ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍
ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്
9400577531#
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്നുള്ള ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ഷോക്ക് ട്രീറ്റ്‌മെന്റായി മാറിയ വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും രാജ്യത്തെ സമ്പദ്്‌വ്യവസ്ഥയെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്നുണ്ട്.
ഓരോ രാജ്യത്തിന്റെയും സാമ്പത്തികസ്ഥിതി നിര്‍ണയിക്കുന്നത് ആ ഭൂപ്രദേശത്തിന്റെ ഭൗതികവും ബൗദ്ധികവും ആയ ചില ഘടകങ്ങളാണ്. ആദ്യത്തെ ഘടകം പ്രകൃതിയുടെ കനിവുമായി ബന്ധപ്പെട്ടതാണെങ്കില്‍, രണ്ടാമത്തേത് തികച്ചും ആപേക്ഷികതയില്‍ അധിഷ്ഠിതമാണ്. അറബ് രാഷ്ട്രങ്ങളിലെ എണ്ണനിക്ഷേപവും ലാറ്റിനമേരിക്കന്‍ ഭൂപ്രദേശങ്ങളിലെ ധാന്യവിളവുകളും ഇരുണ്ട ഭൂഖണ്ഡത്തിലെ ധാതുസമ്പത്തും ഭൗതിക ഘടകങ്ങള്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം.
ബൗദ്ധികതയിലൂടെ സ്ഫുടം ചെയ്‌തെടുത്ത് ഈ ഭൗതിക ഘടകങ്ങളെ നല്ല രീതിയില്‍ ചൂഷണം ചെയ്യാന്‍ കര്‍മ്മനിരതമായ മനുഷ്യവിഭവശേഷിയോടൊപ്പം ലക്ഷ്യബോധത്തോടുകൂടിയുള്ള ആസൂത്രണപാടവവും കൂടിയേ തീരൂ. അമേരിക്ക പോലുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്കു ശക്തി പകരുന്നത് ഈ ബൗദ്ധിക ഘടകമാണ്. ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. ഇതില്‍ പാരസ്പര്യം നഷ്ടപ്പെടുമ്പോള്‍ അത് ആ പ്രദേശങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്നു - ഒന്നുകില്‍ പൊടുന്നനെ, അല്ലെങ്കില്‍ പതിയനെ. ഈ പാരസ്പര്യമില്ലായ്മയാണ് സമകാലിക ഇന്ത്യന്‍ സമ്പദ്്‌വ്യവസ്ഥയില്‍ അപ്രതീക്ഷിതമായി സന്നിവേശിച്ചിരിക്കുന്ന ദുര്‍ബാധ.
സമ്പന്നതയുടെ മാദകത്വം കൊണ്ട് നിറഞ്ഞുതുളുമ്പിയിരുന്ന നമ്മുടെ ഭാരതമാറിടം ചുരന്നെടുക്കാന്‍ കടലുകള്‍ താണ്ടി പത്തേമാരികള്‍ വന്നിറങ്ങിയ കാലം ചരിത്രത്തില്‍ അതിവിദൂരമല്ലാത്ത ഒന്നാണെന്ന് നമുക്കറിയാം. പാണ്ടികശാലകളില്‍ വീര്‍പ്പുമുട്ടിക്കിടന്നിരുന്ന സുഗന്ധദ്രവ്യങ്ങളുടെ സൗരഭ്യം കടല്‍ക്കാറ്റില്‍ ഓടിക്കളിക്കുക മാത്രമായിരുന്നില്ല ചെയ്തിരുന്നത്. ഗുഡ് ഹോപ്പ് മുനമ്പിന്റെ പരിസരാന്തരീക്ഷത്തില്‍ ഇപ്പോഴും ഈ പരിമളം ഒഴുകി നടക്കുന്നുണ്ട്. പറങ്കികളും അറബികളും കൊളോണിയലിസ്റ്റുകളും കടത്തിക്കൊണ്ടു പോയ ആ ഭൗതികത കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു ഇന്ത്യന്‍ സാമ്പത്തിക വീരഗാഥയുടെ ഗൃഹാതുരത ഉണര്‍ത്തുന്നു. തമ്മിലടിക്കുന്നതിനിടയില്‍ നഷ്ടപ്പെട്ടു പോയ ആസൂത്രണ മില്ലായ്മയെന്ന അന്നത്തെ രാജഭരണ പോഴത്തം നമ്മുടെ ഭൗതിക സാമ്പത്തിക ഘടകങ്ങളെ കൊള്ളയടിപ്പിക്കാന്‍ പാകത്തില്‍ വിട്ടുകൊടുത്തു എന്ന് ചുരുക്കം.
