വാഹനങ്ങള്‍ക്ക് ഭീഷണി: ഇരുഭാഗവും കാടുമൂടി തീരദേശ റോഡ്
കയ്പമംഗലം: തീരദേശ റോഡിന്റെ ഇരു ഭാഗവും കാടുമൂടിയത് വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. അഴീക്കോട് - സ്‌നേഹതീരം പടിഞ്ഞാറെ ടിപ്പു സുല്‍ത്താന്‍ റോഡിലാണ് ഇരു വശത്തും കാടു മൂടിക്കിടക്കുന്നത്.
സാധാരണയില്‍ നിന്നും വാഹനത്തിരക്ക് ഏറി വരുന്ന തീരദേശ റോഡില്‍ മിക്കയിടങ്ങളിലും കാടുമൂടിയതിനാല്‍ മറുവശത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ അവര്‍ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി മറ്റു വാഹനങ്ങള്‍ വശങ്ങളിലേക്ക് ഒതുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. തീരദേശ റോഡില്‍ ചാമക്കാലയടക്കമുള്ള പ്രദേശങ്ങളില്‍ ഇത്തരത്തില്‍ കാടുമൂടിക്കിടക്കുന്നതിനാല്‍ അപകട സാധ്യത വളരെ കൂടുതലാണ്.
മഴക്കാലമായതോടെ ഇത്തരം പ്രദേശങ്ങളില്‍ എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍ പെടാത്തതും വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നുണ്ട്. കയ്പമംഗലം ഗവ. ഫിഷറീസ് ഹൈസ്‌കൂള്‍, ചാമക്കാല ഗവ. മാപ്പിള ഹൈസ്‌കൂള്‍, കഴിമ്പ്രം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ഥികളടക്കം ദിനം പ്രതി നൂറ് കണക്കിന് യാത്രക്കാരും വാഹനങ്ങളും സഞ്ചരിക്കുന്ന തീരദേശ റോഡിലെ ഇരു ഭാഗത്തും കാടുമൂടിയുണ്ടായിട്ടുള്ള തടസങ്ങള്‍ എത്രയും പെട്ടെന്ന് വൃത്തിയാക്കി അപകട മുക്തമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."