എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛന് കുറ്റക്കാരനെന്ന് കോടതി
കാസര്‍കോട്: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. കുമ്പള കുബണൂര്‍ പച്ചമ്പള്ള പഞ്ചത്തൊട്ടിയിലെ അബ്ദുല്‍ കരീമിനെ (34)യാണ് കാസര്‍കോട് അഡിഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി പി.എസ് ശശികുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഈ വര്‍ഷം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ നാലു മുതല്‍ 7.30വരെയും അതിനു മുന്‍പ് പലദിവസങ്ങളിലും കരീം കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.
സംഭവം നടന്ന് എട്ടു മാസത്തിനുള്ളില്‍ തന്നെ വിചാരണ പൂര്‍ത്തിയായ പ്രത്യേകതയും ഈ കേസിനുണ്ട്. കേസില്‍ അറസ്റ്റിലായത് മുതല്‍ ഇയാള്‍ ജയിലിലാണ്. മഞ്ചേശ്വരം പൊലിസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട മംഗല്‍പ്പാടി പഞ്ചത്തൊട്ടിയിലെ ഒരു വാടക ക്വാര്‍ട്ടേഴ്സില്‍ വച്ചാണ് പ്രതി 13 കാരിയായ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി നേരിട്ട് പൊലിസിനോട് സംഭവം വിവരിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. കുമ്പള സി.ഐ പ്രേംസദന് കേസന്വേഷണം ഏറ്റെടുക്കുകയും തുടര്‍ന്നു പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മൂന്നു മാസത്തിനകം കുറ്റപത്രം നല്‍കിയതിനെ തുടര്‍ന്ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല.
പെണ്‍കുട്ടി ഇപ്പോള്‍ നിര്‍ഭയ കേന്ദ്രത്തിലാണ് കഴിയുന്നത്. പോക്സോ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രതിക്കെതിരേ ചുമത്തിയിരുന്നു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. പ്രതിക്കുള്ള ശിക്ഷ ഇന്ന് കോടതി വിധിക്കും. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."