പ്രഖ്യാപിക്കുന്ന പദ്ധതികള്‍ നല്ലനിലയില്‍ നടപ്പാക്കുന്നത് ജനപ്രതിനിധികളുടെ മിടുക്ക്: സ്പീക്കര്‍
മലപ്പറം: പ്രഖ്യാപിച്ച പദ്ധതികള്‍ സാങ്കേതിക പ്രശ്നങ്ങളില്‍പ്പെടാതെ നടപ്പാക്കുന്നതാണ് ജനപ്രതിനിധികളുടെ മിടുക്കെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. ഒഴൂര്‍ കുറുവട്ടിശ്ശേരിയില്‍ കുറഞ്ഞ ചെലവില്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന ആര്.ഒ പ്ലാന്റിന്റെ ഉദ്ഘാടനവും 65 മെഗാപദ്ധതികളുടെ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വി അബ്ദുറഹ്മാന് എം.എല്‍.എ അധ്യക്ഷനായി. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ്, ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപ്പറമ്പ്, പഞ്ചായത്ത് പ്രസിഡന്റ് കെ.വി പ്രജീത, വൈസ് പ്രസിഡന്റ് അസ്ക്കര്‍ കോറാട്, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നിസ്ല, ഖൈറുന്നീസ, പ്രമീള മാമ്പറ്റയില്‍, അലവി മുക്കാട്ടിയില്, അലവി മാസ്റ്റര്‍ സംസാരിച്ചു. വി അബ്ദുറഹ്മാന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് ഇരുപത്തിയഞ്ചര ലക്ഷം രൂപ വിനിയോഗിച്ച് 'ക്രിസ്റ്റല്‍ 'എന്ന പേരിലാണ് സമ്പൂര്‍ണ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ നാലാമത്തെ റിവേഴ്സ് ഓസ്മോസിസ് സംവിധാനത്തിലുള്ള വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റാണ് ഒഴൂരിലെ കുറുവട്ടശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കുറുവട്ടശ്ശേരിയില്‍ തന്നെ കിണര്‍ കുഴിച്ച് ജലം ലഭ്യമാക്കി ലിറ്ററിന് രണ്ട് രൂപ നിരക്കിലാണ് വിപണനം. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിന് മുമ്പ് പുത്തന്‍തെരു, നിറമരുതൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ സംവിധാനമൊരുക്കിയിരുന്നു. അഞ്ച് കുടുംബശ്രീ അംഗങ്ങള്‍ക്കാണ് പദ്ധതി നടത്തിപ്പ് ചുമതല. കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം കുടുംബശ്രീ വനിതകള്‍ക്ക് തൊഴില്‍ കൂടി ഉറപ്പുവരുത്തുന്നതാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."