എന്തിനായിരുന്നു ആ 'ഫാബ്രിക്കേഷന്‍; ഒരിക്കല്‍പോലും ഉപയോഗിക്കാതെ മഞ്ചേരി മെഡിക്കല്‍ കോളജിലെ പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങള്‍
എന്‍.സി ഷെരീഫ്
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള താമസത്തിനു താല്‍ക്കാലിക സംവിധാനമൊരുക്കാനെന്ന പേരില്‍ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയതു കോടികള്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തൊരുക്കിയ പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടങ്ങളാണ് ഒരിക്കല്‍ പോലും ഉപയോഗിക്കാതെ നശിക്കുന്നത്.
2015ല്‍ ഒന്നര കോടി രൂപ ചെലവിട്ടു സ്ഥാപിച്ച കെട്ടിടങ്ങള്‍ പുനരുപയോഗത്തിനു സാധിക്കാത്തവിധം നശിച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളജിലെ പ്രധാന ന്യൂനത പരിഹരിക്കാന്‍ കെട്ടിട സമുച്ചയമൊരുക്കുന്നതിനുള്ള പദ്ധതിയുടെ തറക്കല്ലിടല്‍ വിവാദങ്ങളെ തുടര്‍ന്നു മാറ്റിവച്ച സാഹചര്യത്തിലും പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിട പദ്ധതി നോക്കുകുത്തിയാണ്.മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നിലനിര്‍ത്താനായി 2015ലാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയ ഗെയിംസിനായി നിര്‍മിച്ച വില്ലകളുടെ പൊളിച്ചുനീക്കിയ ഭാഗങ്ങള്‍ എത്തിച്ചു 14 വില്ലകള്‍ മെഡിക്കല്‍ കോളജ് പരിസരത്തു നിര്‍മിച്ചിരുന്നത്. അധ്യാപകര്‍ക്കും റെസിഡന്റ് ഡോക്ടര്‍മാര്‍ക്കും താമസ സൗകര്യം ഉറപ്പാക്കാനായി യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. ജീവനക്കാര്‍ താമസമാക്കും മുന്‍പു കെട്ടിടങ്ങള്‍ തകര്‍ന്നതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. നിര്‍മാണത്തിലെ അപാകതയാണ് കെട്ടിടങ്ങളുടെ തകര്‍ച്ചയ്ക്കു കാരണമായതെന്നായിരുന്നു പ്രാഥമിക നിഗമനം. മണ്ണിട്ടു ഉയര്‍ത്തിയ ചെങ്കുത്തായ സ്ഥലത്താണ് കെട്ടിടങ്ങള്‍ സ്ഥാപിച്ചിരുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ സംരക്ഷണഭിത്തിയും നിര്‍മിച്ചിരുന്നില്ല.
കനത്ത മഴയില്‍ മണ്ണ് ഒലിച്ചുപോയതോടെ ഏഴു കെട്ടിടങ്ങളുടെ അടിത്തറ തകര്‍ന്നിരുന്നു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി കെട്ടിടത്തില്‍ താമസിക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും തയാറായില്ല. പദ്ധതിയുടെ ആരംഭ ഘട്ടത്തില്‍തന്നെ നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് ആരോപണമുയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ മുഖവിലയ്‌ക്കെടുത്തിരുന്നില്ല.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും താമസത്തിനുള്ള സൗകര്യക്കുറവ് മെഡിക്കല്‍ കോളജിന്റെ നിലനില്‍പിനു ഭീഷണിയായിരിക്കെയാണ് ഇപ്പോള്‍ 103 കോടി രൂപ ചെലവില്‍ ആറു കെട്ടിടങ്ങള്‍ ഒരുക്കാന്‍ പദ്ധതിയായിരിക്കുന്നത്. മെഡിക്കല്‍ കോളജിലെ അക്കാദമിക വിഭാഗം കെട്ടിടത്തിനു പിറകില്‍ കെട്ടിട സമുച്ചയം നിര്‍മിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."