കുഞ്ഞാലിക്കുട്ടിക്കു വീഴ്ച്ച പറ്റി, തുടര്‍ നടപടികള്‍ ആലോചിച്ചു തീരുമാനിക്കും: സ്വാദിഖലി തങ്ങള്‍
മലപ്പുറം: മുത്വലാഖ് വിഷയത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പിക്ക് വീഴ്ച്ച പറ്റിയതായും തുടര്‍ നടപടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും ദേശീയ ഉന്നതാധികാര സമതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തു നിന്ന് ജാഗ്രത കുറവുണ്ടായതായും ഇതു ഒഴിവാക്കാമായിരുന്നുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ഒരു സ്വാകാര്യ ചാനലുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. മുത്വലാഖ് സംബന്ധിച്ച പാര്‍ലിമന്റ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ പി.കെ കുഞ്ഞാലികുട്ടിയോട് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്മാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിശദീകരണം തേടിയിരുന്നു.
ഇതുസംബന്ധിച്ചായിരുന്നു സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
വോട്ടെടുപ്പിലെ അസാന്നിധ്യം ഒഴിവാക്കാമായിരുന്നു. ജാഗ്രതക്കുറവ് പാര്‍ട്ടി നേതൃത്വത്തിന് ബോധ്യപ്പെട്ട പശ്ചാതലത്തിലാണ് പാര്‍ട്ടി ദേശീയ നേതൃത്വം വിശദീകരണം തേടിയത്. തെറ്റുപറ്റിയെന്നാണോ പാര്‍ട്ടിയുടെ വിലയിരിത്തല്‍ എന്ന ചോദ്യത്തിന്, വീഴ്ചപറ്റിയെന്ന കാര്യം ഉറപ്പാണെന്നും ഇക്കാര്യത്തില്‍ എം.പിയുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായെന്നും തങ്ങള്‍ പറഞ്ഞു.
സംഭവത്തിന്റെ പശ്ചാതലത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കൂടുതല്‍ നടപടിയുണ്ടാവുമോ എന്ന ചോദ്യത്തിന്, വിശദീകരണം തേടിയ സ്ഥിതിക്ക് തുടര്‍കാര്യങ്ങള്‍ പാര്‍ട്ടി ആലോചിച്ച് ചെയ്യുമെന്നാണ് തങ്ങള്‍ പറഞ്ഞത്.
അതേസമയം പി.കെ കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് മുസ്ലിം ലീഗ് നേതൃത്വം വിശദീകരണം തേടിയെന്ന വാര്‍ത്ത വന്നതിനു മണിക്കൂറുകള്‍ക്കകം പാര്‍ട്ടി വിശദീകരണം ചോദിച്ചതിന് മറുപടി നല്‍കിയെന്ന് പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നിരുന്നു.
അതിനിടെ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ മലപ്പുറം വേങ്ങരയിലെ വീട്ടിലേക്ക് ഐ.എന്‍.എല്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കനത്ത പൊലിസ് സുരക്ഷയും വന്‍ മാധ്യമപ്പടയും സ്ഥലത്തെത്തിയെങ്കിലും ഐ.എന്‍.എല്ലിന്റെ സംസ്ഥാന നേതാക്കളടക്കം വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് സമരത്തിനെത്തിയത്. മുത്വലാഖ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാത്ത മലപ്പുറം എം.പി പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടന്നത്.
വിട്ടുനിന്നത് ചന്ദ്രികയുടെ യോഗത്തില്‍ പങ്കെടുക്കാന്‍
വിവാഹത്തില്‍ പങ്കെടുക്കാനുള്ളത് കൊണ്ടല്ല ലോക്സഭയിലെ വോട്ടൊടുപ്പില്‍ നിന്നും വിട്ടുനിന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കല്യാണം ഉണ്ടായിരുന്നു, എന്നാല്‍ അത് മാത്രമല്ല, ചന്ദ്രിക പത്രത്തിന്റെ ഗവേണിംഗ് ബോര്‍ഡി യോഗവും ഉണ്ടായിരുന്നു. പുറത്ത് നിന്നുള്ളവര്‍ എത്തുന്ന വളരെ പ്രധാനപ്പെട്ട യോഗമായിരുന്നു ഇതെന്നും പാര്‍ലമെന്റിലെ മുത്വലാഖ് ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നതിന് വിശദീകരണമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
മുത്വലാഖിനെ എന്നും എതിര്‍ത്തയാളാണ് താനെന്നും വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് പൊടുന്നനെയുള്ള തീരുമാനമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ടെടുപ്പ് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും സഭയില്‍ എത്തുമായിരുന്നു. കെ.ടി ജലീലിനെതിരെ പ്രക്ഷോഭം നടക്കുന്ന ഘട്ടത്തില്‍ തന്നെ വിമര്‍ശിക്കാനുള്ള പിടിവള്ളിയായാണ് സി.പി.എം ഇതിനെ കാണുന്നത്്. സി.പി.എമ്മിന്റെ നാല് പേര് ഈ ദിവസം ലോക്സഭയില്‍ ഉണ്ടായിരുന്നില്ല. എന്ത് കൊണ്ട് അത് പറയുന്നില്ല.
കേരളത്തില്‍ നിന്നുള്ള ഒരു സി.പി.എം എം.പിയും മുത്വലാഖ് ബില്‍ സംബന്ധിച്ച് ലോക്സഭയില്‍ സംസാരിച്ചിട്ടില്ല. ബംഗാളില്‍ നിന്നുള്ള അംഗമാണ് സംസാരിച്ചത്. മുത്വലാഖ് ചര്‍ച്ച, നിലപാട്, തന്ത്രം എന്നിവ സംബന്ധിച്ച് ഇ.ടി മുഹമ്മദ് ബഷീറുമായി കൂടി ആലോചിച്ചിരുന്നു. പാര്‍ട്ടി അച്ചടക്കത്തിന്റെ ഭാഗമായി ഹൈദരലി തങ്ങള്‍ക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജോലി തിരക്ക് കൂടുതലാണ്. ചുമതലകള്‍ നിര്‍വ്വഹിച്ച് തീര്‍ക്കാനാകുന്നില്ല. കേരളത്തില്‍ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഉണ്ട. അത് കൊണ്ടാണ് ഡല്‍ഹില്‍ പല പ്രധാന സന്ദര്‍ഭങ്ങളിലും എത്താനാകാത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."