കൃഷിയില്‍ മികവ് തെളിയിച്ച് റോണ റെജി
അങ്ങാടിപ്പുറം: കൃഷിയെ ജീവനോളം സ്‌നേഹിക്കുന്ന പെണ്‍കുട്ടി തന്റെ സ്‌കൂള്‍ മുറ്റവും വീട്ടുമുറ്റവും പരിസരവുമെല്ലാം പലതരം പച്ചക്കറികള്‍കൊണ്ട് നിറയ്ക്കുകയാണ്. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ റോണ റെജിയാണ് കൃഷിമികവില്‍ നേട്ടം കൊയ്യുന്നത്. റോണയുടെ കൃഷിപ്പെരുമ തിരിച്ചറിഞ്ഞ് അങ്ങാടിപ്പുറം പഞ്ചായത്തിലെ മികച്ച കുട്ടിക്കര്‍ഷകയ്ക്കുള്ള പുരസ്‌കാരത്തിനും കൃഷി വകുപ്പ് റോണയെ തെരഞ്ഞെടുത്തു.
പഠനവും കൃഷിയും ഒരു പോലെ കൊണ്ടുപോകുന്ന ഈ മിടുക്കി പിതാവ് ഇയ്യാലില്‍ റെജിക്കൊപ്പം കുഞ്ഞുനാള്‍ മുതല്‍ വീട്ടിലെ കൃഷിക്കാരിയാണ്. വെള്ളരി, കുമ്പളം, പാവല്‍, പടവലം, വഴുതന, പച്ചമുളക്, വെണ്ട, തക്കാളി,കാബേജ്, കോളിഫ്‌ളവര്‍, പീച്ചിക്ക, ചീര, പയര്‍, കോവല്‍ തുടങ്ങിയവയെല്ലാം റോണയുടെ കൃഷിയിടത്തില്‍ സമൃദ്ധമായുണ്ട്. പശുക്കളും കോഴികളും പ്രിയപ്പെട്ട ചങ്ങാതിമാരാണ്. ഓര്‍ക്കിഡ് ഉള്‍പ്പെടെയുള്ള അലങ്കാര ചെടികളും റോണയ്ക്ക് പ്രിയപ്പെട്ടതാണ്. തേനീച്ച വളര്‍ത്താനും മീന്‍ വളര്‍ത്താനുമുള്ള തയാറെടുപ്പിലാണ് ഈ സയന്‍സ് വിദ്യാര്‍ഥി.
ജൈവവളങ്ങള്‍ മാത്രമാണ് കൃഷിക്കുപയോഗിക്കുന്നത്. പഞ്ചഗവ്യം, മത്തിശര്‍ക്കര, ജീവാമൃതം, ജൈവ കീടനാശിനികള്‍ എന്നിവയെല്ലാം വീട്ടില്‍തന്നെ തയാറാക്കാനും അവ കൃത്യമായി പ്രയോഗിക്കാനും റോണയ്ക്കറിയാം. ബയോഗ്യാസ് പ്ലാന്റും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. സെന്റ് മേരീസ് സ്‌കൂളിലെ ഔഷധത്തോട്ടത്തിന്റെ മേല്‍നോട്ടവും നാഷണല്‍ സര്‍വിസ് സ്‌കീം വള@ിയര്‍ കൂടിയായ റോണയ്ക്കു തന്നെ. നിത്യജീവിതത്തില്‍ പ്രയോജനപ്പെടുന്ന നാല്‍പ്പതോളം ഔഷധസസ്യങ്ങളാണ് റോണയുടെ പരിപാലനയില്‍ വളരുന്നത്. രാമച്ചവും നീര്‍മാതളവും നാഗവെറ്റിലയും കറ്റാര്‍വാഴയുമെല്ലാം ഇതില്‍പെടും.
തിരിന, ചാക്ക് കൃഷി, ബോക്‌സ് കൃഷി, ഗ്രോ ബാഗ് തുടങ്ങിയ കൃഷിരീതികളും വീട്ടിലും സ്‌കൂളിലും ഈ മിടുക്കി സ്വീകരിച്ചിട്ടുണ്ട്. സ്‌കൂളിലെ കിണര്‍ റീചാര്‍ജിങ് ടീമിലും സജീവമാണ് റോണ. കൃഷി ഓഫിസര്‍മാരും ജനപ്രതിനിധികളും റോണയുടെ വീട്ടിലെയും സ്‌കൂളിലെയും കൃഷിരീതികള്‍ കാണാനെത്തുന്നുണ്ട്.പിതാവ് ഇയ്യാലില്‍ റെജിയും അമ്മ ആനി ജോസഫും സ്‌കൂളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ബെന്നി തോമസും റോണയ്ക്ക് പ്രോത്സാഹനവുമായി എപ്പോഴുമുണ്ട്.പ്ലസ്ടു പഠനം കഴിഞ്ഞ് ബി.എസ്.സി അഗ്രിക്കള്‍ച്ചറിനു ചേര്‍ന്ന് ഒരു കൃഷി ഓഫിസറാകണമെന്നതാണ് ഈ 'കൃഷിക്കാരി'യുടെ മോഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."