ചരിത്രം മനുഷ്യനെ പഠിപ്പിക്കുന്നത്, ചരിത്രത്തില്‍ നിന്ന് മനുഷ്യന്‍ ഒന്നും പഠിക്കുന്നില്ല എന്ന യാഥാര്‍ഥ്യമാണെന്നു പറഞ്ഞത് വിശ്വപ്രസിദ്ധ ചിന്തകന്‍ ആല്‍ഡസ് ഹക്‌സ്‌ലി ആണ്. ഈ ദാര്‍ശനികത കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്ന ഒരു സാമൂഹിക സാഹചര്യത്തില്‍ നിന്നു കൊണ്ട്, ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ ഏതൊക്കെയാണെന്ന് പരിശോധിച്ചു നോക്കാം.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന വളര്‍ച്ച (ൗെേെമശിമയഹല ഴൃീംവേ) എന്നത് ഒരു സാമ്പത്തികശാസ്ത്ര പ്രയോഗമാണ്. വര്‍ത്തമാനകാലത്തെ വളര്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ ഭാവിതലമുറയ്ക്കു കൂടി മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ അടുക്കിവയ്ക്കുക എന്ന രീതിയിലാണ് ഈ പ്രയോഗത്തെ ഐക്യരാഷ്ട്രസഭ പോലും വിശദീകരിക്കുന്നത്. വാനില പോലുള്ള 'കാഷ്-ക്രോപ്പു'കള്‍ക്ക് ഡിമാന്റ് കൂടിയപ്പോള്‍ തെങ്ങും കവുങ്ങും റബറും മുറിച്ചു മാറ്റി, യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ താല്‍കാലികമായി ഇത്തരം കൃഷിയുടെ പിറകെ പോയവര്‍ നഷ്ടത്തിലെത്തുകയും ആത്മഹത്യയടക്കമുള്ള വിപത്തുകളെ നേരിടുകയും ചെയ്തത് ഈ വളര്‍ച്ചയെക്കുറിച്ചുള്ള അജ്ഞത കൊണ്ടായിരുന്നു. ഒരു ദശാബ്ദം മുന്‍പ് വിവരസാങ്കേതികതയുടെ കുതിച്ചുചാട്ടമുണ്ടായപ്പോള്‍ മക്കളെ മുഴുവന്‍ ഐ.ടി കോഴ്‌സുകളില്‍ ചേര്‍ത്ത ചില രക്ഷിതാക്കളും ഈ വളര്‍ച്ച മനസിലാക്കാത്തവരായിരുന്നു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉതകുന്ന വിദ്യാഭ്യാസ നിക്ഷേപം നടത്താതിരുന്ന ഈ പാവം 'വിവരദോഷികള്‍' വിവരസാങ്കേതികതയ്ക്ക് ഭാവിയിലുണ്ടായേക്കുമെന്ന് പ്രവചിക്കപ്പെട്ട മുരടിപ്പിനെക്കുറിച്ചുള്ള മുന്നറിയിപ്പിനു ചെവികൊടുത്തില്ല. സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്നു പറയുന്നത് ഈ വളര്‍ച്ചാ നിരക്കിനെക്കുറിച്ചുള്ള ബോധമാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പാരിസ്ഥിതിക സംതുലനത്തിന്റെ പരിപാലനം, മലീമസമല്ലാത്ത വെള്ളവും ഭക്ഷണവും അന്തരീക്ഷവും നിറഞ്ഞ ആവാസവ്യവസ്ഥ - ഇവയൊക്കെ ഈ വളര്‍ച്ചയുടെ നെടുംതൂണുകളാണ്. അതില്ലാത്തതു കൊണ്ടാണ് മുന്‍പ് വന്‍ സാമ്പത്തിക ശക്തികളായിരുന്ന പല രാഷ്ട്രങ്ങളും ഇപ്പോള്‍ ദരിദ്രരായത്. ഇന്ത്യ നേരിടുന്ന ഒരു വലിയ വെല്ലുവിളിയും ഇതു തന്നെയാണ്. നമ്മുടെ ഭരണനേതൃത്വം ഈ വളര്‍ച്ചയ്ക്ക് ഉതകുന്ന പദ്ധതികളാണോ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്?
