വീണ്ടും പൈപ്പ് പൊട്ടി നഗരത്തില്‍ ഇന്നും കുടിവെള്ളം മുട്ടും
കോഴിക്കോട്: എരഞ്ഞിപ്പാലം ജങ്ഷനില്‍ ശുദ്ധജല പൈപ്പ് ലൈന്‍ തകര്‍ന്നു. എരഞ്ഞിപ്പാലം ജങ്ഷനിലും മലാപ്പറമ്പ് ഫ്‌ളോറിക്ക് ലൈനിലും ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. മലാപ്പറമ്പില്‍ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ള വിതരണം നടത്തുന്ന പ്രധാന പൈപ്പാണ് ഇന്ന് പുലര്‍ച്ചെ പൊട്ടിയത്. നഗരത്തില്‍ രണ്ടു ദിവസം കുടിവെള്ള വിതരണം തടസ്സപ്പെടും. എരഞ്ഞിപ്പാലം ജങ്ഷനിലാണ് ആദ്യം പൈപ്പ് പൊട്ടിയത്. പുലര്‍ച്ചെയായിരുന്നു സംഭവം. പൈപ്പ് പൊട്ടി അതിശക്തമായ ഒഴുക്കോടെ വെള്ളം റോഡിലൂടെ പരന്നൊഴുകിയതോടെ എരഞ്ഞിപ്പാലം ജങ്ഷനില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. റോഡുകള്‍ മീറ്ററുകളോളം പൊട്ടിതകരുകയും ചെയ്തു. ജില്ലാകലക്ടര്‍, വാട്ടര്‍ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, ട്രാഫിക്ക് പൊലിസ്, അഗ്നിരക്ഷാ സേന എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ട്രാഫിക് അസി.കമ്മിഷണര്‍ പി.കെ രാജുവിന്റെ നേതൃത്വത്തിലാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. നടക്കാവ്, ജാഫര്‍ ഖാന്‍ കോളനി, കോഴിക്കോട് ബീച്ച്, മാവൂര്‍ റോഡ്, നടക്കാവ്, വേങ്ങേരി, കക്കോടി, എരഞ്ഞിപ്പാലം, മലാപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിലേക്കാണ് ഈ പൈപ്പ് ലൈന്‍ വഴി കുടിവെള്ള വിതരണം നടത്തുന്നത്. വാല്‍വില്‍ നിന്ന് വെളളം പൂര്‍ണ്ണമായും ഒഴിവാക്കിയാലെ പൈപ്പ് എത്ര മീറ്റര്‍ പൊട്ടിയിട്ടിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കൂ. 60 വര്‍ഷത്തോളം പഴക്കമുള്ള പൈപ്പാണ് പൊട്ടിയതെന്ന് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പറയുന്നു. വെള്ളത്തിന്റെ സമ്മര്‍ദ്ദം ഏറിയതാണ് പൈപ്പ് പൊട്ടാന്‍ കാരണം.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇതിന് 200 മീറ്റര്‍ മാറി പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായിരുന്നു. പൈപ്പ് പൊട്ടുന്നത് തുടര്‍ സംഭവമായതോടെ സമീപത്തെ വ്യാപാരികളും യാത്രക്കാരും ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."