സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ച് കൊലപ്പെടുത്തി
കൊട്ടാരക്കര(കൊല്ലം): എഴുകോണില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കൈതക്കോട് എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി പൊയ്കവിള വീട്ടില്‍ ദേവദത്താ (ബാബു-54) ണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
സംഭവത്തില്‍ എരുതനങ്ങാട് ചരുവിളതെക്കതില്‍ സുനില്‍കുമാറിനെതിരേ (മാറനാട് സുനി) എഴുകോണ്‍ പൊലിസ് കേസെടുത്തു.
ദേവദത്തന്റെ അയല്‍വാസി ബാബു എന്നയാളും പ്രതി സുനില്‍ കുമാറും തമ്മില്‍ വസ്തു സംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഇതില്‍ ദേവദത്തന്‍ സുനില്‍ കുമാറിനെതിരേ നിലപാടെടുക്കുകയും പൊലിസില്‍ ഉള്‍പ്പെടെ ഇടപെടുകയും ചെയ്തതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് പറയുന്നത്. പവിത്രേശ്വരം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ളിപ്പ് വിതരണത്തിന് ദേവദത്തന്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഉച്ചക്ക് 1.30 ഓടെ എരുതനങ്ങാട് പടിഞ്ഞാറ് വള്ളക്കടവ് ഭാഗത്തെത്തിയപ്പോഴാണ് വടിയുമായി എത്തിയ സുനില്‍കുമാര്‍ തലക്ക് അടിച്ചത്. തുടര്‍ന്ന് കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ദേവദത്തനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
അടിപിടി കേസുകളില്‍ പ്രതിയായ സുനില്‍കുമാറിനെതിരേ തിരുവല്ല, റാന്നി എക്‌സൈസ് റെയ്ഞ്ചുകളില്‍ നിരവധി അബ്കാരി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
അതിനിടെ സുനില്‍ കുമാറിനെ തേടിയിറങ്ങിയ പൊലിസ് ജീപ്പ് കടപുഴയില്‍ ചിറ്റുമല ചിറയിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന എസ്.ഐ ബാബുക്കുറുപ്പ്, അഡിഷണല്‍ എസ്.ഐമാരായ ചന്ദ്രബാബു, മനോജ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ അശോകന്‍, ജോണ്‍മാത്യു, ഡ്രൈവര്‍ ചന്ദ്രകുമാര്‍ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമാരിയാണ് ദേവദത്തന്റെ ഭാര്യ. മക്കള്‍: അതുല്യ, അച്ചുദേവ്. മരുമകന്‍: ബെന്‍സി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."