ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതി, അടുത്ത ഗഡു ജനുവരിയില്‍: മന്ത്രി
കണ്ണൂര്‍: ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയുടെ അടുത്ത ഗഡു ജനുവരിയില്‍ ലഭ്യമാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ 2018-19 ജനകീയാസൂത്രണ പദ്ധതികളുടെ പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹഡ്‌കോ വായ്പ സംബന്ധിച്ച തടസങ്ങള്‍ പരിഹരിച്ചതായും മന്ത്രി അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജനുവരിയില്‍ തന്നെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പരമാവധി പൂര്‍ത്തീകരിക്കാന്‍ കഴിയണം. വാര്‍ഷിക പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിച്ചതിനാല്‍ ഒന്‍പതുമാസം ലഭ്യമായെങ്കിലും അതിനു അനുസരിച്ച പുരോഗതി ഉണ്ടായിട്ടില്ല. സെപ്റ്റംബറില്‍ 70 ശതമാനം പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചതായിരുന്നു. അതിലേക്ക് എത്തിയിട്ടില്ല. പദ്ധതി ഗുണനിലവാരം ചോരാതെ നടപ്പിലാക്കാന്‍ കഴിയുന്ന ഇടപെടല്‍ ഉണ്ടാവണം. പദ്ധതി പ്രവര്‍ത്തനത്തിനാവശ്യമായ സമയം ലഭ്യമാവുന്നില്ലെന്നാണ് ഗുണനിലവാര പരിശോധനയില്‍ കണ്ടത്. അതിനാലാണ് വാര്‍ഷിക പദ്ധതി ഡിസംബറില്‍ പൂര്‍ത്തീകരിക്കാനും അംഗീകാരം വാങ്ങിക്കാനും തീരുമാനിച്ചത്. വകുപ്പുകളുടെ പോരായ്മ ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍ പരിശോധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ഇംപ്ലിമെന്റിങ് ഓഫിസര്‍മാരെ വിളിച്ചുകൂട്ടിയുള്ള പരിശോധന കൃത്യമായി എല്ലാ ആഴ്ചയും നടക്കണം. പ്രവര്‍ത്തന കലണ്ടര്‍ നടപ്പിലാക്കണം. ഇതു കൃത്യമായി വിലയിരുത്താന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ പട്ടികജാതി ഓഫിസറുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള സ്‌കൂളുകളിലെ ആസ്തിവികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പട്ടികവര്‍ഗത്തിനായി പല പഞ്ചായത്തുകള്‍ക്കും വകയിരുത്തിയ തുക ചെലവഴിക്കാന്‍ കഴിയാത്തത് പരിശോധിക്കണമെന്ന് പട്ടികവര്‍ഗ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
യോഗത്തില്‍ മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ.ജി.സി ബഷീര്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, സംസ്ഥാനതല ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."