സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രം
നിലമ്പൂര്‍: പുതിയ ബസ്‌സ്റ്റാന്‍ഡ്, മിനി ബൈപ്പാസിന്റെ ഇടവഴികള്‍ എന്നിവ ലഹരി സംഘങ്ങളുടെ വിഹാരകേന്ദ്രമായി മാറുന്നു. ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ അടിപിടികളും നിത്യസംഭവമായിരിക്കുകയാണ്. ആളുകള്‍ കൂടുതലായി എത്തുന്ന സ്ഥലമെന്ന നിലയില്‍ ബസ് സ്റ്റാന്‍ഡ് പരിസരം ഇവര്‍ പ്രധാനവില്‍പന കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്.
സ്റ്റാന്‍ഡില്‍ പകല്‍ പോലും പൊലിസിന്റെ സാന്നിധ്യം ഇല്ലാത്തതും സ്റ്റാന്‍ഡിലേക്ക് വരാനും പോകാനും ധാരാളം ഇടവഴികളുള്ളതും ഇവര്‍ക്ക് സഹായമാകുകയാണ്. രാവിലെ മുതല്‍ തന്നെ സ്റ്റാന്‍ഡ് പരിസരത്തും ഇടവഴികളിലുമായി ഇത്തരക്കാര്‍ സജീവമാകുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇവരുടെ വില്‍പ്പനകളേറെയും.
വിദ്യാര്‍ഥികള്‍ തമ്മിലും തൊഴിലാളികള്‍ തമ്മിലും അടിപിടി സാധാരണയാണ്. വിവരമറിയിച്ചാലും പൊലിസ് എത്തുമ്പോഴേക്കും അക്രമിസംഘം തടിയെടുക്കുകയാണ് പതിവ്. നിലമ്പൂരിന്റെ അനാശാസ്യപ്രവര്‍ത്തനങ്ങളും ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അനാശാസ്യത്തിന് സ്ത്രീകളെ എത്തിക്കുന്നതിന് ഇടനിലക്കാര്‍ താവളമാക്കിയതും ഇവിടെ തന്നെയാണ്.
സുരക്ഷയുമായി ബന്ധപ്പെട്ട് ബസ് സ്റ്റാന്‍ഡില്‍ സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല. ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടന സമയത്ത് തന്നെ പൊലിസ് ഔട്ട് പോസ്റ്റിന് വേണ്ടി സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും പൊലിസ് ഈ വഴിക്ക് വരാറില്ല. ഏഴരയോടെ തന്നെ സ്വകാര്യബസുകള്‍ സ്റ്റാന്‍ഡില്‍ കയറാറില്ല. ഇതോടെ വിജനമാകുന്ന ബസ് സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധരും കന്നുകാലികളും തെരുവുനായ്ക്കളും കൈയടക്കുകയാണ്. സുരക്ഷാകാമറകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനസജ്ജമാക്കുകയും ഔട്ട്‌പോസ്റ്റില്‍ സ്ഥിരമായി പൊലിസിനെ നിയമിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയും. കൂടാതെ പൊലിസിന്റെ രാത്രി പട്രോളിങ് ടൗണിലും പരിസരങ്ങളിലും ശക്തമാക്കുകയും വേണം. മുന്‍പ് ബിവറേജിന് സമീപം യുവാവിനെ മദ്യലഹരിയില്‍ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയതിന് ശേഷം കുറച്ച് ദിവസം പൊലിസ് ടൗണ്‍ പരിസരങ്ങളില്‍ പട്രോളിങ് ശക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് അത് ദുര്‍ബലമാകുകയായിരുന്നു. ഇത് വീണ്ടും സാമൂഹ്യവിരുദ്ധരുടെ കൈകളിലേക്ക് നിലമ്പൂരിനെ എത്തിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."