽ കൂട്ടിച്ചേർക്കുന്നതിനും മേഖലയിലെ എണ്ണ സമ്പത്ത് പങ്കുവെക്കലും എണ്ണ വ്യവസായ മേഖലയുടെ മാനേജ്‌മെന്റും സംയുക്തമായി തുടരുന്നതിനും എഴുപതുകളിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. എന്നാൽ, പരമാധികാരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ രൂക്ഷമായതോടെ കുവൈത്ത് ഗൾഫ് ഓയിൽ കമ്പനി, സഊദി അരാംകോയുടെ കീഴിലുള്ള അൽ ഖഫ്‌ജി ജോയന്റ് ഓപ്പറേഷൻ കമ്പനി എന്നിവയുടെ സംയുക്തതയിലുള്ള ഖഫ്‌ജി കമ്പനി 2014 ഒക്ടോബറോടെയാണ് ഉത്പാദനം നിർത്തി അടച്ചു പൂട്ടിയത്. ഇവിടെ നിന്നും പ്രതിദിനം 280,000 മുതൽ 300,000 ബാരൽ വരെ എണ്ണ ഉത്പാദിപ്പിച്ചിരുന്നതായാണ് കണക്കുകൾ. പ്രതിദിനം 220,000 ബാരൽ അറേബ്യൻ ഹെവി ക്രൂഡ് ഉത്പാദന ശേഷിയുള്ള അൽവഫ്‌റ എണ്ണപ്പാടം 2015 മെയിലാണ് അടച്ചു പൂട്ടിയത്. പിന്നീട് രണ്ടിടങ്ങളിൽ നിന്നും എണ്ണയുൽപാദനം നടന്നിട്ടില്ല. പ്രതിദിനം അഞ്ചു ലക്ഷം ബാരൽ എണ്ണ തോതിൽ ഉൽപാദിപ്പിക്കുന്നതിന് ന്യൂട്രൽ സോണിലെ എണ്ണപ്പാടങ്ങൾക്ക് ശേഷിയുണ്ട്. ആഗോള എണ്ണയുത്പാദനത്തിലെ 0.5 ശതമാനം വരുമിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."