മലയാളത്തിന്റെ മധുരം നുകരാന്‍ അക്ഷരമുറ്റത്ത് അവര്‍ ഒത്തുചേര്‍ന്നു
കോഴിക്കോട്: പൈതൃകവും പാരമ്പര്യവും ശ്രേഷ്ഠഭാഷാ പദവിയുമുണ്ടെങ്കിലും മലയാളികള്‍ നുണയാത്ത മലയാള ഭാഷയുടെ മാധുര്യം നുകരാന്‍ അവര്‍ ഒത്തുചേര്‍ന്നു. ഇതര സംസ്ഥാനത്തുനിന്നു ജോലിക്കായി ജില്ലയിലെത്തി കുടുംബ സമേതം താമസിക്കുന്നവരുടെ മക്കളാണ് എസ്.എസ്.എയുടെ മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി മലയാളം പഠിക്കാന്‍ ഒരുമിച്ചത്.
സംസ്ഥാന സിലബസില്‍ പഠിക്കുന്നവരാണെങ്കിലും ചില വാക്കുകള്‍ ഉച്ചരിക്കാനും വാക്കുകളും വാക്യങ്ങളും അര്‍ഥമറിഞ്ഞു തന്നെ പ്രയോഗിക്കാനും ഇവരെ പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഉത്തര്‍പ്രദേശ് സ്വദേശികളായ റാസിക് അലി, സിയാന ഹാത്തുന്‍, മീനാക്ഷി, രാജസ്ഥാനില്‍ നിന്നുള്ള ആശ, ദീപ, അനിത, ഫാത്തിമ, റിഥിക, പാര്‍ഥിഭ എന്നിവര്‍ക്ക് ഇനി മലയാളത്തിന്റെ നൈര്‍മല്യം പൂര്‍ണാര്‍ഥത്തില്‍ സ്വായത്തമാക്കാം.
മേശമേല്‍ മശിക്കുപ്പിയെന്നും മരം മാട്ടിയെന്നും തെറ്റായി നടത്തിയ ഉച്ചാരണങ്ങള്‍ ഇനി ഇവരുടെ സംഭാഷണത്തില്‍ ഉണ്ടാവില്ല. ഏറെ കുഴപ്പമുണ്ടാക്കിയിരുന്ന ഷ, സ, ള, ഴ തുടങ്ങിയ അക്ഷരങ്ങള്‍ ഇനി ഏതുറക്കത്തില്‍ വിളിച്ചാലും ഇവര്‍ പറയും.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചിന്താവളപ്പ് എ.യു.പി സ്‌കൂളില്‍ നടന്ന ക്ലാസ് ഇന്നലെ ഉച്ചയോടെയാണ് സമാപിച്ചത്. അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ബി.പി.ഒ സബിത ശേഖറിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കോര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ്, പി. സുബൈദ ടീച്ചര്‍, നെഹിതാറാണി എന്നിവര്‍ ക്ലാസ് നയിച്ചു. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 30 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."