മദ്യ വില്പനശാല ജനവാസമേഖലയില്‍ നിന്നു മാറ്റി സ്ഥാപിക്കണം
ഗുരുവായൂര്‍: തൈക്കാട് പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ മദ്യ വില്പനശാല ജനാധിവാസ കേന്ദ്രത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ജനകീയ സമര സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിലവിലെ വില്പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ കെട്ടിട ഉടമയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും.
ഞായറാഴ്ച വൈകിട്ട് മൂന്നിന് പടിഞ്ഞാറെനടയില്‍ നിന്നാണ് എടപ്പുള്ളിയിലുള്ള കെട്ടിട ഉടമയുടെ വീട്ടിലേക്ക് മാര്‍ച്ച് ആരംഭിക്കുക. കഴുമല്ലൂര്‍ ക്ഷേത്രത്തില്‍ നിന്ന് മദ്യവില്പന ശാലയിലേക്ക് 165 മീറ്റര്‍ മാത്രമാണ് ദൂരമുള്ളതെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു.
400 മീറ്ററിനുള്ളില്‍ 3500ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന രണ്ട് വിദ്യാലയങ്ങളുണ്ട്. മുസ്ലിം ക്രൈസ്തവ ദേവാലയങ്ങളും സമീപത്തായുണ്ട്.
ഇതൊന്നും പരിഗണിക്കാതെയാണ് ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനശാല പ്രവര്‍ത്തിക്കുന്നതെന്ന് സമര സമിതി നേതാക്കള്‍ പറഞ്ഞു. ഇപ്പോഴുള്ള സ്ഥലത്തു നിന്ന് മദ്യ വില്പനശാല മാറ്റി സ്ഥാപിക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ടി സ്റ്റീഫന്‍ വ്യക്തമാക്കി. മദ്യ വര്‍ജനം ഈ സമരത്തിന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
കൗണ്‍സിലര്‍ കുന്നിക്കല്‍ റഷീദ്, എ.പി ബാബു, കെ.ആര് ചന്ദ്രന്, ആര്.എ അബൂബക്കര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."