രാജ്യത്തിന്റെ ഭരണഘടന പൊളിച്ചെഴുതാനുള്ള ശ്രമങ്ങളെ ചെറുക്കണം: ഹൈദരലി തങ്ങള്‍
മണ്ണാര്‍ക്കാട്: ലോകത്തിന് മാതൃകയായുള്ള മാനവികതയിലൂന്നിയ ഇന്ത്യയുടെ ഭരണഘടനയെ പൊളിച്ചെഴുതാനുള്ള ഫാസിസ്റ്റുകളുടെ നീക്കത്തെ ജനാധിപത്യ ശക്തികള്‍ ചെറുത്തു തോല്‍പ്പിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി മണ്ണാര്‍ക്കാട്ട്് സംഘടിപ്പിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹൈദരലി തങ്ങള്‍. മതമൈത്രിയുടെയും മനുഷ്യസ്നേഹത്തിന്റെയും അംബാസിഡറായി ലോകം ദര്‍ശിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സാന്നിധ്യം വര്‍ത്തമാനകാല സമൂഹം ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലും മതരംഗത്തും സാമൂഹ്യമേഖലകളിലും ജീവകാരുണ്യരംഗത്തും ശിഹാബ് തങ്ങള്‍ അനന്യമായ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് ഹൈദരലി തങ്ങള്‍ അനുസ്മരിച്ചു.
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അബ്ദുസമദ് സമദാനി അനുസ്മരണ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സി.കെ.എം സാദിഖ് മുസ്ലിയാര്, യു.ഡി.എഫ് പാലക്കാട് ജില്ലാ ചെയര്മാന് എ.രാമസ്വാമി, അഡ്വ.എന്‍.ഷംസുദ്ദീന് എം.എല്‍.എ, കെ.എസ് ഹംസ, സി.പി ബാവഹാജി, പി.വി മുഹമ്മദ് അരീക്കോട്, സി.എ.എം.എ കരീം സംസാരിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല സ്വാഗതവും ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."