താഴെക്കോട്, ആലിപ്പറമ്പ് കുടിവെള്ള പദ്ധതി: പദ്ധതി പൂര്‍ത്തീകരണത്തിന് സാമ്പത്തികം തടസമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി
പെരിന്തല്‍മണ്ണ: കുടിവെള്ള ക്ഷാമം രൂക്ഷമായ മണ്ഡലത്തിലെ താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമ പ്രശ്‌നത്തിന് പരിഹാരമാകുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് അപര്യപ്തത തടസമാണെന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒന്നാംഘട്ട പദ്ധതികള്‍ 90 ശതമാനവും കഴിഞ്ഞ ജൂണില്‍ തന്നെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ തന്നെ ഒന്നാം ഘട്ടത്തില്‍ ബാക്കിയുള്ള പ്രവൃത്തികള്‍ക്കുള്ള തുകക്കും രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ക്കുമായി പണം അനുവദിക്കമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് മഞ്ഞളാംകുഴി അലി കത്തു നല്‍കിയിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടാവാത്ത സാഹചര്യത്തിലാണ് എം.എല്‍.എ സബ്മിഷന്‍ ഉന്നയിച്ചത്.
ഒന്നാം ഘട്ടത്തില്‍ തൂതപ്പുഴ സ്രോതസ് ആയി കിണര്‍, പമ്പ് ഹൗസ്, റോ വാട്ടര്‍ പമ്പിങ് മെയിന്‍, 12 എം.എല്‍.ഡി ശുദ്ധീകരണ ശാല, ക്ലിയര്‍ വാട്ടര്‍ പമ്പിങ് മെയിന്‍ സോണ്‍-1 (ആലിപ്പറമ്പ് പഞ്ചായത്ത്) എന്നിവ പൂര്‍ത്തീകരിച്ചു. സോണ്‍-2 ക്ലിയര്‍ വാട്ടര്‍ പമ്പിങ് മെയിന്‍ സോണ്‍(താഴെക്കോട് പഞ്ചായത്ത്), ആലിപ്പറമ്പ് പഞ്ചായത്തിലെ കിണാശ്ശേരിയിലും താഴെക്കോട് പഞ്ചായത്തിലെ ബിഡാവ് മലയിലും 19 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉപരിതല സംഭരണികള്‍, ക്ലിയര്‍ വാട്ടര്‍ പമ്പ് സെറ്റുകള്‍, ട്രാന്‍സ് ഫോര്‍മര്‍, വൈദ്യുതി കണക്ഷന്‍, മൊത്തം 330 കിലോമീറ്റര്‍ നീളമുള്ള വിതരണ ശൃഖലയിലെ 26 കിലോമീറ്റര്‍ ഭാഗം എന്നീ പ്രവൃത്തികളാണ് ഇനി ഒന്നാം ഘട്ടത്തില്‍ നടക്കാനുള്ളത്.
ഇതിന് 25 കോടിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തത മൂലം 2018-19 ല്‍ പരിഗണിക്കാന്‍ സാധിച്ചില്ല.
രണ്ടാം ഘട്ട വിതരണ ശൃഖല സ്ഥാപിക്കുന്നതിനായി 54.57 കോടി രൂപയുടെയും വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനും ഫണ്ടിന്റെ അപര്യാപ്തത തന്നെയാണ് തടസം. നിലവിലെ കണക്ക് പ്രകാരം പദ്ധതി പൂര്‍ത്തിയാക്കാന്‍ 86 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് നിര്‍മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി പൂര്‍ത്തായായാല്‍ രണ്ട് പഞ്ചായത്തുകളുടെയും കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."