മദ്യനയത്തിനെതിരേ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം
തിരുവനന്തപുരം: പ്രാദേശിക ഭരണകൂടങ്ങളുടെ മദ്യ നിയന്ത്രണാധികാരം ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരേ സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധം. കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി, കേരള മദ്യവര്‍ജന ബോധവല്‍ക്കരണ സമിതി എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മദ്യഷാപ്പുകള്‍ സ്ഥാപിക്കുന്നില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം ഇല്ലാതാക്കുന്ന രണ്ടു ഭേദഗതി ബില്ലുകള്‍ കഴിഞ്ഞ ദിവസം നിയമസഭാ സ്ബജക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. മദ്യഷാപ്പുകള്‍ സ്ഥാപിക്കാനുള്ള അധികാരം എക്‌സൈസ് വകുപ്പിന് മാത്രമാക്കി ചുരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഇത് രണ്ടാം തവണയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം സര്‍ക്കാര്‍ റദ്ദു ചെയ്യുന്നത്. നേരത്തെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഈ അധികാരം റദ്ദാക്കിയിരുന്നു. തുടര്‍ന്ന് നിരവധി സമരങ്ങളുടെ ഫലമായാണ് അധികാരം പുനഃസ്ഥാപിച്ച് നല്‍കിയത്. ബാറുടമകളെ സഹായിക്കാനായി സര്‍ക്കാര്‍ വീണ്ടും പ്രദേശിക ഭരണകൂടങ്ങളുടെ അധികാരം റദ്ദു ചെയ്യുകയാണ്. സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് തീരുമാനമെന്നും പ്രക്ഷോഭകര്‍ അറിയിച്ചു.
സെക്രട്ടേറിയറ്റ് പടിക്കല്‍ കേരള മദ്യവര്‍ജന ബോധവല്‍ക്കരണ സമിതി നടത്തിയ ധര്‍ണ സംസ്ഥാന രക്ഷാധികാരി ഡോ.തോളൂര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറിമാരായ നാസര്‍ ഹമീദ്,വട്ടിയൂര്‍ക്കാവ് സദാനന്ദന്‍, ബേബിക്കുട്ടി ഡാനിയേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അതിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ മദ്യവിരുദ്ധ ജനകീയ സമിതിയുടെ അനിശ്ചിതകാല സമരം തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."