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്കു ശക്തി പകരുന്ന മറ്റൊരു യാഥാര്‍ഥ്യമാണ് സര്‍വരേയും ഉള്‍പ്പെടുത്തുന്ന വളര്‍ച്ച (ശിരഹൗശെ്‌ല ഴൃീംവേ). ബഹുസ്വരതയുടെ നിറച്ചാര്‍ത്തു കൊണ്ട് സമ്പന്നമായ ഈ ഭൂപ്രദേശത്തിന്റെ സമൃദ്ധി ഏതാനും കുറച്ചുപേരിലേക്ക് ഒതുക്കുന്നതു കൊണ്ട് നമ്മുടെ സാമ്പദ്‌വ്യവസ്ഥയ്ക്ക് ഭൗതികമായ വിടവുകള്‍ സൃഷ്ടിക്കുന്ന കലാപസാധ്യത വളരാന്‍ സാധ്യത ഏറെയാണ്. മുഴുവന്‍ പേര്‍ക്കുമുള്ള സാമൂഹിക പരിരക്ഷ, ഏറ്റവും വിദൂരഗ്രാമങ്ങളില്‍ പോലും താമസിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കും ആരോഗ്യവും സുരക്ഷിതത്വം, പോഷകാഹാര വിതരണത്തിലെ പക്ഷപാതിത്വമില്ലായ്മ - ഇവയൊക്കെ സ്‌പേസ് റിസര്‍ച്ച് പോലുള്ള വന്‍പദ്ധതികള്‍ വിജയിപ്പിച്ചു എന്ന് ഹുങ്ക് പറയുന്ന നമ്മുടെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളാണ്.
ഇന്ത്യയില്‍ മൊത്തം ജനസംഖ്യയില്‍ 20 കോടിയില്‍പരം 15നും 24 നുമിടയില്‍ പ്രായമുള്ളവരാണ്. ഈ ജനസഞ്ചയത്തില്‍ നിന്ന് ആവശ്യമായ ലാഭവിഹിതം അഥവാ 'ഡീമൊഗ്രാഫിക് ഡിവിഡന്റ് ' കൊയ്‌തെടുക്കാന്‍ കണിശമായ ശ്രദ്ധ തന്നെ വേണം. തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസം വ്യാപകമാക്കുകയും വിദ്യാസമ്പാദനത്തിന്റെ ജനാധിപത്യവല്‍കരണവും സമത്വവും ഉറപ്പുവരുത്തുകയും ചെയ്താല്‍ ഈ ഡിവിഡന്റ് എളുപ്പത്തില്‍ ലഭ്യമാക്കാം. അതിലൂടെ മനുഷ്യവിഭവശേഷി ഒരു മുതല്‍ക്കൂട്ടായി നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ഊര്‍ജസ്വലമാക്കുകയും ചെയ്യും.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ വിലക്കയറ്റത്തിന്റെ തോതില്‍ വര്‍ഷത്തില്‍ പത്തു ശതമാനം എന്ന കണക്കിലാണ് ഉയര്‍ച്ചയുണ്ടായിരിക്കുന്നത്. ഈ ഇന്‍ഫ്‌ളേഷന്‍ റിസര്‍വ് ബാങ്ക് ഇടപെട്ട് നടത്തുന്ന പലിശ വര്‍ധനയിലൂടെയോ പുത്തന്‍ വിദേശ നിക്ഷേപങ്ങളിലൂടെയോ പിടിച്ചു നിര്‍ത്താനാവാത്തത് നമ്മുടെ ആസൂത്രണത്തിലെ പിഴവുകള്‍ കൊണ്ടു മാത്രമാണ്. സബ്‌സിഡികളെ മാത്രം ആശ്രയിച്ച് മുന്നേറാവുന്നതല്ല ഒരു രാജ്യത്തിന്റെ സമ്പദ്ഘടന. ഇതു രാഷ്ട്രീയമായ മുതലെടുപ്പിന് വിധേയമാക്കപ്പെട്ടതു കൊണ്ടാണ് മന്‍മോഹന്‍ സിങ് നയിച്ച രണ്ടാം യു.പി.എ സര്‍ക്കാരിന്റെ പല സാമ്പത്തിക നയങ്ങളും ഫലപ്രദമായി വിശദീകരിക്കാനാവാതെ പോയത്.
