ഫാസിസ്റ്റ് കാലത്തെ ആവിഷ്‌കാരങ്ങള്‍
ഇന്ത്യയില്‍ ഇപ്പോള്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണവ്യവസ്ഥയാണു നിലനില്‍ക്കുന്നത്. ജനാധിപത്യത്തിന്റെ സാധ്യതകള്‍ വളരെ വിപുലമാണ്. രാഷ്ട്രീയ ചരിത്രത്തിലെ ഒരു ഉയര്‍ന്ന ഘട്ടമാണ് ജനാധിപത്യം. തെരഞ്ഞെടുക്കപ്പെടുന്ന നിയമനിര്‍മാണ സഭകള്‍ മാത്രമല്ല, അനുബന്ധ സ്ഥാപനങ്ങളും പൗരസമൂഹത്തിന്റെ ആവിഷ്‌കാരങ്ങള്‍ക്ക് അവസരവും ഇടവും നല്‍കാന്‍ പര്യാപ്തമാണ്. അതേസമയം ആള്‍ക്കൂട്ടദണ്ഡനത്തിന്റെ(ഘ്യിരവശിഴ) അന്തരീക്ഷമുണ്ടാക്കുന്നതിലൂടെ ജനാധിപത്യപരമായ അസ്തിത്വം പോലും അപകടത്തിലാവുന്ന കാഴ്ചയാണ് അടുത്തകാലത്ത് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആള്‍ക്കൂട്ട ദണ്ഡനം യാദൃശ്ചികമായോ വൃഥാവിലോ ഉണ്ടാകുന്നതല്ല. മറിച്ച് വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിലൂടെ ഉയര്‍ന്നുവരുന്നതാണ്. അതിനാല്‍ ഇന്ത്യയില്‍ ഇന്ന് ഭരണകൂട ഭീകരതയെന്നതിനെക്കാള്‍ ആള്‍ക്കൂട്ട ഭരണം ജനാധിപത്യത്തെ അപകടപ്പെടുത്തുന്നതായി കാണാന്‍ കഴിയും.
ജാതിമത ഭേദമന്യേ കലയെയും സാഹിത്യത്തെയും അഭിരുചിക്കനുസരിച്ച് പ്രണയിക്കുന്ന ഇന്ത്യന്‍ സമൂഹത്തോടാണ് അടുത്തകാലത്ത് ബി.ജെ.പി നേതാവ് സാധ്വി പ്രാച്ചി മൂന്ന് ഖാന്‍മാരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയത്. ഷാറൂഖാനോ സല്‍മാന്‍ ഖാനോ ആമിര്‍ഖാനോ ഏതെങ്കിലും വിധത്തില്‍ ജനാധിപത്യ വിരുദ്ധമായോ ദേശവിരുദ്ധമായോ പ്രവര്‍ത്തിച്ചവരല്ല. മറിച്ച് മുസ്‌ലിം വിദ്വേഷത്തിന്റെ വിത്തുകള്‍ സാധാരണ മനുഷ്യര്‍ക്കിടയില്‍ വിതക്കുകയും അനന്തരഫലമായി സംഘര്‍ഷങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും വര്‍ഗീയ ചേരിതിരിവുകളും ഉണ്ടാക്കുകയും മാത്രമാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്ന് ആര്‍ക്കും മനസിലാകും.
മാതൊരുഭഗന്‍ എന്ന നോവലിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ പെരുമാള്‍ മുരുഗന്‍ അനുഭവിച്ച പീഡനങ്ങളും വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിലൂടെ നിര്‍മിച്ചെടുത്തതാണ്. പെരുമാള്‍ മുരുഗന്റെ എഴുത്ത് അവസാനിപ്പിക്കും വിധത്തില്‍ അദ്ദേഹത്തിന് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. പെരുമാള്‍ മുരുഗന്റെ കേസ് തീര്‍പ്പാക്കിക്കൊണ്ട് ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗളും ജസ്റ്റിസ് പുഷ്പ സത്യനാരായയും നടത്തിയ നിരീക്ഷണങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. ഒരു രചന ഇഷ്ടമല്ലെങ്കില്‍ ആര്‍ക്കും വായിക്കാതിരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പുസ്തകങ്ങള്‍ അടച്ചുവയ്ക്കുന്നതിനു പകരം കത്തിക്കാനോ രചയിതാക്കളെ ആക്രമിക്കാനോ ആര്‍ക്കും അവകാശമില്ല. തെറ്റായതോ അസ്വീകാര്യമായതോ വക്രീകരിക്കപ്പെട്ടതോ ആയ രചനകളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവും വായനക്കാര്‍ക്കുണ്ട്. വിമര്‍ശനങ്ങളും സംവാദങ്ങളും എക്കാലത്തും സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാണെന്നു കാണാന്‍ കഴിയും. അതേസമയം, എഴുത്തുകാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും വെറുപ്പ് പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഹിംസാത്മകമായ ക്രിമിനല്‍ കുറ്റമാണ്.
