കാര്‍ വിറ്റ് പണം തട്ടിയ കേസ്; വാഹനം കണ്ടെത്തി
നിലമ്പൂര്‍: വില്പന നടത്തുകയും പണം കൈപ്പറ്റുകയും ചെയ്ത ശേഷം വൃക്കരോഗിയെ കബളിപ്പിച്ചു തട്ടിയെടുത്തു കൊണ്ടുപോയ കാര്‍ പൊലിസ് കണ്ടെത്തി. ചുങ്കത്തറ പെരുമ്പിലാട് സ്വദേശിനി ചെമ്മല സൗജത്തിന്റെ പരാതിയില്‍ വഴിക്കടവ് പൊലിസ് നടത്തിയ അന്വേഷണത്തിനിടെയാണ് കാര്‍ കണ്ടെത്തിയത്.
ഇരു വൃക്കകളും തകരാറിലായ പരാതിക്കാരിയുടെ ഭര്‍ത്താവിനെ തൃശൂരിലേക്കു ഡയാലിസിസിനു കൊണ്ടുപോകുന്നതു വലിയ സാമ്പത്തിക ബാധ്യതയായതിനെ തുടര്‍ന്നു നാട്ടുകാര്‍ പിരിവെടുത്തു വാങ്ങിനല്‍കിയ കാറാണ് കടത്തിക്കൊണ്ടുപോയത്. വഴിക്കടവ് കുന്നുമ്മല്‍ പൊട്ടി മേക്കൊരവ സ്വദേശി കുന്നത്ത് കളത്തില്‍ ഹനീഫ (35) യുടെ കൈയില്‍നിന്നാണ് സൗജത്ത് കാര്‍ വാങ്ങിയത്. രണ്ടു ലക്ഷം രൂപ വില നിശ്ചയിച്ച കാര്‍ ഒരു ലക്ഷം രൂപ അഡ്വാന്‍സായി കൈപ്പറ്റി ബാക്കി 30 ദിവസത്തിനു ശേഷം ഇടപാട് തീര്‍ക്കാമെന്ന വ്യവസ്ഥയില്‍ കാര്‍ കൈമാറുകയും ചെയ്തിരുന്നു.
എന്നാല്‍, 30 ദിവസം കഴിഞ്ഞ് പിതാവിനെ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കു കൊണ്ടുപോകാനാണെന്നും പിറ്റേ ദിവസം തിരിച്ചുനല്‍കാമെന്നും പറഞ്ഞു കാര്‍ ഹനീഫ കൊണ്ടുപോയി.
ആഴ്ചകള്‍ കഴിഞ്ഞിട്ടും കാര്‍ തിരിച്ചുനല്‍കുകയോ മുന്‍കൂറായി വാങ്ങിയ പണം മടക്കിനല്‍കുകയോ ചെയ്തില്ല. ഇതോടെയാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്. പണം ആവശ്യപ്പെടുമ്പോള്‍ പ്രതി ഫോണിലൂടെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തിരുന്നതെന്നു പൊലിസ് പറയുന്നു.
ഇതിനിടയില്‍ 2018 ജൂലൈ പത്തിനു പ്രതിയെ പെരിന്തല്‍മണ്ണയില്‍നിന്നു പൊലിസ് പിടികൂടിയിരുന്നു.
എന്നാല്‍, കാര്‍ കണ്ടെടുക്കാനോ പണം തിരിച്ചുപിടിക്കാനോ പൊലിസിനു കഴിഞ്ഞിരുന്നില്ല. ഈ കാറാണ് നിലമ്പൂരില്‍നിന്ന് എടക്കരയിലേക്കു പോകുന്ന വഴിയില്‍ പൊലിസ് പരിശോധനയ്ക്കിടെ കണ്ടെത്തിയത്. വഴിക്കടവ് എസ്.ഐ വി.കെ ബിനു, എ.എസ്.ഐമാരായ എം. അസൈനാര്‍, സി. ശിവന്, എസ്.സി.പി.ഒമാരായ ഫിലിപ്പോസ് മണിമുളി, സി.പി.ഒ.എസ് ജയേഷ്, ശംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാര്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."