ദ്രുതഗതിയില്‍ ഗ്രാമങ്ങള്‍ നഗരങ്ങളാവുന്നതാണ് (ൃമുശറ ൗൃയമിശ്വമശേീി) നമ്മുടെ സമ്പദ്‌വ്യവസ്ഥ നേരിടുന്ന വലിയ വെല്ലുവിളികളില്‍ മറ്റൊന്ന്. 2030 ആകുമ്പോഴേക്കും ഇന്ത്യന്‍ നഗരജനസംഖ്യ 60 കോടിയായിരിക്കും എന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അപ്പോള്‍ അതിനുസരിച്ചുള്ള തൊഴില്‍ സാധ്യതയും ജീവിത സൗകര്യങ്ങളും ലഭ്യമായേ തീരൂ. ഇന്ത്യന്‍ ജി.ഡി.പി യുടെ 70 ശതമാനം ഇതിനായി ആവശ്യമാകും എന്നര്‍ഥം. ഇതോടൊപ്പം ഭൂപരിഷ്‌കരണവും നടപ്പിലാക്കിയേ തീരൂ (കേരളത്തില്‍ ഈ പ്രശ്‌നമില്ല). കുത്തകകള്‍ക്കു മാത്രമായി നീണ്ടകാലങ്ങളിലേക്കായി നല്‍കുന്ന പ്രത്യേക സാമ്പത്തിക മേഖല സമൂഹത്തിന്റെ അസംതുലിതാവസ്ഥയ്ക്കു കാരണമാകുന്നുണ്ട്. തുച്ഛവരുമാനക്കാരെ വഴിയാധാരമാക്കുന്ന ഈ സാമ്പത്തിക നയരൂപീകരണം നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യമല്ല.
ഫെഡറല്‍ ഭരണ രീതി പിന്തുടരുന്ന ഭാരതത്തില്‍, കേന്ദ്ര-സംസ്ഥാന ഭരണയന്ത്രം തിരിക്കുന്ന വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളുടെ നയങ്ങളില്‍ ഉണ്ടാകുന്ന പൊരുത്തക്കേടുകള്‍ ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചയ്ക്കുള്ള വിഷയം മാത്രമായി പരിഗണിക്കുകയാണെങ്കില്‍ തെറ്റി. ഇത്തരം ഓരോ പൊരുത്തക്കേടും നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നുണ്ട്. ഓരോ വര്‍ഷത്തെയും പൊതുബജറ്റില്‍ പ്രതിരോധത്തിനു നീക്കിവയ്ക്കപ്പെടുന്നത് ഭീമമായ തുകയാണെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്നതാണ്.
അതിന്റെ പിന്നാമ്പുറങ്ങളിലെ അഴിമതി കൂടി കണക്കിലെടുത്താല്‍ ഈ തുക കൂടുതല്‍ ഭീമാകാരമാകും. അയല്‍ രാഷ്ട്രങ്ങളില്‍ നിന്ന് പല തരത്തിലുള്ള ഭീഷണികളും വരുന്നതു കൊണ്ട് ഇവയൊക്കെ വേണ്ടെന്നുവയ്ക്കാനും സാധ്യമല്ല. എന്നാല്‍ ഈ ഭീഷണികളെ നയതന്ത്ര കൗശലങ്ങള്‍ കൊണ്ട് കുറച്ചു കൊണ്ടുവന്നാല്‍ ആ തുക കൂടി മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപകരിക്കും. ഒരു വലിയ ഉത്തരവാദിത്തമാണിത്. അതുകൂടി പൂര്‍ത്തിയായാല്‍ നമ്മുടെ വെല്ലുവിളികള്‍ ഏറെക്കുറെ തീര്‍ന്നു എന്നുതന്നെ പറയാം.
രാഷ്ട്രീയവും മതവും പ്രാദേശികതയും അധികാരവും ഭരണവും എല്ലാം നമുക്ക് വ്യത്യസ്തവും വ്യതിരിക്തവുമായ കാഴ്ചപ്പാടുകളിലൂടെ കാണാം. പക്ഷെ, അവയൊന്നും നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ശിഥിലീകരിക്കുന്നതിന് കാരണമായേക്കാവുന്ന ഘടകങ്ങളാവാതിരിക്കട്ടെ.
(കാസര്‍കോട് കേന്ദ്ര സര്‍വകലാശാല ഇംഗ്ലിഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."