അടുത്തകാലത്ത് കെ.പി രാമനുണ്ണിക്കും ദീപാ നിഷാന്തിനും ഭീഷണികള്‍ ഉണ്ടായത് ജനാധിപത്യ കേരളത്തിന് അപമാനകരമായ സന്ദര്‍ഭമാണ്. എഴുത്തിനും വായനക്കും എക്കാലത്തും സ്വാതന്ത്ര്യം അനിവാര്യമാണ്. എല്ലാ രചനകള്‍ക്കും ഭിന്നമായ വായനകളും വ്യാഖ്യാനങ്ങളും ഉണ്ടാവാറുണ്ട്. യോജിക്കുന്നവരും വിയോജിക്കുന്നവരും തമ്മില്‍ സംവാദങ്ങള്‍ നടക്കാറുണ്ട്. ആശയങ്ങള്‍ വിപുലീകരിക്കപ്പെടാറും വ്യക്തികള്‍ സ്വതന്ത്രമായി ആവിഷ്‌കരിക്കാറുമുണ്ട്.
എം.എഫ് ഹുസൈന് ചിത്രം വരച്ചതിന്റെ പേരില്‍ ജന്മനാടായ ഇന്ത്യ വിട്ടുപോകേണ്ടിവന്നതും യു.ആര്‍ അനന്തമൂര്‍ത്തിയെപ്പോലെ അന്താരാഷ്ട്ര പ്രസിദ്ധിയുള്ള എഴുത്തുകാരന് പാകിസ്താനിലേക്ക് ടിക്കറ്റ് നല്‍കിയതും മരണാനന്തരം മധുരം വിതരണം ചെയ്ത് ആഘോഷിച്ചതും നമ്മുടെ ജനാധിപത്യ വ്യവസ്ഥ മോബോക്രസിക്ക് അഥവാ സംഘപരിവാര്‍ ഫാസിസത്തിനു വിധേയപ്പെടുന്നതിന്റെ ചിത്രമാണു നമുക്ക് പകര്‍ന്നുനല്‍കുന്നത്. കെ.പി രാമനുണ്ണി പ്രസിദ്ധീകരിച്ച ലേഖനങ്ങളും നോവലുകളും പ്രത്യക്ഷമായി മനതനിരപേക്ഷതക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും പിന്തുണ നല്‍കുന്നവയാണ്. വിശദാംശങ്ങളില്‍ ആര്‍ക്കും വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതിനപ്പുറം എഴുത്തുകാരന്റെ അവയവങ്ങള്‍ക്കു വില നിശ്ചയിക്കുന്ന ഭീഷണി സ്വരങ്ങള്‍ ജനാധിപത്യ വ്യവസ്ഥയ്ക്കും മാനവിക മൂല്യങ്ങള്‍ക്കും നിരക്കാത്തതാണ്.
ലോകം അതിന്റെ ജൈവാവസ്ഥയില്‍ തന്നെ ബഹുസ്വരമാണ്. ബഹുത്വം(ജഹൗൃമഹശ്യേ) നിലനില്‍പിന്റെ അടിസ്ഥാന തത്വമാണ്. വ്യത്യസ്തമായ ഭക്ഷണം, വസ്ത്രം, ഭാഷ, അനുഷ്ഠാനം, വിശ്വാസം, ആവിഷ്‌കാരം മുതലായവയെല്ലാം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ബഹുസ്വരമായ ജനാധിപത്യ വ്യവസ്ഥ തകര്‍ക്കുന്ന ഹിംസാത്മക വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും വെറുപ്പും ആക്രമണോത്സുകതയും ഉണ്ടാക്കും. തീര്‍ച്ചയായും പരസ്പരം അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക വ്യവസ്ഥയാണു നമുക്കാവശ്യം. എല്ലാവര്‍ക്കും നിലനില്‍ക്കാന്‍ കഴിയണമെന്ന പോലെ എല്ലാ ആവിഷ്‌കാരങ്ങള്‍ക്കും ഇടം നല്‍കാന്‍ സാധിക്കുമ്പോഴാണു നമ്മുടെ സാംസ്‌കാരിക ജീവിതം സമ്പന്നമാകുക.
(എഴുത്തുകാരനും ഇടതു ചിന്തകനുമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."