വിക്റ്ററിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും പുറത്തെടുക്കാനായില്ല
കഠിനംകുളം: പെരുമാതുറ മുതലപ്പൊഴിയില്‍ മത്സ്യ ബന്ധനത്തിനിടെ വള്ളത്തില്‍ നിന്നും കടലിലകപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും രണ്ടാം നാളും പുറത്തെടുക്കാനായില്ല. ശനിയാഴ്ച മത്സ്യ ബന്ധനത്തിനു പോയ തൊഴിലാളികളാണ് താഴംപള്ളിയില്‍ പുലിമുട്ടുകള്‍ക്കിടയില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സമയം മുതല്‍ കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും എല്ലാ ശ്രമവും പാഴായിപ്പോകുകയായിരുന്നു.
ശനിയാഴ്ച ആറ്റിങ്ങലില്‍ നിന്നും ഫയര്‍ഫോഴ്‌സ്, പൊലിസ് ഉള്‍പ്പെടെയുള്ളവരെത്തി നാട്ടുകാരുമായി ചേര്‍ന്ന് മൃതദേഹമെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും പുലിമുട്ടു ഉയര്‍ത്തി പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തിര ശക്തമായതിനെ തുടര്‍ന്ന് രാത്രി ശ്രമം ഉപേക്ഷിച്ചു. ഞായറാഴ്ച രാവിലെ ആര്‍.ഡി.ഒയുടെയും ആറ്റിങ്ങല്‍ എ.സി.പി ആദര്‍ശ് എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും വീണ്ടും ശ്രമം ആരംഭിച്ചു. ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന ക്രൈനില്‍ ഇരുമ്പു വടം ഉപയോഗിച്ച് പുലിമുട്ട് മാറ്റാന്‍ മണിക്കൂറുകളോളംശ്രമിച്ചെങ്കിലൂം ഇരുമ്പു വടം പൊട്ടിയതിനാല്‍ ശ്രമം വിഫലമായി.
ഇതിനിടയില്‍ മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി സ്ഥലത്തെത്തി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞത്തു നിന്നും ക്രൈന്‍ കൊണ്ടുവന്നു കല്ലുമാറ്റാന്‍ ശ്രമിച്ചെങ്കിലും ശ്രമം വീണ്ടും പരാജയപ്പെടുകയായിരുന്നു. രാത്രി വൈകിയും കട്ടര്‍ ഉപയോഗിച്ച് കല്ല് പൊട്ടിച്ചു മാറ്റി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അദാനി ഗ്രൂപ്പിന്റെ കൂറ്റന്‍ ക്രൈന്‍ സ്ഥലത്തെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കഠിനംകുളം ശാന്തിപുരം സ്വദേശിയും പുതുക്കുറുച്ചി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം കണ്ണേറ്റ് വിളാകം പ്രിന്‍സ് കോട്ടജില്‍ ജോസഫിന്റെ മകന്‍ വിക്റ്ററാണ് (41) കഴിഞ്ഞ ആറു ദിവസങ്ങള്‍ക്ക് മുന്‍പ് കനത്ത കാറ്റില്‍ വള്ളത്തില്‍ നിന്നും കടലില്‍ വീണത്.
മുതലപ്പൊഴിയില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ സുഹൃത്തായ ശാന്തിപുരം സ്വദേശി ജോഷ്വാ(39)യുമൊത്താണ് എന്‍ഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയത്. ഹാര്‍ബര്‍ കവാടത്തില്‍ ശക്തമായ കാറ്റിലും തിരയിലുപ്പെട്ട വള്ളം മറിഞ്ഞ് വിക്ടറും ജോഷ്വായും കടലിലേക്ക് തെറിച്ച് പോവുകയായിരുന്നു. ജോഷ്വാ ഏറെ കഷ്ടപ്പെട്ട് വള്ളത്തില്‍ കയറിപ്പറ്റിയെങ്കിലും വിക്ടര്‍ അപ്രത്യക്ഷമാവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."