ഉച്ചഭാഷിണി നിയന്ത്രണം സര്‍ക്കാര്‍ നിര്‍ദേശം സ്വാഗതാര്‍ഹം: സുന്നി നേതാക്കള്‍
കോഴിക്കോട്: ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദേശം സുന്നി നേതാക്കള്‍ സ്വാഗതം ചെയ്തു. പള്ളികള്‍ ബാങ്കിനും അത്യാവശ്യ അറിയിപ്പുകള്‍ക്കുമല്ലാതെ ശബ്ദമലിനീകരണമുണ്ടാകുന്ന വിധത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സമിതി യോഗ തീരുമാനപ്രകാരം പ്രസിഡന്റ് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നേരത്തേ മഹല്ലുകളോട് നിര്‍ദേശിച്ചതാണ്.
സര്‍ക്കാര്‍ എല്ലാ ആരാധനാലയങ്ങള്‍ക്കുമായി ഇക്കാര്യത്തില്‍ ഇപ്പോള്‍ നടത്തിയ നിര്‍ദേശം വൈകിയാണെങ്കിലും സ്വാഗതാര്‍ഹമാണെന്നും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി ഉമര്‍ ഫൈസി മുക്കവും, സുന്നി യുവജനസംഘം സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ ആരാധനാലയങ്ങളെ മാറ്റരുത്. ആരാധനാ സമയങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന്നുള്ള അവകാശം ദുരുപയോഗപ്പെടുത്തുകയും ചെയ്യരുത്. ആരാധനകള്‍ ദൈവത്തോട് നടത്തുന്നതിന് പകരം ജനങ്ങള്‍ക്കിടയില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നത് മതത്തിന്റെ ഭാഗമല്ല.
നേതൃത്വത്തിന്റേയും സര്‍ക്കാരിന്റേയും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി നിയന്ത്രിക്കണമെന്ന് നേതാക്കള്‍ മഹല്ല് നേതൃത്വത്തോട് അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."