മൊബൈല്‍-മലഞ്ചരക്ക് കടകള്‍ കുത്തിത്തുറന്ന് ലക്ഷങ്ങളുടെ കവര്‍ച്ച: വന്‍ മോഷണസംഘം പിടിയില്‍
മഞ്ചേരി: മൊബൈല്‍- മലഞ്ചരക്ക് കടകള്‍ കുത്തിത്തുറന്ന് ലക്ഷങ്ങള്‍ കവര്‍ന്ന അന്തര്‍ജില്ലാ മോഷണ സംഘത്തിലെ അഞ്ചുപേര്‍ വാഹനങ്ങള്‍ സഹിതം മഞ്ചേരിയില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായി. മലപ്പുറം വട്ടപ്പാറ ഇന്ത്യനൂരിലെ കൊല്ലച്ചാട്ടില്‍ ശരത്ത്(20), ചെറുകുളമ്പ് വറ്റല്ലൂര്‍ പാലവീട്ടില്‍ യാസര്‍ അറഫാത്ത്(29), പടപ്പറമ്പ് പാങ്ങ് കറുത്തേടത്ത് വീട്ടില്‍ അബ്ദുല്‍കരീം(32), കാപ്പ് വെട്ടത്തൂര്‍ കോള്‍കളത്തില്‍ വീട്ടില്‍ മുഹമ്മദ് ഷാനിബ്(20), മലപ്പുറം അരക്കുപറമ്പ് മരത്തോണി വീട്ടില്‍ മുഹമ്മദ് സര്‍ഷാദ്(20) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഏഴിന് മഞ്ചേരി കാരക്കുന്നില്‍ മൊബൈല്‍കട പൊളിച്ച് മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ ലക്ഷങ്ങളുടെ മോഷണമായിരുന്നു പ്രതികള്‍ നടത്തിയിരുന്നത്. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ മോഷണത്തിനായി ഉപയോഗിച്ച വാഹനത്തെ കുറിച്ച് വിവരം ലഭിച്ചു. ഈ വാഹനം വട്ടപ്പാറ സ്വദേശി ശരത്ത് വാടകക്കെടുത്തതാണെന്ന് മനസിലായതിനെ തുടര്‍ന്ന് ഇയാളെയും മറ്റും നാലുപേരെയും കൊളത്തൂര്‍ പടപ്പറമ്പില്‍വച്ച് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു. മോഷ്ടിച്ച മൊബൈലുകളും മൂന്ന് വാഹനങ്ങളും പ്രതികളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഈ സംഭവത്തിനു ആറുമാസം മുന്‍പ് തിരൂരങ്ങാടിയിലും മൊബൈല്‍ കട പൊളിച്ച് 20ലക്ഷത്തിന്റെ മൊബൈല്‍ ഫോണുകള്‍ മേഷണം നടത്തിയിരുന്നു. മഞ്ചേരിയിലെ മൊബൈല്‍ കടയിലെ മോഷണം സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ മോഷണ പരമ്പരകളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍, വയനാട് തുടങ്ങിയ ജില്ലകളിലെ നിരവധി മോഷണ കേസുകള്‍ക്കു ഇതോടെ തുമ്പായതായി മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.
കൂടാതെ മലഞ്ചരക്ക്, റബര്‍ഷീറ്റ്, കുരുമുളക് എന്നിവ മോഷണം നടത്തുന്നതും ഇവരുടെ ഹോബിയാണ്. ജില്ലയിലെ മേലാറ്റൂര്‍, വറ്റല്ലൂര്‍, പുലാമന്തോള്‍, പാലക്കാട് ജില്ലയിലെ മൈലപ്പാടം, ചെത്തല്ലൂര്‍ എന്നിവിടങ്ങളിലെ മഞ്ചേരക്ക്, റബര്‍ ഷീറ്റ് കടകള്‍ പൊളിച്ച് 35ലക്ഷം രൂപയുടെ റബര്‍ ഷീറ്റുകളും മറ്റുചരക്കു വസ്തുക്കളും മോഷണം പോയ കേസുകള്‍ക്കും ഇതോടെ തുമ്പായിട്ടുണ്ട്. പെരിന്തല്‍മണ്ണ അരിപ്ര സ്വദേശി അബ്ദുറഹീമിന്റെ ബൈക്ക് മോഷണം പോയതിലും പാലക്കട് ജില്ലയിലെ ചുങ്കം, മംഗലം എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞ എട്ടിന് മലഞ്ചരക്കു കട പൊളിച്ച് 500കിലോ റബര്‍ഷീറ്റ് മോഷണം പോയതു സംബന്ധിച്ചും പൊലിസിനു വിവരങ്ങള്‍ ലഭിച്ചു.
സംഘത്തിലെ അഞ്ചുപേരെകൂടി പിടികിട്ടാനുണ്ടെന്നും പിടികൂടിയ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും മഞ്ചേരി എസ്.ഐ റിയാസ് ചാക്കിരി പറഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ മഞ്ചേരി എസ്.ഐ എന്‍.ബി ഷൈജു, എസ്.ഐ റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘങ്ങളായ എ.എസ്.ഐ സത്യനാഥന്‍, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍, പി. സജ്ഞീവ്, എസ്.ഐ അബ്ദുറഹ്മാന്‍, ഫഖ്‌റുദ്ദീന്‍, സി.പി.ഒ സുബൈര്‍, നാസര്‍, സുരേഷ്എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."