ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ന്യൂനതകള്‍ ആരോഗ്യവകുപ്പ് ഡയരക്ടര്‍ അനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: നൂറുകണക്കിന് സാധാരണക്കാര്‍ ചികിത്സ തേടിയെത്തുന്ന ഫോര്‍ട്ട് താലൂക്ക് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ ആരോഗ്യവകുപ്പ് ഡയരക്ടര്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
മാസം നൂറ് കണക്കിന് പ്രസവം നടന്നിരുന്ന ആശുപത്രിയിലുണ്ടായിരുന്ന ഏക വനിതാ ഗൈനക്കോളജിസ്റ്റിനെ സ്ഥലംമാറ്റിയതോടെ പ്രസവങ്ങള്‍ നടക്കാതായതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
ഇത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്നാണ് പരാതി.
പ്രസവത്തിനായി കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടം ഉപയോഗശൂന്യമായതായി പരാതിയില്‍ പറയുന്നു.
നിര്‍മാണം കഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും ഫോര്‍ട്ട് ആശുപത്രിയിലെ ആധുനിക ഓപ്പറേഷന്‍ തീയേറ്റര്‍ പ്രവര്‍ത്തനരഹിതമായി പൂട്ടി കിടക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ എക്‌സ്‌റേ യൂനിറ്റ് പ്രവര്‍ത്തനരഹിതമാണ്.
ഇത് പ്രവര്‍ത്തിപ്പിക്കേണ്ട ടെക്‌നീഷ്യന്‍ മറ്റൊരു ആശുപത്രിയില്‍ വര്‍ക്കിങ് അറേഞ്ചുമെന്റില്‍ പ്രവര്‍ത്തിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ മരുന്ന് വെള്ളത്തില്‍ കിടന്ന് നശിക്കുന്നു. ഒരു
ശുചിമുറി മാത്രമാണ് ആശുപത്രിയിലുള്ളത്. ഓര്‍ത്തോ, ഇ.എന്‍.ടി ഒപികളും പ്രവര്‍ത്തന രഹിതമാണ്.
പകല്‍ മാത്രമാണ് ഇ.സി.ജി എടുക്കാന്‍ സാധിക്കുന്നത്. ആശുപത്രിയില്‍ ആംബുലന്‍സ് സൗകര്യം നിലവിലില്ലെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."