തൊഴിലാളികള്‍ക്ക് നേരെ ആക്രമണം; 16 കണ്ണൂര്‍ സ്വദേശികള്‍ പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: ബത്തേരി മാനിക്കുനിയില്‍ വച്ച് തൊഴിലാളികളെ ആക്രമിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികള്‍ പൊലിസ് പിടിയില്‍. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്നിടെ സംഘത്തെ കാക്കവയലില്‍ നിന്ന് പൊലിസ് പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ ബത്തേരി മാനിക്കുനിയിലാണ് സംഭവം. കണ്ണൂരില്‍ നിന്നും വാഹനത്തിലെത്തിയ 16 ഓളം പേരാണ് ആക്രമണം അഴിച്ചുവിട്ടത്. കരിങ്കല്‍, മണല്‍ അനുബന്ധ വസ്തുക്കള്‍ കയറ്റിറക്ക് തൊഴിലാളികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബത്തേരി കൈപ്പഞ്ചേരി സ്വദേശി യൂനസ്(35), ചുള്ളിയോട് തൊവരിമല സ്വദേശി ഗിരീഷ് (41), ബത്തേരി ഫയര്‍ലാന്റ് സ്വദേശി പുഷ്പരാജന്‍(40), മണിച്ചിറ സ്വദേശി ഷാജഹാന് (41) സഹോദരന് സലിം(35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ബത്തേരി ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികളായ ബിനോയി (38), ഷാജു (43), രാജേഷ് (41), അന്‍ഷാദ് (27), സജിത്ത്(31), ബിജു സേവ്യര്‍(43), ജോജോ മാത്യൂ (32), ഷാജി ജോസഫ്(41), ഡേവിസ് ജോസഫ്(47), ജെയിന് ടി ജെയിംസ്(35),ശ്രീജിത്ത്(40),സനിഷ് (29), മെഹറൂഫ്(38), അരൂണ്‍ (28), വിജേഷ് മോഹന്‍ (36) സോണി ജേക്കബ് (34) തുടങ്ങിയവരെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചൊവ്വാഴ്ച രാത്രി തന്നെ വാഹന സഹിതം ബത്തേരി പൊലിസ് കാക്കവയലില്‍ വച്ചു പിടികൂടിയിരുന്നു. ഇവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതായി ബത്തേരി സി.ഐ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ചെങ്കല്ലുമായി കണ്ണൂരില്‍ നിന്നുമെത്തിയ ലോറി ഡ്രൈവറുമായുണ്ടായ കൂലി സംബന്ധിച്ചുണ്ടായ നിസാര പ്രശ്നമാണ് തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണമായത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ ഇന്നലെ ബത്തേരി മേഖലയില്‍ പണിമുടക്ക് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."